ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണം, സര്‍ക്കാര്‍ വിമര്‍ശനത്തിനുള്ള സമയമല്ലിത്; സുധാകരനെ തള്ളി സതീശന്‍
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ അതിനുള്ള സമയമല്ല എന്നും വയനാട് ദുരന്തത്തെ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനായി രാജ്യസഭയിലും ലോക്സഭയിലും എം പിമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയമല്ല എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണം. ദുരിതാശ്വാസ നിധിയിലെ കണക്കുകള്‍ സുതാര്യമായിരിക്കണം എന്നു അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കെ പി സി സി നൂറ് വീട് വച്ച് നല്‍കുമെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ വിഎം സുധീരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല എന്നു എന്നാല്‍ ജനം അങ്ങനെ പണം സംഭാവന ചെയ്യുന്നതില്‍ മടിക്കുന്നുണ്ടെങ്കില്‍ ആ സംശയം ദുരീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു. പേടിക്കേണ്ട, ഇതൊരു വ്യത്യസ്ത അക്കൗണ്ടാണെന്ന് പറഞ്ഞാല്‍ അത് അവിടെ തീരുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത രമേശ് ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു.
ഇടതുപക്ഷത്തിന്റെ കൈയില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ല എന്നായിരുന്നു സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസിന് പണം സ്വരൂപിക്കാന്‍ ഫോറമുണ്ട്. സര്‍ക്കാരിന് പണം കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും വയനാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അങ്ങനെ പണം ഇടതുപക്ഷത്തിന്റെ കൈയ്യില്‍ കൊടുക്കേണ്ട കാര്യമൊന്നും ഇല്ല,' എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം തന്റെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. എംഎല്‍എയെന്ന നിലയിലുള്ള തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും എന്നും ഈ ദുരന്തത്തെയും നമ്മള്‍ അതിജീവിക്കും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെയാണ് സുധാകരന്‍ രംഗത്തെത്തിയത്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം ഒഴുകയാണ്. ഇതിനോടകം സാധാരണ ജനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നുമാണ് ഡിജിറ്റല്‍ പേയ്‌മെന്റിലൂടെ കോടികള്‍ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിട്ടുണ്ട്. ഇത് കൂടാതെ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, നവ്യ നായര്‍, നസ്രിയ, സൂര്യ, കാര്‍ത്തി, ജ്യോതിക, വിക്രം, കമല്‍ഹാസന്‍, രശ്മിക മന്ദാന, ആസിഫ് അലി, പേളി മാണി, റിമി ടോമി എന്നിവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications