വയനാട് ഉരുൾപൊട്ടൽ: ബെയ്ലി പാലത്തിനുള്ള സാമഗ്രികൾ ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും
കൽപറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ബെയ്ലി പാലം നിർമാണത്തിനുള്ള സാമഗ്രികൾ ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
താത്ക്കാലിക പാലത്തിന്റെ നിർമാണം ഉച്ചയ്ക്ക് തുടങ്ങും. താത്ക്കാലിക പാലത്തിന്റെ ഭാഗങ്ങൾ കരമാർഗവും ഹെലികോപ്റ്ററിലും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 85 അടി നീളമുള്ള പാലമാണ് നിർമിക്കുക. ചെറിയ മണ്ണുമാന്തി ഉൾപ്പെടെ കൊണ്ടുപോകാൻ കഴിയും. മഴ മാറിനിൽക്കുന്നത് ആശ്വാസം നൽകുന്നുണ്ടെന്നും പുഴയിലെ ഒഴുക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

മുണ്ടക്കൈ പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അതേ സമയം ഇന്നലെ രാത്രിയിൽ മോശം കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച രക്ഷാദൗത്യം ഇന്ന് രാവിലെ പുനരാരംഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തിരച്ചിൽ നടത്താൻ കൂടുതൽ സൈന്യം രംഗത്തെത്തി. ചൂരൽമലയിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരച്ചിൽ നടത്തുന്നത്. അഗ്നിശമനസേനാംഗങ്ങളും തിരച്ചിൽ നടത്തും. ഇന്നലെ പുലർച്ചെയോടെയാണ് വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായത്.
നിരവധിപേരുടെ ജീവനാണ് ഉരുൾപൊട്ടൽ കവർന്നെടുത്തത്. മുണ്ടക്കൈ ഗ്രാമം ഒലിച്ചുപോയ സ്ഥിതിയാണ്. മണ്ണിനടിയിൽ കുടുങ്ങിയവരുണ്ടോ എന്ന് കണ്ടെത്തുക നിർണായകമാണ്. ചാലിയാർ പുഴയിലും വനത്തിലും ഇന്ന് തിരച്ചിൽ നടത്തും. പോസ്റ്റ്മോർട്ടം നടപടികൾ തുടരുകയാണ്.
തിരച്ചിലിന് സഹായിക്കാൻ മറ്റ് ജില്ലകളിൽ നിന്ന് പോലീസ് ഡ്രോണുകൾ ഇന്നെത്തിക്കും. മെറ്റൽ ഡിറ്റക്റ്ററുകളുമെത്തും. മൃതദേഹങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കാൻ പോലീസ് നായ്ക്കളെയും എത്തിക്കും. സൈന്യത്തിന്റെ നായ്ക്കളെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ബംഗളൂരുവിൽനിന്നു കരസേനാവിഭാഗവും ഇന്നെത്തും.
സൈന്യം, എൻ ഡി ആർ എഫ്, അഗ്നിരക്ഷാ സേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം പോലീസ് , വനം വകുപ്പ്, സന്നദ്ധസംഘടനകൾ, നാട്ടുകാർ എന്നിവരുമുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കും.
അതേ സമയം, വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനും കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെ കീഴിലെ ഏജൻസികളുമായുള്ള ഏകോപനം , ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ- സുരക്ഷാ മുൻകരുതലുകൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ എന്നിവ വിലയിരുത്തി.












Click it and Unblock the Notifications