Wayanad Hartal: വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍; വന്യജീവി ആക്രമണം രൂക്ഷമായതില്‍ പ്രതിഷേധം
കല്‍പറ്റ: വയനാട് ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു ഡി എഫ്. വന്യജീവി ആക്രമണം രൂക്ഷമായതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യു ഡി എഫ് നേതാക്കള്‍ അറിയിച്ചു.
എല്ലാ ദിവസവും ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവന്‍ നഷ്ടമാകുന്ന സ്ഥിതി വിശേഷമാണ് എന്നും എന്നിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ടാണ് ഹര്‍ത്താല്‍ നടത്തുന്നത് എന്നും യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു. രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് കാട്ടാന ആക്രമണത്തില്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി കാട്ടാന ആക്രമണത്തില്‍ രണ്ട് ആദിവാസി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫിന്റെ ഹര്‍ത്താല്‍. അതേസമയം ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഫാര്‍മേഴ്സ് റിലീഫ് ഫോറവും ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. ഈ വര്‍ഷം മാത്രം വന്യജീവി ആക്രമണത്തില്‍ നാല് പേര്‍ക്കാണ് വയനാട്ടില്‍ ജീവന്‍ നഷ്ടമായത്. ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവായ ബാലന്‍ ഇന്ന് രാവിലെയാണ് കാട്ടാനെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്നലെ നീലഗിരി ജില്ലയിലെ മെഴുകന്‍മൂല ഉന്നതിയില്‍ താമസിക്കുന്ന മാനുവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു മാനുവിനെ കാട്ടാന ആക്രമിച്ചത്. ആനയുടെ കൊമ്പ് ശരീരത്തിലാഴ്ന്ന് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു മാനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ ചന്ദ്രികയുമൊത്ത് അങ്ങാടിയില്‍ നിന്ന് സാധനം വാങ്ങിയെത്തിയ ശേഷം കാപ്പാട്ടെ കുടുംബവീട്ടിലേക്ക് പോയതായിരുന്നു മാനു.
രാത്രി എട്ട് മണിയോടെ ഓട്ടോയില്‍ ഓണിവയലില്‍ വന്നിറങ്ങിയശേഷം കുടുംബ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടനയുടെ മുന്നില്‍പ്പെട്ടത്. കാണാതായതോടെ ഇന്നലെ രാവിലെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മാനുവിന്റെ കുടുംബ വീടിനടുത്തെ വയലിന് സമീപം മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
തിങ്കാഴ്ച ഇടുക്കിയില്‍ ഒരു സ്ത്രീയും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തെ മലയോര മേഖലയിലും വനങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലുമെല്ലാം വന്യജീവി ആക്രമണം രൂക്ഷമാണ്. കാട്ടാനയെ കൂടാതെ കടുവ, കരടി, പുലി, കാട്ടുപന്നി എന്നിവയെല്ലാം ജനവാസ മേഖലയില്‍ ഇറങ്ങുന്ന സാഹചര്യമാണ്.












Click it and Unblock the Notifications