രണ്ട് ദിവസം, 130 മൃതദേഹങ്ങളുടെ ചിത്രങ്ങള്‍; അനുഭവം പങ്കുവെച്ച് പൊലീസ് ഫോട്ടോഗ്രാഫര്‍
വയനാട്: രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ രണ്ടാമത്തെ ആഴ്ചയാണിന്ന്. ഇന്നും ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയാണ്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരുടെ വേദനക്കിടയില്‍ ആ സമയത്തെ തന്റെ അനുഭവം പങ്ക് വെക്കുകയാണ് ദി ഹിന്ദുവിനോട് പൊലീസ് ഫോട്ടോഗ്രാഫര്‍ മിഥുന്‍ വിനോദ്.
ഉരുള്‍പൊട്ടലിനും കേവലം രണ്ടാഴ്ച മുമ്പ് മാത്രമാണ് അദ്ദേഹം സ്വന്തം നാടായ വയനാട്ടിലെത്തി ചുമതലയേല്‍ക്കുന്നത്. അധികം താമസിയാതെ മിഥുന്‍ വിനോദിന് ഒരു പെണ്‍കുഞ്ഞും പിറന്നു. എന്നാല്‍ ആ സന്തോഷമെല്ലാം തല്ലിക്കെടുത്തിക്കൊണ്ടാണ് മുണ്ടക്കൈയില്‍ ജൂലൈ 30 ന് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്നത്. ദുരന്തത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്ന തുടങ്ങിയ ആദ്യ മണിക്കൂറില്‍ ഇത്രയും വലിയ ദുരന്തമാകും എന്ന് മിഥുന്‍ കരുതിയിരുന്നില്ല.

മേപ്പാടി പഞ്ചായത്തിലെ ഒരു ആശുപത്രിയില്‍ മരിച്ചവരുടെ ഇന്‍ക്വസ്റ്റ് ഫോട്ടോകള്‍ എടുക്കുകയായിരുന്നു മിഥുന്‍. ആ സമയം മൂന്ന് മരണങ്ങള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത് മിഥുന്‍ പറയുന്നു. അവിടെ തന്റെ സേവനം അധികനേരം വേണ്ടി വരില്ല എന്ന് കരുതി പ്രഭാതഭക്ഷണം കഴിക്കാതെയാണ് മിഥുന്‍ എത്തിയത്. എന്നാല്‍ അന്നത്തെ തന്റെ ആദ്യഭക്ഷണം മിഥുന്‍ കഴിക്കുന്നത് ഏകദേശം 8 മണിക്ക് മാത്രമായിരുന്നു.
മേപ്പാടിയിലെ ആ ചെറിയ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കണ്ട കാഴ്ച തന്നേയും വിശപ്പിനേയും ഒരുപോലെ ഇല്ലാതാക്കുന്നതായിരുന്നു എന്നാണ് മിഥുന്‍ പറയുന്നത്. ചുറ്റും ആംബുലന്‍സുകള്‍ സൈറണുകള്‍ മുഴക്കി കുതിച്ചുകൊണ്ടിരുന്നു. വികൃതമായ ശരീരങ്ങളും ശരീരഭാഗങ്ങളും ചെളിയില്‍ കുതിര്‍ന്ന് മുന്നിലെത്തി. ഇത്രയും വലിയൊരു ദുരന്തം കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നു.
ബെഞ്ചുകളില്‍ വരിവരിയായി ശരീരങ്ങളും മറ്റും കിടത്തി. ''ഇത്രയും മൃതശരീരങ്ങള്‍ ഒരുമിച്ച് ഞാന്‍ കണ്ടിട്ടില്ല. ആവശ്യത്തിന് സ്ഥലവും മനുഷ്യശേഷിയും അവിടെ ഇല്ലായിരുന്നു. മൃതശരീരങ്ങള്‍ നീക്കാന്‍ സഹായിക്കാന്‍ എനിക്ക് പോലും കയ്യുറകള്‍ ധരിക്കേണ്ടി വന്നു,'' മിഥുന്‍ പറയുന്നു. മുന്നിലെത്തിയ മൃതശരീരങ്ങളില്‍ നിന്ന് ആഭരണങ്ങള്‍, ടാറ്റൂകള്‍, ശരീരത്തിന്റെ അടയാളങ്ങള്‍ എന്നിവയെല്ലാം മിഥുന്‍ ഒപ്പിയെടുത്തു.
തിരിച്ചറിയാന്‍ കഴിയാത്ത തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാന്‍ കുടുംബങ്ങളെ സഹായിക്കുന്ന ഒന്നും അദ്ദേഹം ഒഴിവാക്കിയില്ല. ആദ്യ രണ്ട് ദിവസങ്ങളില്‍ അദ്ദേഹം 130 ഓളം മൃതദേഹങ്ങള്‍ ചിത്രീകരിച്ചു. ഒരുപക്ഷേ കേരളാ പോലീസുമായി ബന്ധപ്പെട്ട ഒരു ഫോട്ടോഗ്രാഫര്‍ ഏറ്റവും കൂടുതല്‍ ഫോട്ടോയെടുക്കുന്ന സംഭവവും ഇതായിരിക്കാം. കേരളത്തിലെ എക്കാലത്തെയും വലിയ ദുരന്തങ്ങളിലൊന്നിന്റെ തെളിവായി ആ ഫോട്ടോഗ്രാഫുകള്‍ കേസ് ഫയലുകളുടെ ഭാഗമാകും.
മൂന്നാം ദിവസമാണ് ദുരന്തബാധിത പ്രദേശത്തേക്ക് മിഥുന്‍ എത്തുന്നത്. കണ്ണെത്താ ദൂരത്തോളം ഇരുനിലക്കെട്ടിടങ്ങളോളം വലിപ്പമുള്ള പാറക്കല്ലുകളുണ്ടായിരുന്നു. ചൂരല്‍മലയിലെ വെള്ളാര്‍മല സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറികളില്‍ കുടുങ്ങിയ കൂറ്റന്‍ മരത്തടികള്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു.
''ജീവിതത്തിന്റെ ചഞ്ചലത അത് എന്നെ ബോധ്യപ്പെടുത്തി. സ്വത്തിന്റെ അതിര്‍വരമ്പിനെച്ചൊല്ലി പ്രദേശവാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിരുന്നു. അതിരുകളില്ലാത്ത ഒരേയൊരു ഭൂപ്രദേശം ഇവിടെയുണ്ട്. വെള്ളം വിഴുങ്ങി തുപ്പിക്കളഞ്ഞ ഒരു പ്രദേശം,' മിഥുന്‍ പറയുന്നു.












Click it and Unblock the Notifications