'വയനാടിന് ഇനി മുതൽ രണ്ട് ജനപ്രതിനിധികൾ, വയനാടിനെ കുടുംബത്തെ പോലെ പ്രിയങ്ക സംരക്ഷിക്കും'; രാഹുൽ ഗാന്ധി
വയനാടിന് ഇനി മുതൽ രണ്ട് ജനപ്രതിനിധികൾ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി. ഒരാൾ ഔദ്യോഗികമായും മറ്റേയാൾ അനൗദ്യോഗികമായും പ്രവർത്തിക്കും. വയനാടിനെ സ്വന്തം കുടുംബമായാണ് പ്രിയങ്ക കണക്കാക്കുന്നത്. സ്വന്തം കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാകുന്നവളാണ് പ്രിയങ്ക. വയനാട്ടിലെ ജനങ്ങൾക്കായി തന്റെ ഊർജം മുഴുവനെടുത്ത് അവർ പ്രവർത്തിക്കുമെന്നും രാഹുൽ പറഞ്ഞു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്ക് ശേഷം നടന്ന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വയനാട് എനിക്ക് ചെയ്തത് വാക്കുകളാൽ പ്രകടിപ്പിക്കാൻ സാധിക്കില്ല. നമ്മുടെ വികാരം അത്രമാത്രം ആഴത്തിലാണെങ്കിൽ അത് പ്രകടിപ്പിക്കാൻ സാധിക്കില്ല, എന്നാൽ പ്രവൃത്തിയിലൂടെ അത് കാണിച്ച് കൊടുക്കാൻ സാധിക്കും. ഇന്ത്യയിലെ രണ്ട് ജനപ്രിതിനിധികൾ ഉള്ള മണ്ഡലമായിരിക്കും ഇനി വയനാട്, ഒന്ന് ഔദ്യോഗിക ജനപ്രതിനിധി, മറ്റൊന്ന് അനൗദ്യോഗിക നേതാവ്.ഞങ്ങൾ രണ്ട് പേരും വയനാട്ടിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി പ്രവർത്തിക്കും.

ഞങ്ങൾ വളരെ കുട്ടികളായിരുന്ന സമയത്ത് പ്രിയങ്കയ്ക്കൊരു സൗഹൃദ വലയം ഉണ്ടായിരുന്നു. അവർക്ക് വേണ്ടി സഹോദരി ചെയ്യുന്നത് കാണുമ്പോൾ ഞാൻ പറയുമായിരുന്നു ഇത്രയൊന്നും അവർക്ക് ചെയ്യേണ്ട കാര്യമില്ലെന്ന്. ചിലപ്പോൾ അവൾ ചെയ്ത് കൊടുക്കുന്നതിന് സുഹൃത്തുക്കൾ നന്ദി അറിയിക്കുക പോലുമില്ല. എന്നിട്ടും എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ചോദിച്ചാൽ എനിക്ക് ചെയ്യാൻ തോന്നിയത് കൊണ്ടാണെന്ന് പ്രിയങ്ക മറുപടി നൽകും.
സുഹൃത്തുക്കൾക്ക് വേണ്ടി ത്യാഗം സഹിക്കാൻ തയ്യാറാകുന്ന പ്രിയങ്ക അപ്പോൾ കുടുംബത്തിന് വേണ്ടി എത്രമാത്രം ചെയ്യുമെന്ന് ആലോചിക്കാവുന്നതേ ഉള്ളൂ. എന്റെ അച്ഛൻ മരിച്ചപ്പോൾ എന്റെ അമ്മയെ നോക്കിയതും സംരക്ഷിച്ചതും പ്രിയങ്കിയായിരുന്നു. അവൾക്ക് 17 വയസ് മാത്രമായിരുന്നു അപ്പോൾ പ്രായം. എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്, സ്വന്തം കുടുംബത്തിന് വേണ്ടി എന്ത് ത്യാഗം വേണമെങ്കിലും ചെയ്യാൻ അവർ തയ്യാറിയിരിക്കുമെന്ന്. വയനാട് പ്രിയങ്കയ്ക്ക് അവളുടെ കുടൂംബമാണ്.
എന്‍റെ കൈയിൽ കിടക്കുന്ന രാഖി സഹോദരി കെട്ടിയതാണ്.ഇത് പൊട്ടിപ്പോകുന്നത് വരെ ഞാൻ ഇത് അഴിച്ച് മാറ്റില്ല. രാഖി എന്നത് ഒരു സഹോദരൻ സഹോദരിയെ സംരക്ഷിക്കും എന്ന് ഉറപ്പ് നൽകുന്നുവെന്നതിന്റെ പ്രതീകമാണ്. അതുകൊണ്ട് തന്നെ വയനാട്ടിലെ പ്രീയപ്പെട്ടവരോട് ഞാൻ അപേക്ഷിക്കുകയാണ്, എന്റെ അനുജത്തിയെ സംരക്ഷിക്കണം എന്ന്. പ്രിയങ്ക അവരുടെ ഊർജം വയനാടിന് വേണ്ടി ചെലവഴിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതുപോലെ തന്നെ ഞാൻ നിങ്ങളുടെ അനൗദ്യോഗിക ജനപ്രതിനിധിയാണെന്ന് മറക്കരുത്. ഞാനും ഇവിടെ വരികയും നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യും', രാഹുൽ പറഞ്ഞു.












Click it and Unblock the Notifications