പ്രിയങ്കയുടെ പ്രചരണം പൊടിപൊടിക്കും; സോണിയ ഗാന്ധിയും വയനാട്ടിലേക്ക്, റോഡ് ഷോയിൽ പങ്കെടുക്കും
വയനാട്; മകളും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാൻ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വയനാട്ടിലേക്ക്. 23 ന് രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കും ഒപ്പമാണ് അവരെത്തുന്നത്. പ്രിയങ്കയ്ക്കൊപ്പം നാമനിർദേശ പത്രിക സമർപ്പണത്തിൽ സോണിയ സംബന്ധിക്കും. തുടർന്ന് കൽപ്പറ്റയിൽ വെച്ച് നടക്കുന്ന റോഡ് ഷോയിലും സോണിയ ഭാഗമാകും.
10 വർഷങ്ങൾക്ക് ശേഷമാണ് സോണിയ കേരളത്തിലേക്ക് വരുന്നത്. പ്രിയങ്കയുടെ പ്രചരണത്തിൽ പങ്കെടുക്കാൻ സോണിയയും വരണമെന്ന അഭ്യർത്ഥന കെ പി സി സി മുൻപോട്ട് വെച്ചിരുന്നു. എന്നാൽ ആരോഗ്യ കാരണങ്ങളാൽ അവർ എത്തിയേക്കില്ലെന്നായിരുന്നു വാർത്തകൾ. എന്നാൽ മകളുടെ കന്നിപ്പോരാട്ടത്തിൽ പങ്കെടുക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.പ്രിയങ്കയും രാഹുലും സോണിയും ഒരുമിച്ച് എത്തുന്ന ആവേശത്തിലാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർ. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം 10 ദിവസത്തോളം പ്രിയങ്ക വയനാട്ടിൽ തുടരും എന്നാണ് വിവരം.

വയനാട്ടിലെ എംപിയായിരുന്ന രാഹുൽ ഗാന്ധി രാജിവെച്ച പശ്ചാത്തലത്തിലാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാജിക്ക് പിന്നാലെ തന്നെ മണ്ഡലത്തിൽ തന്റെ പകരക്കാരിയായി സഹോദരിയായ പ്രിയങ്ക എത്തുമെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. അന്ന് മുതൽ ആവേശത്തിലാണ് കോൺഗ്രസ് ക്യാമ്പ്. ഇതിനോടകം തന്നെ കോൺഗ്രസ് മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ പി സി സി അധ്യക്ഷൻ കെ സുധാകരനും യു ഡി എഫ് കൺവൻഷനുകളിൽ സജീവമാകുന്നുണ്ട്.
പ്രിയങ്കയുടെ കന്നിപ്പോരാട്ടത്തിൽ വയനാട്ടിൽ തകർപ്പൻ വിജയമാണ് കോൺഗ്രസ് സ്വപ്നം കാണുന്നത്. രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ പ്രിയങ്കയ്ക്ക് ലഭിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. 2019 ൽ ആദ്യ മത്സരത്തിനെത്തിയപ്പോൾ 706,367 വോട്ടുകളായിരുന്നു രാഹുൽ നേടിയിരുന്നത്. 2024 ൽ 647,445 വോട്ടുകളും ലഭിച്ചു. പ്രിയങ്കയുടെ വിജയവും കൂറ്റൻ ലീഡോടെ ആയിരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നത്..
അതേസമയം വയനാട്ടിൽ എൽ ഡി എഫിന് വേണ്ടി സത്യൻ മൊകേരിയാണ് കളത്തിൽ. എൻ ഡി എ സ്ഥാനാർത്ഥിയായി നവ്യ ഹരിദാസും മത്സരിക്കും. യു ഡി എഫിന്റെ കുത്തക മണ്ഡലമാണ് വയനാട്. വിജയപ്രതീക്ഷയൊന്നും ഇരുമുന്നണികൾക്കും ഇല്ല. എന്നാൽ ശക്തമായ മത്സരം കാഴ്ചവെച്ച് വോട്ടുയർത്താനാണ് സി പി ഐയും ബി ജെ പിയും ശ്രമിക്കുന്നത്.












Click it and Unblock the Notifications