'രാത്രിയാത്ര നിരോധനത്തിന് പരിഹാരം കാണാൻ കർണാടക സർക്കാർ കഴിയുന്നതെല്ലാം ചെയ്യും': ഡികെ ശിവകുമാർ
കല്പറ്റ: രാത്രിയാത്ര നിരോധനത്തിന് പരിഹാരം കാണാൻ കർണാടക സർക്കാർ കഴിയുന്നതെല്ലാം ചെയ്യുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. പടിഞ്ഞാറത്തറ ടൗണിൽ നടന്ന യു ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവകുമാർ. രണ്ട് ദിവസം മുൻപ് പ്രിയങ്ക ഗാന്ധി ഫോണിൽ വിളിച്ചിരുന്നുവെന്നും രാത്രിയാത്ര നിരോധനത്തെ സംബന്ധിച്ച് സംസാരിക്കാൻ കർണാടകയിൽ വരുമെന്ന് പറഞ്ഞിരുന്നതായും ശിവകുമാർ പറഞ്ഞു.
കർണാടകയിൽ വന്ന് നേരിൽ കണ്ട് സംസാരിക്കുന്നതിന് പ്രിയങ്ക ഗാന്ധിയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും രാത്രിയാത്ര നിരോധനം മൂലം യാത്രക്കാരും കർണാടകയിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളും ദുരിതം അനുഭവിക്കുന്നുണ്ടെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് പ്രിയങ്ക ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക എം പിയായി ശേഷം അവരുടെ സാന്ധിധ്യത്തിൽ കേരള - കർണാടക മുഖ്യമന്ത്രിമാർ ഇത് ചർച്ച ചെയ്യും. ആ ചർച്ചയിൽ നിങ്ങളെ നിരാശരാകാത്ത നല്ല ഫലം നമുക്ക് പ്രതീക്ഷിക്കാം എന്നും ശിവകുമാർ വ്യക്തമാക്കിയി..

പ്രിയങ്കയുടെ വിജയം വയനാടിന്റെ മാത്രമല്ല, രാജ്യത്തിന്റേത് കൂടിയാണെന്നും ആ വിജയം നൽകുന്ന വയനാടുകാർ ഏറെ ഭാഗ്യം ചെയ്തവരാണെന്നും ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും ഒപ്പം നിന്ന വയനാട്ടുകാരെ മറക്കാൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നില്ലെന്നും അതിനാലാണ് വയനാട്ടുകാർക്ക് രണ്ട് എം പിമാരുണ്ടെന്ന് രാഹുൽ പറഞ്ഞതെന്നും ശിവകുമാർ പറഞ്ഞു.
പാർലമെന്റിൽ നിന്നും രാഹുൽ ഗാന്ധിയെ പുറത്താക്കുന്നതിന് വേണ്ടി ഏറെ ശ്രമങ്ങൾ നടത്തിയപ്പോഴും രാഷ്ട്രീയത്തിനധീതമായി കേരളത്തിലെ മുഴുവൻ ജനങ്ങളും രാഹുലിനൊപ്പം നിന്നത് ഏറെ അഭിമാനത്തോടെയാണ് ഓർക്കുന്നത് . രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന മോദി സർക്കാരിനോട് ജനങ്ങൾ വിയോജിക്കുമ്പോൾ സമാനരീതിയിലുള്ള ഭരണമാണ് കേരളത്തിൽ എൽ ഡി എഫും സി പി എമ്മും നടത്തുന്നതെന്ന് ശിവ കുമാർ പറഞ്ഞു.
ഇതിനുള്ള മറുപടിയായിരിക്കും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. വാഗ്ദാനങ്ങൾ മാത്രം നൽകി ജനങ്ങളെ വഞ്ചിക്കുന്നവരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നത്. ഉരുൾ പൊട്ടലുണ്ടായതിന് ശേഷം കഷ്ടപ്പെടുന്നവരെ സഹായിക്കാനായി കേന്ദ്രവും കേരളവും പല പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. എന്നാൽ ഒന്നും നടപ്പാക്കിയില്ല. കോൺഗ്രസും മുസ്ലിം ലീഗും കർണാടകയും പ്രഖ്യാപിച്ച നൂറുവീതം വീടുകളുടെ നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചപ്പോഴും കേരളം നൽകാമെന്ന് പറഞ്ഞ വീടുനുള്ള സ്ഥലവും കണ്ടെത്താൻ പോലും കഴിയാത്തത് ഭരണത്തിന്റെ പിടിപ്പുകേടാണെന്നും ശിവകുമാർ പറഞ്ഞു.












Click it and Unblock the Notifications