'ആരോരുമില്ലാതായ മക്കള്‍ ഉണ്ടെങ്കില്‍ എനിക്ക് തരുമോ മാഡം, ഞാൻ നോക്കാം'; അഭ്യർത്ഥനകളിൽ മന്ത്രിയുടെ മറുപടി
വയനാട് ദുരന്തത്തിൽ അനാഥരായിപ്പോയി കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേജിലും പലരും കമന്റിട്ടു. ഇപ്പോഴിതാ ഇത്തരം അഭ്യർത്ഥനകൾക്ക് മറുപടി നൽകുകയാണ് മന്ത്രി. ദത്തെടുക്കലിനെ കുറിച്ച് വ്യക്തത വരുത്തിക്കൊണ്ടാണ് മന്ത്രി മറുപടി നൽകിയത്.
'ആരോരുമില്ലാതായെന്ന് എന്ന് തോന്നുന്ന മക്കള്‍ ഉണ്ടെങ്കില്‍ എനിക്ക് തരുമോ മാഡം. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം...', 'മാഡം, എല്ലാവരും നഷ്ടപ്പെട്ട മക്കള്‍ ഉണ്ടേല്‍ ഒരാളെ ഞാന്‍ നോക്കാം. എനിക്ക് തന്നോളൂ. എന്റെ മക്കളുടെ കൂടെ ഞാന്‍ നോക്കിക്കോളാം', 'എനിക്ക് രണ്ടു മക്കളുണ്ട്... ഇനിയും രണ്ടുമക്കളെ ഞാന്‍ പൊന്നുപോലെ നോക്കിക്കോളാം', ഇങ്ങനെ പോകുന്നു കമന്റുകൾ.

ഇതിന് മന്ത്രി നൽകിയ മറുപടി ഇങ്ങനെ-'എൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന ഒരു കമൻ്റ് ശ്രദ്ധയിൽപ്പെട്ടു. വയനാട്ടിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കുന്നതിനിടെ ഇത് ശ്രദ്ധയിലേക്ക് വന്നിരുന്നില്ല. പ്രിയപ്പെട്ട സുധി, അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. വേദന പൂർണമായും മനസ്സിലാക്കുന്നു. അങ്ങയുടെ വാക്കുകൾ കണ്ണ് നനയിക്കുന്നതാണ് . അങ്ങേക്കും വൈഫിനും സ്നേഹാദരവുകൾ.
മാതാപിതാക്കൾ നഷ്ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം 2015 പ്രകാരമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഫോസ്റ്റർ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളിലൂടെയാണ് നടക്കുന്നത്. CARA (Central Adoption Resource Authority) യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുന്നത്. 6 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റർ കെയറിനും നൽകുന്നുണ്ട്. അതും കുട്ടിയുടെ ഉത്തമ താല്പര്യം മുൻനിർത്തിയാണ് ചെയ്യേണ്ടത്. CARAയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ സംരക്ഷണയിൽ നിലവിലുള്ള ഏതൊരു കുഞ്ഞിൻ്റെയും ദത്തെടുക്കൽ നടപടിക്രമങ്ങളിൽ സുധിയ്ക്കും പങ്കുചേരാൻ കഴിയും. സുധിയെ പോലെ പലരും ഇതേ ആവശ്യവുമായി വനിത ശിശുവികസന വകുപ്പിനെ സമീപിക്കുന്ന സാഹചര്യത്തിൽ അവർക്കായി കൂടിയാണ് ഇതിവിടെ എഴുതുന്നത്', മന്ത്രി വ്യക്തമാക്കി.
അതേസമയം വയനാട് ഉരുൾപൊട്ടലിൽ 29 കുട്ടികളാണ് മരിച്ചത്. 210 മരണങ്ങളാണ് ഇതുവരെ ഔദയോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 207 മൃതദേഹങ്ങളുടേയും പോസ്റ്റുമാർട്ടം പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു.












Click it and Unblock the Notifications