വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13 ന്; വോട്ടെണ്ണൽ 23 ന്
വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 13 നാണ് വോട്ടെടുപ്പ് നടക്കുക. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കൊപ്പം നവംബർ 23 നാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ്.
വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധി രാജിവെച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അമേഠിയിലും വയനാടിലും മത്സരിച്ച് വിജയച്ച രാഹുൽ തന്റെ മുൻ മണ്ഡലമായ അമേഠി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. രാഹുലിന് പകരക്കാരിയായി സഹോദരി പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുക. രാഹുലിനെ പോലെ തന്നെ കൂറ്റൻ ഭൂരിപക്ഷത്തിൽ പ്രീയങ്കയുടെ വിജയം ഉറപ്പാക്കാൻ തയ്യാറായി നിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ 647,445 വോട്ടുകൾക്കായിരുന്നു രാഹുലിന്റെ വിജയം.
യു ഡി എഫിന്റെ കുത്തക മണ്ഡലമായ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിൽ യാതൊരു അത്ഭുതവും സൃഷ്ടിക്കാനാകില്ലെങ്കിലും ദേശീയ തലത്തിൽ ചർച്ചയാകുന്ന തിരഞ്ഞെടുപ്പിൽ ആവേശത്തോടെ ഇറങ്ങാൻ തന്നെയാണ് എൽ ഡി എഫിലേയും എൻഡിഎയിലേയും ആലോചന. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുലിന് എതിരായി ആനി രാജെയെ ആയിരുന്നു സി പി ഐ ഇറക്കിയത്. ഇത്തവണ മുൻ പീരുമേട് എം എൽ എ ഇഎസ് ബിജിമോളുടെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. പാലക്കാട് സി കൃഷ്ണകുമാർ ഇറങ്ങിയാൽ ശോഭാ സുരേന്ദ്രനെ ആയിരിക്കും ബി ജെ പി വയനാട് മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കുക.

അതേസമയം പാലക്കാട് എം എൽ എ ആയിരുന്ന ഷാഫി പറമ്പിൽ വടകരയിൽ നിന്നും ലോക്സഭയിലേക്ക് വിജയിച്ചതിനാലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ യുവ നേതാവിനെ തന്നെ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് കോൺഗ്രസ് ആലോചിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തലിന്റെ പേരിനാണ് മണ്ഡലത്തിൽ മുൻതൂക്കം. ബി ജെ പി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന്റേയും ബി ജെ പി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിന്റേയും പേരുകളാണ് പരിഗണിക്കുന്നത്. സി പി എം ആകട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി ആരെന്നതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണ്. സ്വതന്ത്രരെ പരിഗണിക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.
മന്ത്രിയായ കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് ജയിച്ചതിനാലാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാധാകൃഷ്ണന് പകരക്കാരനായി മുൻ എം എൽ എ യു പ്രദീപിനെയാണ ്സി പി എം പരിഗണിക്കുന്നത്. മുൻ എംപി രമ്യ ഹരിദാസിന്റെ പേരാണ് കോൺഗ്രസിൽ ചർച്ചയാകുന്നത്.












Click it and Unblock the Notifications