രാഹുലിന് പൂർത്തീകരിക്കാനായില്ല, പ്രിയങ്കയെക്കൊണ്ടെങ്കിലും സാധിക്കുമോ വയനാട്ടുകാരുടെ ഈ സ്വപ്നങ്ങള്‍
കല്‍പ്പറ്റ മണ്ഡലം രൂപീകൃതമായതിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലേക്ക് വയനാട് കടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എന്നും യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക സ്ഥാനാർത്ഥിയായി എത്തുമ്പോള്‍ അവരുടെ വിജയത്തിന്റെ കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും സംശയമില്ല. ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമോയെന്നതാണ് മണ്ഡലത്തില്‍ നിന്നും ഉയരുന്ന പ്രധാന ചോദ്യം.
2019 ല്‍ രാഹുല്‍ സ്ഥാനാർത്ഥിയായി എത്തിയതോടെ വയനാട് മണ്ഡലം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. രാഹുലിനെപ്പോലെ ഒരു എംപിയെ ലഭിച്ചപ്പോള്‍ വയനാട്ടുകാരും ഏറെ പ്രതീക്ഷയിലായിരുന്നു. മെഡിക്കല്‍ കോളേജ്, രാത്രിയാത്രാ നിരോധനം, മനുഷ്യ-വന്യ ജീവി സംഘർഷം തുടങ്ങി തങ്ങള്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്ന് അവർ സ്വപ്നം കണ്ടു. രാഹുല്‍ ഗാന്ധി ചിലശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

രാഹുലിന്റെ വരവും പ്രതീക്ഷകളും
2019 ല്‍ രാഹുല്‍ വീണ്ടും മത്സരിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറഞ്ഞതില്‍ വാഗ്ധാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതും ഒരു കാരണമായി വിലയിരുത്തുന്നു. ചൂരല്‍മല-മുണ്ടക്കൈ ദുരന്തമുണ്ടായപ്പോഴാകട്ടെ രാഹുല്‍ ഗാന്ധി എംപി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി നടത്തുന്ന പ്രധാന പ്രചരണ വിഷയങ്ങള്‍ 2019 ല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങള്‍ തന്നെയാണ് എന്നതാണ് ശ്രദ്ധേയം.
പ്രതിപക്ഷത്തുള്ള എംപി, എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത, കേരള സർക്കാറിന്റെ നിസ്സഹകരണം തുടങ്ങിയ നിരവധി ഘടകങ്ങള്‍ വാഗ്ദാനങ്ങള്‍ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് തടസ്സമായെന്നാണ് കോണ്‍ഗ്രസുകാർ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും കഴിവിന്റെ പരമവാധി അദ്ദേഹം വയനാട്ടുകാർക്ക് വേണ്ടി പ്രവർത്തിച്ചുവെന്നതില്‍ അവർക്ക് സംശയമില്ല.
മെഡിക്കല്‍ കോളേജ്
ഏത് തിരഞ്ഞെടുപ്പ് ആയാലും ഏത് പാർട്ടി ആയാലും വയനാട്ടുകാർക്ക് നല്‍കുന്ന വാഗ്ദാനമാണ് മെഡിക്കല്‍ കോളേജ് എന്നുള്ളത്. എന്നാല്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു മെഡിക്കല്‍ കോളേജ് വയനാട്ടുകാർക്ക് ഇന്നും അന്യമാണ്. മാനന്തവാടിയിലെ ജില്ലാ ആശുപത്രിക്ക് മുന്നിലെ 'ജില്ലാ ആശുപത്രി' എന്ന ബോർഡ് മാറ്റി 'മെഡിക്കല്‍ കോളേജ്' എന്നാക്കി മാറ്റിയതല്ലാതെ യാതൊരു പുരോഗതിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.
രാത്രിയാത്ര നിരോധനം
ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തണമെങ്കില്‍ വയനാട് ചുരം ഇറങ്ങണം. ചുരത്തിലെ ഗതാഗതകുരുക്കില്‍പ്പെട്ട് കിടക്കുന്ന ആംബുലന്‍സില്‍ വെച്ച് അന്ത്യശാസം വലിച്ച വയനാട്ടുകാർ നിരവധിയാണ്. മൈസുരിലേക്ക് പോകാനാണ് ശ്രമമെങ്കില്‍ രാത്രികാല യാത്രാ നിരോധനമാണ് പ്രധാന വെല്ലുവിളി. കർണാടകയില്‍ അധികാരത്തിലിരിക്കുന്നത് കോണ്‍ഗ്രസായിട്ടും രാത്രികാല നിരോധനം നീക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തത് അദ്ദേഹത്തിന്റെ പിടിപ്പുകേടായി എല്‍ ഡി എഫും എന്‍ ഡി എയും ചൂണ്ടിക്കാണിക്കുന്നു.

ബദല്‍ പാതകള്‍
ചുരത്തിന് ബദല്‍ പാതയെന്ന പദ്ധതി സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ അപ്രതീക്ഷിത വെല്ലുവിളിയായി. പദ്ധതി ഉപേക്ഷിക്കില്ലെന്ന് സർക്കാർ ഉറപ്പ് നല്‍കുന്നതാണ് പ്രതീക്ഷ. അതേസമയം തന്നെ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത, വിലങ്ങാട് പാത എന്നിവയ്ക്കായുള്ള മുറവിളി പതിറ്റാണ്ടുകളായി തുടരുകയാണ്.
വന്യജീവി ആക്രമണം
വന്യജീവി ആക്രമണങ്ങള്‍ക്കും ശ്വാശതമായ പരിഹാരം ഇതുവരെ വയനാട്ടുകാർക്ക് ലഭിച്ചിട്ടില്ല. അത് എന്നുണ്ടാകുമെന്ന് പോലും ആർക്കും ഉറപ്പ് നല്‍കാനും സാധിക്കുന്നില്ല. ഏക്കർ കണക്കിന് കൃഷികളാണ് ആനയും മറ്റും നശിപ്പിക്കുന്നത്. ആനയുടേയും കടുവയുടേയും ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം അടുത്ത കാലത്ത് ഉയർന്നു. ഇതിനിടയില്‍ തന്നെയാണ് ബഫർ സോണ്‍ എന്ന ആശങ്കയും. മനുഷ്യ ജീവനേക്കാള്‍ മൃഗങ്ങള്‍ക്കാണ് സർക്കാർ പ്രധാന്യം നല്‍കുന്നതെന്ന് ഓരോ വയനാട്ടുകാരനും പറയുന്നു.
ഉരുള്‍പൊട്ടല്‍ ദുരന്തം
ലോകം തന്നെ ഞെട്ടിപ്പോയ ദുരന്തമായിരുന്നു ചൂരല്‍മലയിലും മുണ്ടക്കൈയിലും നടന്നത്. നാല്‍പ്പതിലേറെപ്പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇത്രയും വലിയൊരു ദുരന്തം നടന്നിട്ടും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഇപ്പോഴും പൂർണ്ണമല്ല. ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യസാധനങ്ങള്‍ നല്‍കിയെന്ന പരാതി ഉയരുന്നത് അടുത്തിടെയാണ്. പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ച് പോയെങ്കിലും വയനാടിനായി ഇതുവരെ പ്രത്യേക നഷ്ടപരിഹാരം കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയങ്ങളില്‍ പരിഹാരം കാണുക എന്നതായിരിക്കും അവർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി












Click it and Unblock the Notifications