ദുരന്തങ്ങളെ പിരിവുത്സവമാക്കരുത്, കിട്ടിയതും ചെലവാക്കിയതും ഓഡിറ്റ് ചെയ്യണം: കെടി ജലീല്‍
കോഴിക്കോട്: ദുരന്തകാലത്തെ പണപ്പിരിവുകളില്‍ ജാഗ്രത വേണം എന്ന് കെടി ജലീല്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസിധിയാണ് ഏറ്റവും സുതാര്യവും സുരക്ഷിതവുമായി ദുരന്തബാധിതരെ സഹായിക്കാനുള്ള മാര്‍ഗമെന്നും സ്വകാര്യ സംഘടനകളുടെ പിരിവും വിനിയോഗവും ഓഡിറ്റിംഗിന് വിധേയമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വകാര്യ സംഘനകള്‍ പിരിച്ചതിനും ചെലവാക്കിയതിനും യാതൊരു കയ്യും കണക്കും ഉണ്ടാവില്ല. ഇത്തരം സംഘടനകളുടെ പിരിവും വിനിയോഗവും കോടതികളുടെ മേല്‍നോട്ടത്തിലായാല്‍ നന്നാകും. രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും ആരില്‍നിന്നൊക്കെയാണ് സംഭാവന കിട്ടിയതെന്നും അതില്‍ നിന്ന് ഏതൊക്കെ ഇനങ്ങളില്‍ എത്രയൊക്കെ സംഖ്യയാണ് ചെലവഴിച്ചത് എന്നും കോടതികളെയെങ്കിലും ബോധ്യപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
ദുരന്തകാലത്തെ പിരിവന്‍മാരുടെ കഴുകക്കണ്ണ്!
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ഓരോ രൂപയും ദുരിതമുഖത്തെ എല്ലാ മനുഷ്യര്‍ക്കും അവരര്‍ഹിക്കും പ്രകാരം ലഭിക്കും. അതെങ്ങിനെ ചെലവഴിച്ചു എന്നറിയാന്‍ ഒരു വിവരാവകാശ അപേക്ഷ പോലും വേണ്ട. അത്രക്ക് സുതാര്യമാണ്. എത്ര രൂപ ആരൊക്കെ സംഭാവന നല്‍കി എന്നതിന് കണക്കുണ്ടാകും. അതെങ്ങിനെ ഏതൊക്കെ ഇനത്തില്‍ ചെലവഴിച്ചു എന്നതിനും വ്യക്തതയുണ്ടാകും.
ഏതൊരാള്‍ക്കും സിഎംഡിആര്‍എഫിന്റെ വെബ്‌സൈറ്റില്‍ പോയി നോക്കിയാല്‍ സംശയലേശമന്യേ എല്ലാ കാര്യങ്ങളും മനസ്സിലാക്കാം. എന്നാല്‍ ഏതെങ്കിലും സര്‍ക്കാരേതര സംഘടനകളെയാണ് നിങ്ങള്‍ സംഭാവനകള്‍ ഏല്‍പ്പിക്കുന്നതെങ്കില്‍ അതിന്റെ കണക്ക് ആര് നല്‍കും? ശേഖരിച്ച പണം ഏത് ഇനത്തിലൊക്കെ ചെലവിട്ടു എന്ന് എങ്ങിനെ അറിയും? ഇത്തരം സംഘടനകളുടെ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ മതം, സമുദായം, ജാതി, രാഷ്ട്രീയം എന്നിവയെല്ലാം കടന്നുവരും, തീര്‍ച്ച.
ഓരോ സംഘടനകള്‍ക്കും ആരൊക്കെ എത്ര കൊടുത്തു എന്നോ അതില്‍ നിന്ന് അവര്‍ എത്രരൂപ ഏതൊക്കെ ഇനത്തില്‍ ചെലവാക്കിയെന്നോ ഒരു വിവരാവകാശ അപേക്ഷ കൊടുത്താലും എവിടെനിന്നും കിട്ടില്ല. ദുരന്തങ്ങള്‍ വരുമ്പോള്‍ പിരിവുമായി ഇറങ്ങുന്നവര്‍ ആരില്‍ നിന്നൊക്കെ എത്രരൂപ ലഭിച്ചു എന്ന് ലോകരോട് പറയാറില്ല. മൊത്തം പിരിഞ്ഞു കിട്ടിയത് എന്നു പറഞ്ഞ് ഒരു സംഖ്യ പറയും.
മൊത്തം ചെലവ് എന്നും പറഞ്ഞ് വേറൊരു സംഖ്യയും പറയും. അത് പൊതുജനങ്ങള്‍ വിശ്വസിക്കണം. ദുരിതബാധിതരെ ആശ്വസിപ്പിക്കാന്‍ പിരിവെടുത്ത് കിട്ടുന്ന സംഖ്യ കൊണ്ട് സ്ഥലം വാങ്ങാന്‍ ബന്ധപ്പെട്ട സംഘടയുടെ സ്ഥലക്കച്ചവടക്കാര്‍ മുന്നിട്ടിറങ്ങും. അതിലൊരു കമ്മീഷന്‍ അവര്‍ അടിച്ചെടുക്കും. പിന്നെ വീടുണ്ടാക്കാന്‍ കരാര്‍ നല്‍കുക, പ്രസ്തുത സംഘടനകളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കായിരിക്കും.
അവര്‍ക്കും ഒരു ലാഭം പോകും. ശേഷിക്കുന്ന സംഖ്യ കൊണ്ട് സംഘടനയുടെ പത്രത്തിന്റെ കടം വീട്ടും. സംഘടനാ ആവശ്യത്തിനെന്ന് പറഞ്ഞ് വിലപിടിപ്പുള്ള കാറുകള്‍ നേതാക്കള്‍ക്ക് യാത്ര ചെയ്യാന്‍ വാങ്ങും. മറ്റു ഭൗതിക സൗകര്യങ്ങള്‍ക്കും പണം ചെലവിടും. അതോടെ എല്ലാവരും ഹാപ്പിയാകും! സത്യം കുഴിച്ചുമൂടപ്പെടും. പലരും ദുരന്തങ്ങളെ പിരിവുല്‍സവങ്ങളാക്കി മാറ്റാന്‍ വെമ്പുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഇക്കൂട്ടരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നത്. അതിനാണ് ചില ചാനല്‍ അവതാരകള്‍ തൊണ്ടയിട്ട് കീറി ഇത്തരം പിരിവന്‍മാര്‍ക്ക് ചൂട്ടുപിടിച്ച് കൊടുക്കുന്നത്. വിവിധ പാര്‍ട്ടികളും സംഘടനകളും ദുരന്തകാലത്ത് പൊതുജനങ്ങളില്‍ നിന്ന് ലക്ഷങ്ങളും കോടികളുമാണ് പിരിക്കാറ്. സുനാമി ഫണ്ട്, ഗുജറാത്ത് ഫണ്ട്, ഓഖി ഫണ്ട്, മദിരാശിയിലെ വെള്ളപ്പൊക്ക ഫണ്ട്, കത്വ-ഉന്നാവോ ഫണ്ട്, പ്രളയ ഫണ്ടുകള്‍ എന്നിവ ഉദാഹരണം.
അവയുടെ ഗതി എന്തായി എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇതു മനസ്സിലാക്കിയാണ് രമേശ് ചെന്നിത്തലയും, വിഎം സുധീരനും, എംഎം ഹസ്സനും അടക്കമുള്ള പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ ഒരു സംഘടനയുടെ കയ്യിലും പണം കൊടുക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവരുടെ വിഹിതം നല്‍കിയത്. മണ്ണിടിച്ചിലില്‍ തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഉപജീവന മാര്‍ഗ്ഗങ്ങള്‍ എന്നിവയടക്കം ജനങ്ങള്‍ക്കുള്ള വീടുകള്‍ ഉള്‍പ്പടെ പൂര്‍വ്വസ്ഥിതിയില്‍ പുനര്‍നിര്‍മ്മിക്കണം. അതാണ് പുനരധിവാസം.
അല്ലാതെ ഏതാനും വീടുകള്‍ വെച്ചു കൊടുക്കലല്ല. കുറച്ച് വീടുകള്‍ നിര്‍മ്മിച്ച്, കൊട്ടുംകുരവയുമായി ഉല്‍ഘാടന മഹാമഹം നടത്തലാണ് പുനരധിവാസം എന്നാണ് പല പിരിവന്‍മാരുടെയും ധാരണ. മുഴുവന്‍ മനുഷ്യര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ക്കൊന്നും ഒരു സംഘടനയും ഒരു രൂപ പോലും ഇന്നോളം ചെലവഴിച്ചതായി അറിവില്ല. ഏതെങ്കിലും സംഘടനകള്‍ തകര്‍ന്ന സ്‌കുളുകള്‍ പുനര്‍നിര്‍മ്മിച്ച് കൊടുത്തിട്ടുണ്ടോ?
സര്‍ക്കാര്‍ ആശുപത്രികള്‍ പണിതു കൊടുത്തിട്ടുണ്ടോ? വൈദ്യുതി ലൈന്‍ വലിച്ചുകൊടുത്തത് അരുടെയെങ്കിലും ശ്രദ്ധയില്‍ ഉണ്ടോ? ഒലിച്ചുപോയ റോഡുകളും പാലങ്ങളും നന്നാക്കിക്കൊടുത്തതിന് വല്ല തെളിവുമുണ്ടോ? ഉത്തരം ലളിതമാണ്. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാകും ഇവയെല്ലാം നടക്കുക എന്നത് കൊണ്ട് അതിന്റെയെല്ലാം കണക്കുകള്‍ കൃത്യമായി ഉണ്ടാകും. ആര്‍ക്കും ഒരു രൂപ കമ്മീഷനോ ലാഭമോ കിട്ടില്ല.
ദുരന്തകാല പിരിവന്‍മാന്‍ പിരിച്ചതിനും ചെലവാക്കിയതിനും യാതൊരു കയ്യും കണക്കും ഉണ്ടാവില്ല. പിരിച്ച പണം ദുരിതം പേറുന്ന നാനാജാതി മതസ്ഥര്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെടുന്നവര്‍ക്കും പ്രയോജനപ്പെടാന്‍ നിങ്ങളുടെ സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ നല്‍കുക. നിങ്ങളുടെ സംഭാവനകള്‍ നിങ്ങളുടെ മതക്കാര്‍ക്കും ജാതിക്കാര്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ക്കും മാത്രമായി പരിമിതപ്പെടാനും ബോധപൂര്‍വ്വം ബാക്കിയാക്കുന്ന തുക ഓരോ സംഘടനകള്‍ക്കും അവരവരുടെ സംഘടനാ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്താനുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ സര്‍ക്കാരേതര സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ലോഭം നല്‍കിക്കോളൂ.
ദുരിതബാധിതരെ സഹായിക്കാനെന്ന പേരിലുള്ള ഫണ്ട് സ്വരൂപണ ശേഷം, പിരിക്കുന്ന സംഘടനകളും അതിന്റെ നേതാക്കളും തടിച്ച് കൊഴുക്കുന്നത് വെറുതെയല്ല. സ്ഥിരം ഇത്തരം പിരിവുകള്‍ക്ക് മുന്നിട്ടിറങ്ങുന്ന സംഘടനകളുടെ ധനശേഷി പിരിവിന് മുമ്പും ശേഷവും എത്രയെന്ന് പരിശോധിച്ചാല്‍ ഏതൊരു പിഞ്ചുകുട്ടിക്കും വസ്തുത ബോദ്ധ്യമാകും. കോടികള്‍ സ്വരൂപിക്കും. എന്നിട്ട് പത്തോ അന്‍പതോ വീട് വെച്ച് കൊടുക്കും.
സ്വന്തം പത്രത്തില്‍ പരസ്യം നല്‍കി ഉല്‍ഘാടന മാമാങ്കം നടത്തും. ആ പരസ്യത്തുകയും ദുരിതാശ്വാസ ഫണ്ടില്‍ നിന്നെടുക്കും. ഒന്നും വിട്ടുപോകാതെ ഫോട്ടേയും റീല്‍സുമുണ്ടാക്കി പ്രചരിപ്പിക്കും. പിരിച്ചതിന്റെ നാലിലൊന്ന് പോലും ആ വീടുകള്‍ക്ക് ചെലവായിട്ടുണ്ടാവില്ല. ആരെങ്കിലും കണക്ക് ചോദിച്ചാല്‍ അവരെ പടിയടച്ച് പിണ്ഡം വെക്കും! ദുരന്തകാലത്തെ പിരിവുകാര്‍ക്കെതിരെ ഒരു പൊതു താല്‍പര്യ ഹര്‍ജി നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ദുരന്തത്തെ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും ആരില്‍നിന്നൊക്കെയാണ് സംഭാവന കിട്ടിയതെന്നും അതില്‍ നിന്ന് ഏതൊക്കെ ഇനങ്ങളില്‍ എത്രയൊക്കെ സംഖ്യയാണ് ചെലവഴിച്ചത് എന്നും കോടതികളെയെങ്കിലും ബോദ്ധ്യപ്പെടുത്തണം. ദുരന്തങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യ സംഘടനകളുടെ പിരിവും വിനിയോഗവും കോടതികളുടെ മേല്‍നോട്ടത്തിലായാല്‍ നന്നാകും. പിരിച്ചെടുത്തതും ചെലവഴിച്ചതും പൊതു ഓഡിറ്റിംഗിന് വിധേയമാക്കണം. ദുരന്തങ്ങളെ പിരിവുത്സവമാക്കാന്‍ ഒരു സംഘടനയേയും അനുവദിക്കരുത്.












Click it and Unblock the Notifications