വയനാട് ദുരന്തം: രക്ഷിതാക്കള്‍ നഷ്ടമായ കുട്ടികള്‍ 10 ലക്ഷം രൂപ: ടൗൺഷിപ്പ് ഭൂമിക്ക് നഷ്ടപരിഹാരവും നല്‍കും
വയനാട് ജില്ലയിലെ മുണ്ടക്കൈ ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതിന് വിശദവില വിവര റിപ്പോർട്ടിൽ പരാമർശിച്ച 26 കോടി രൂപ (265610769) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
അതോടൊപ്പം തന്നെ വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കാനും തീരുമാനിച്ചു. 18 വയസ്സുവരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്.

തുക ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷകർത്താവിന് ഓരോ മാസവും നൽകുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. വയനാട് ടൗൺഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിർവ്വഹണ യൂണിറ്റിൽ വിവിധ തസ്തികൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ട്സ് ഓഫീസർ, സിവിൽ എൻജിനീയർ എന്നീ തസ്തികകൾ സൃഷ്ടിക്കും. ഫിനാൻസ് & അക്കൗണ്ട്സ് ഓഫീസർ എന്ന തസ്തിക ഫിനാൻസ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്യും.
സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസർക്ക് അനുമതി നൽകും. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ തലവനായി വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തും.
അതേസമയം, തൃശ്ശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ ജനുവരി 12ന് ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം അനുവദിക്കും. രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിക്കുക. അലീന, ഐറിന്‍, ആൻഗ്രേസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ നിമയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപയും സഹായമായി നല്‍കി.
മറ്റ് പ്രധാന മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ ഇങ്ങനെ..
ഭൂഗർഭ റെയിൽപാത ഡിപിആറിന് അംഗീകാരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നതിന് കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് (DPR) ന് മന്ത്രിസഭായോഗം അനുമതി നൽകി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. 2028 ഡിസംബറിന് മുന്നെ റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം.
നാലാം വാർഷികം
മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശന- വിപണന മേളകളുമുണ്ടാകും.












Click it and Unblock the Notifications