Get Updates
Get notified of breaking news, exclusive insights, and must-see stories!

'3 വാര്‍ഡല്ലേ പോയൊള്ളൂ, നാട് മുഴുവന്‍ ഒലിച്ച് പോയിട്ടില്ല'; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരന്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസാരവത്കരിച്ച് ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. ഉരുള്‍പൊട്ടലില്‍ ഒരു നാട് മുഴുവനായി ഒലിച്ച് പോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമല്ലേ തകര്‍ന്നത് എന്നും അദ്ദേഹം ചോദിച്ചു. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും കേന്ദ്ര സര്‍ക്കാരിന്റെ അധിക സഹായത്തിന്റെ പേരില്‍ ഇന്ത്യാസഖ്യം വ്യാജപ്രചാരണം നടത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. വയനാടിന് ആവശ്യമായ കേന്ദ്ര സഹായം ലഭിക്കാത്തതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് മുരളീധരന്റെ പരാമര്‍ശം. ഒരു നാട് മുഴുവന്‍ ഒലിച്ച് പോയി എന്ന് പറയുന്നതിനോടാണ് തനിക്ക് വിയോജിപ്പ് എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പറഞ്ഞു.

Wayanad Landslide

മുണ്ടക്കെ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രത്തിന് ദുരന്താനന്തര വിലയിരുത്തല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു. റവന്യൂ മന്ത്രി ഇതിനെ കുറിച്ച് ഒന്നും പറയുന്നില്ല എന്നും മേപ്പാടിയിലെ ജനങ്ങള്‍ക്ക് പുഴുവരിച്ച അരി കൊടുത്ത കോണ്‍ഗ്രസിന് ഇത് ചോദിക്കാന്‍ ധൈര്യമുണ്ടാവില്ലെന്നും അദ്ദേഹം പരിഹസിച്ചു. സഹായം ലഭിച്ചെന്ന് പറയുന്ന സംസ്ഥാനങ്ങള്‍ക്ക് അവര്‍ സമര്‍പ്പിച്ച ദുരന്താനന്തര വിലയിരുത്തല്‍ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് തുക ലഭിക്കുന്നത്.

എന്നാല്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാന്‍ കേരളം തയാറാകുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരെ കേസിന് പോയി വീണ്ടും കോടികള്‍ പാഴാക്കുകയാണ് സര്‍ക്കാര്‍ എന്നും ദുരന്തബാധിതരായ മനുഷ്യരെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്ന സിപിഎം-കോണ്‍ഗ്രസ് ഗൂഢാലോചന ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 214 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്.

എന്നാല്‍ 788 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. അധിക ധനസഹായം നല്‍കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല എന്നും വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹായം നിഷേധിച്ചതിനെതിരെ വയനാട്ടില്‍ ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താലിനേയും അദ്ദേഹം തള്ളിക്കളഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹര്‍ത്താല്‍ നാടകമാണ് വയനാട്ടില്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വയനാടിനായി പ്രത്യേക സഹായം കേന്ദ്രം തന്നിട്ടില്ലെന്നും സംസ്ഥാനത്തിനാകെ അനുവദിച്ച തുകയെ കുറിച്ചാണ് ബിജെപി നേതാക്കള്‍ പറയുന്നത് എന്നുമാണ് സിപിഎം പറയുന്നത്.

കേന്ദ്ര സഹായം ലഭിക്കാത്തപക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് 1500 കോടി രൂപ കണ്ടെത്തേണ്ടി വരും. സംസ്ഥാന സര്‍ക്കാരാണ് ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായങ്ങളും പ്രഖ്യാപിച്ചത്. ഇതിനുപുറമേ പുനരധിവാസ പാക്കേജും പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 394 കോടി രൂപയുണ്ടെങ്കിലും ഇതിലും ചെലവാക്കുന്നതില്‍ പരിമിതികളുണ്ട്.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ മാനദണ്ഡങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്രത്തോട് സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനും അനുകൂല മറുപടി ലഭിച്ചിട്ടില്ല. അതേസമയം ദുരന്തത്തെ നിസാരവത്കരിച്ച മുരളീധരനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി നേതാവിന്റെ പ്രസ്താവന മര്യാദകേടാണെന്നും ദുരന്തബാധിതരെ അപമാനിക്കുന്ന പ്രസ്താവനയാണ് നടത്തിയിരിക്കുന്നത് എന്നും കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ് പറഞ്ഞു. മൂന്ന് വാര്‍ഡിലുള്ളവര്‍ മനുഷ്യരല്ലേ എന്നും അദ്ദേഹം ചോദിച്ചു.

'ബിജെപിയുടെ തനിനിറം ഒരിക്കല്‍ കൂടി മുരളീധരനിലൂടെ പുറത്തുവന്നു. ദുരന്തബാധിതരെ വഴിയിലിട്ട് അമ്മാനമാടാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ല. വി മുരളീധരന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. അടിയന്തര സഹായം നല്‍കാന്‍ എന്ത് റിപ്പോര്‍ട്ട് ആണ് ആവശ്യം എന്നതിന് വി മുരളീധരനും കേന്ദ്രസര്‍ക്കാരും മറുപടി പറയണം,' സിദ്ദീഖ് വ്യക്തമാക്കി.

അതേസമയം വി മുരളീധരനും സംസ്ഥാന ബിജെപി നേതൃത്വവും കേരള ജനതയോട് മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അര്‍ഹതപ്പെട്ട സഹായം നിഷേധിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മുരളീധരന്റെ പ്രസ്താവന എന്നും വയനാട്ടില്‍ ഓടിയെത്തി വാഗ്ദാനങ്ങള്‍ വാരി വിതറിയ മോദിയും മാപ്പുപറയണം എന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ജനങ്ങള്‍ക്ക് സഹായം നല്‍കേണ്ട ആവശ്യമില്ലെന്ന് കത്തെഴുതിയ കേന്ദ്രമന്ത്രിയുടെയും ബിജെപിയുടെയും മനസ്സിലിരിപ്പാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ നോക്കിക്കാണുന്ന ആശയക്കാര്‍ക്ക് നീചമായ ഇത്തരം നിലപാടെ സ്വീകരിക്കാനാകൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+