മകളുടെ വീട്ടിലേക്ക് വിരുന്നെത്തിയ യൂസുഫും ഭാര്യയും: കൂടുംബത്തിന് നഷ്ടമായത് ഏഴുപേരെ
മേപ്പാടി സിഎച്ച്സിക്ക് മുന്നില്‍ യൂനുസ് കാത്തിരിക്കുന്നത് ഇത് മൂന്നാം ദിവസമാണ്. ഓരോ ആമ്പുലന്‍സുകള്‍ ചീറിപ്പാഞ്ഞ് വരുമ്പോഴും അത് തന്റെ ഉറ്റവരാണോയെന്ന് ഓടിച്ചെന്ന് നോക്കുന്നു. യൂനുസ് മാത്രമല്ല, അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ വേറെയുമുണ്ട് സിഎച്ച്സിക്ക് മുന്നില്‍. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ യൂനുസിന് നഷ്ടമായിരിക്കുന്നത് ബാപ്പയും ഉമ്മയും അടക്കം ഏഴുപേരെയാണ്.
യൂനുസിന്റെ ഉപ്പ എംഎസ് യൂസുഫ് വൈത്തിരി തളിപ്പുഴയിലെ ജനകീയനായ കോണ്‍ഗ്രസ് പ്രവർത്തകനായിരുന്നു. ചൂരല്‍മലയിലേക്ക് വിവാഹം കഴിപ്പിച്ച മകളുടെ വീട്ടിലേക്ക് വിരുന്ന് എത്തിയതായിരുന്നു യൂസുഫും ഭാര്യ ഫാത്തിമയും. റുക്സാന അഞ്ച് മാസം ഗർഭിണിയുമായിരുന്നു. മകളെ കണ്ട് സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകാന്‍ ഒരുങ്ങവേയാണ് മരണം സംഭവിക്കുന്നത്. റുക്സാനയുടെ വീട്ടിലേക്ക് വരുമ്പോള്‍ ഇളയ മകളുടെ മകള്‍ ജൂഹിയേയും യൂസഫ് കൂടെക്കൂട്ടിയിരുന്നു.

റുക്സാനയുടെ ഭർത്താവ് മുനീർ, ഇവരുടെ മക്കളായ അമല്‍ നിഷാന്‍, ഹിജാസ് റോഷന്‍, മുനീറിന്റെ പിതാവ് എന്നിവരും ദുരന്തത്തില്‍ അകപ്പെട്ടു. റുക്സാനയുടെ മൃതദേഹം ചൊവ്വാഴ്ചയോടെ കണ്ടെത്തി. ചാലിയാർപ്പുഴയില്‍ നിന്നുമാണ് മൂനീറിന്റെ മൃതദേഹം കണ്ടെത്തിയത്. ബാക്കിയുള്ളവരെക്കുറിച്ച് വിവരമൊന്നുമില്ല. ഇവരുടെ വീട് നിന്ന പ്രദേശമാകെ തുടച്ച് നീക്കപ്പെട്ടിരിക്കുകയാണ്.
തളിപ്പുഴ നിവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന യൂസുഫ് നാട്ടുകാരുടെ എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന വ്യക്തിയായിരുന്നുവെന്നാണ് സഹോദരന്‍ സുലൈമാന്‍ വണ്‍ഇന്ത്യമലയാളത്തോട് വ്യക്തമാക്കിയത്. കുടംബത്തിലെ എല്ലാകാര്യങ്ങള്‍ക്കും അവനായിരുന്നു മുന്നിലെന്നും അദ്ദേഹം നിറകണ്ണുകളോടെ പറയുന്നു. ഏറെകാലം മഹല്ല് കമ്മിറ്റി സെക്രട്ടറി കൂടിയായിരുന്നു യൂസുഫ്.
അതേസമയം, തുടർച്ചയായ എട്ട് മണിക്കൂർ കഠിന പ്രായത്നത്തിനൊടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത് ആറു ജീവനുകൾ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കൾ അടങ്ങിയ കുടുംബത്തെയാണ് നിശ്ചയദാർഢ്യത്തോടെ വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥർ രക്ഷിച്ചത്.
കാടിനുള്ളിൽ മൺതിട്ടയിൽ താമസിച്ചിരുന്ന ഈ കുടുംബം ഭക്ഷണം ഇല്ലാതായതോടെയാണ് കാട്ടിലേക്കിറങ്ങിയത്. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുമ്പോൾ ഫോറസ്റ്റ് ഓഫീസറുടെ മുമ്പിൽ അകപ്പെടുകയായിരുന്നു. ശാന്തയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു. അടുപ്പ് കൂട്ടി ചൂട് കായുന്ന കുടുംബാംഗങ്ങളെയും കൂട്ടി ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാടിനു വെളിയിലേക്ക് പുറപ്പെട്ടു.












Click it and Unblock the Notifications