ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍മലയില്‍ എത്തി മുഖ്യമന്ത്രി; പാലം നിര്‍മാണ പുരോഗതി വിലയിരുത്തി
കൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലെ ദുരന്തഭൂമിയിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരൽമലയിലെത്തിയത്. ചൂരൽമലയിലെത്തിയ മുഖ്യമന്ത്രി സൈന്യത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ബെയ്ലി പാലം സന്ദർശിച്ചു. പാലത്തിന്റെ നിർമാണ പുരോഗതി സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി.
വൈകുന്നേരത്തോടെ പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്നതിനാണ് ബെയ്ലി പാലം നിർമ്മിക്കുന്നത്. പാല നിർമാണം പൂർത്തിയായാൽ രക്ഷാപ്രവർത്തിന്റെ വേഗം കൂടും. മുണ്ടക്കൈയേയും ചൂരൽ മലയേയും ബന്ധിപ്പിക്കുന്ന പാലം ഉരുൾപൊട്ടലിൽ ഒലിച്ച് പോയിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ രാജൻ എന്നിവരും ഉണ്ടായിരുന്നു. പ്രദേശത്ത് മഴ പെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അവിടെയെത്തിയത്. സൈന്യം നിർമിച്ച താൽക്കാലികര നടപ്പാലം ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി മറുകരയിലേക്ക് പോയില്ല. ബെയ്ലി പാലത്തിന്റെ നിർമാണം വിലയിരുത്തിയ ശേഷം മുഖ്യമന്ത്രി മടങ്ങി. ക്യാമ്പിൽ കഴിയുന്ന ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദർശിക്കും.
അതേ സമയം വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവ കക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദുരന്ത ഭൂമിയിൽ ജീവനോടെ ആരും ഇല്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറിൽ തിരച്ചിൽ തുടരാൻ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാമ്പുകൾ കുറച്ച് നാൾകൂടി തുടരുമെന്നും നല്ല നിലയിൽ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷിക്കാൻ കഴിയുന്ന മുഴുവൻ പേരെയും രക്ഷിച്ചതായി പട്ടാള മേധാവി പറഞ്ഞു. എന്നാൽ കാണാതായ ഒട്ടേറെ പേരുണ്ട്. മരണപ്പെട്ടവരെ നമുക്ക് കണ്ടെത്താനായി. ഒരു വിഭാഗം ചിതറിയ ശരീരം കിട്ടി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. എന്നാണ് പ്രതീക്ഷുന്നത്. പ്രദേശത്തേക്ക് കടന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തിക്ക് ആവശ്യം ആയ മെഷീൻ ഉണ്ടായില്ല എന്നതായിരുന്നു പ്രശ്നം. ബെയ്ലി പാലം വന്നതോടെ അതിന് പരിഹാരമായി. ഇനി അതിലൂടെ മിഷനറികൾ കടത്താനാകും. അങ്ങനെ കെട്ടിടത്തിന് ഉള്ളിൽ ആരെങ്കിലും ഉണ്ടോ എന്ന് മനസ്സിലാക്കാൻ ആകും. അദ്ദേഹം പറഞ്ഞു. നിലവിൽ ആളുകളെ ക്യാമ്പിൽ താമസിപ്പിക്കും. എന്നാൽ സ്ഥിരവാസമല്ല, കൃത്യമായി പുനരധിവസിപ്പിക്കും, മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications