തിരഞ്ഞെടുപ്പ് ചൂടില്ലാതെ വയനാട്, തണുപ്പന്‍ പ്രചരണം: ആവേശമുയർത്താന്‍ നേതാക്കളെത്തുന്നു
പാലക്കാട് തിരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുമ്പോള്‍ പ്രിയങ്ക ഗാന്ധി തന്നെ മത്സരിക്കാനെത്തിയിട്ടും വയനാട്ടില്‍ തണുപ്പന്‍ പ്രചരണം. ഫലം ഏറെക്കുറെ ഉറപ്പിച്ച മട്ടില്‍ മൂന്ന് മുന്നണികളും വയനാട്ടില്‍ നാടിളക്കിയുള്ള പ്രചരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പ്രതിക സമർപ്പണത്തിന് മുന്നോടിയായി സംഘടിപ്പിച്ച റോഡ് ഷോയിലേക്ക് വന്‍ തോതിലുള്ള ജനങ്ങളായിരുന്നു ഒഴുകിയെത്തിയത്. പത്രിക സമർപ്പണത്തിന് പിന്നാലെ ഡല്‍ഹിയിലേക്ക് മടങ്ങിയ പ്രിയങ്ക പിന്നീട് രണ്ട് ദിവസം കൂടി മണ്ഡലത്തിലെത്തി വീണ്ടും മടങ്ങി.
പ്രിയങ്ക ഗാന്ധി മണ്ഡലത്തിലില്ലാത്ത ദിവസങ്ങളില്‍ മറ്റ് നേതാക്കളുടെ പരിപാടിയും വീടുകയറിയുള്ള വോട്ടഭ്യർത്ഥനയുമൊക്കെ നടക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ക്യാമ്പ് അത്ര സജീവമല്ല. എല്‍ ഡി എഫ്, എന്‍ ഡി എ ക്യാമ്പുകളിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ഇരു സ്ഥാനാർത്ഥികളും മണ്ഡലത്തില്‍ സജീവമാണെങ്കിലും പ്രവർത്തകരിലേക്ക് തിരഞ്ഞെടുപ്പ് ചൂട് എത്തിയിട്ടില്ലെന്ന് വേണം വിലയിരുത്താന്‍.

സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ഫാമുകള്‍, തോട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നിലപില്‍ സത്യന്‍ മൊകേരി, നവ്യ ഹരിദാസ് എന്നിവരുടെ വോട്ട് അഭ്യർത്ഥന നടക്കുന്നത്. സി പി എം സമ്മേളനങ്ങള്‍ നടക്കുന്നതും എല്‍ ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ സമ്മേളനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചില്ലെന്ന് സ്ഥാനാർത്ഥി സത്യന്‍ മൊകേരി വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. സമ്മേളന വേദികളും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ വേദിയായി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, പിണറായി വിജയന്‍, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ അടക്കമുള്ള മുതിർന്ന നേതാക്കള്‍ വോട്ടുതേടിക്കൊണ്ട് മണ്ഡലത്തിലേക്ക് എത്തുന്നുണ്ട്. ഇതോടെ അവസാനലാപ്പില്‍ പ്രചരണ പ്രവർത്തനങ്ങള്‍ക്ക് ചൂടേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാളെ മണ്ഡലത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി നാല് ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകും. നാളെയും മറ്റന്നാളും മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയോജക മണ്ഡലങ്ങളില്‍ പ്രചരണം നടത്തുന്ന പ്രിയങ്ക ഗാന്ധി അഞ്ച്, ആറ്, ഏഴ് തിയതികളിൽ തിരുവമ്പാടി, വണ്ടൂർ, ഏറനാട്, നിലമ്പൂർ തുടങ്ങിയ ജില്ലയ്ക്ക് പുറത്തുള്ള മണ്ഡലങ്ങളിലേക്കുമെത്തും. പ്രിയങ്കയുടെ പരിപാടികളില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കളും പങ്കെടുക്കും.
സത്യന്‍ മൊകേരിയുടെ പ്രചരണത്തിനായി നവംബർ ആറാംതിയതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലേക്ക് എത്തുന്നത്. കല്‍പ്പറ്റയിലും മുക്കത്തും എടവണ്ണയിലുമാണ് മുഖ്യമന്ത്രിയുടെ പരിപാടി. മുഖ്യമന്ത്രിയുടെ പൊതുസമ്മേളനത്തോടൊപ്പം ഇടത് സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള വലിയ റാലിയും എല്‍ ഡി എഫ് നടത്തും.
ബി ജെ പി സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന് വോട്ടുതേടിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് മണ്ഡലത്തിലുണ്ട്. നാലിന് മുന്‍കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ഏഴിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവരും മണ്ഡലത്തിലേക്ക് എത്തുന്നുണ്ട്.












Click it and Unblock the Notifications