വയനാട്ടില്‍ ഇന്ന് തൃണമൂല്‍ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കല്‍പ്പറ്റ: തുടര്‍ച്ചയായ വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകട്ടീട്ട് ആറ് മണി വരെ നീളും. തൃണമൂല്‍ കോണ്‍ഗ്രസും ഫാര്‍മേഴ്‌സ് റിലീഫ് ഫോറവുമാണ് ജില്ലയില്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത്. അതേസമയം മറ്റ് രാഷ്ട്രീയപാര്‍ട്ടികളൊന്നും ഹര്‍ത്താലിനെ പിന്തുണച്ചിട്ടില്ല.
വ്യാപാരി വ്യവസായി ഏകോപന സമിതി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവരും ഹര്‍ത്താലുമായി സഹകരിക്കുന്നില്ല. ബസ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ട് ഹര്‍ത്താലില്‍ പങ്കെടുക്കില്ല എന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നു.

എന്നാല്‍ നികുതി അടക്കേണ്ട ഈ സമയത്ത് സര്‍വീസ് നിര്‍ത്തി വെച്ച് കൊണ്ടുള്ള സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് ജില്ലയിലെ കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ സെക്രട്ടറി ജോജിന്‍ ടി ജോയി പറഞ്ഞു.
വന്യജീവി ആക്രമണത്തിനെതിരെ വനം വകുപ്പും ജനപ്രതിനിധികളും ഇടപെടല്‍ നടത്തണം എന്നും ഹര്‍ത്താലുകള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് മണിക്കൂറില്‍ ഹര്‍ത്താല്‍ ആരംഭിച്ച് ജനജീവിതത്തെ ബാധിച്ചിട്ടില്ല. കടകമ്പോളങ്ങളെല്ലാം തുറന്നിട്ടുണ്ട്. സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സിയും അടക്കമുള്ള ഗതാഗത സംവിധാനങ്ങളും സജീവമാണ്.
വന്യജീവി ആക്രമണത്തില്‍ രോഷവും പ്രതിഷേധവും ഉണ്ടെങ്കിലും ജനജീവിതം സ്തംഭിച്ചിട്ടുള്ള സമരം വേണ്ട എന്നാണ് പൊതുവെയുള്ള നിലപാട്. ഇന്നലെയാണ് ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ അമ്പലമൂല, വെള്ളരി, നരിക്കൊല്ലി മെഴുകന്‍മൂല ഉന്നതിയിലെ മനു ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ഭാര്യ ചന്ദ്രികയുമൊത്ത് അങ്ങാടിയില്‍ നിന്ന് സാധനം വാങ്ങിയെത്തിയ ശേഷം മനു കാപ്പാട്ടെ കുടുംബവീട്ടിലേക്ക് പോയിരുന്നു. രാത്രി എട്ടോടെ ഓട്ടോയില്‍ ഓണിവയലില്‍ വന്നിറങ്ങിയശേഷം കുടുംബ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് മനുവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മനുവിന്റെ കുടുംബ വീടിനടുത്തെ വയലിന് സമീപം മൃതദേഹം കണ്ടെത്തിയത്.












Click it and Unblock the Notifications