'കേന്ദ്രം ഒന്നും തന്നില്ലല്ലോ, എപ്പോ തന്നു എന്നൊക്കെയാണോ ചോദിക്കുക?'; അനിഷ്ടം പ്രകടിപ്പിച്ച് സുരേഷ് ഗോപി
വയനാട്: വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം സംബന്ധിച്ച ചോദ്യത്തില്‍ അനിഷ്ടം പ്രകടിപ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സഹായം സംബന്ധിച്ച കാര്യത്തില്‍ സാങ്കേതികമായ നടപടി ക്രമങ്ങള്‍ ഉണ്ട് എന്നും അത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'എനിക്ക് അറിയാവുന്നതെല്ലാം ഞാന്‍ പറയും, കേട്ടോ. തീര്‍ന്നില്ലേ, അതിനിടക്ക് ഒന്നും തന്നില്ലല്ലോ, എപ്പോ തന്നു എന്നൊക്കെയാണോ ചോദിക്കുക? കമോണ്‍. പിന്നെ വളരെ സാങ്കേതികമായിട്ടുള്ള കാര്യങ്ങള്‍ സംസാരിച്ച് തീരുമാനിക്കണം. ഞാനിന്ന് വന്ന ആളാണ്. ഇതിന് മുന്‍പ് പ്രധാനമന്ത്രി അയച്ച ഒരു മന്ത്രി ഇവിടെയുണ്ടായിരുന്നു, ജോര്‍ജ് കുര്യന്‍. അദ്ദേഹവും വിവരങ്ങള്‍ ശേഖരിച്ച് വെച്ചിട്ടുണ്ട്.

അദ്ദേഹം വിദേശയാത്രയ്ക്ക് പോകുകയാണ്. അദ്ദേഹം തിരിച്ചെത്തി റിപ്പോര്‍ട്ട് കൊടുക്കും. ഇതെല്ലാം കൂട്ടിവായിക്കണം. വായിച്ച് തീരുമാനത്തിലെത്തിയിട്ടാണ് അന്തിമ റിപ്പോര്‍ട്ടുണ്ടാക്കുന്നത്. ഇപ്പോള്‍ ആ റിപ്പോര്‍ട്ടിന്റെ പിന്നാലെ അല്ല ഓടേണ്ടത്. ശാസ്ത്രം വരെ തലകുനിച്ച് നില്‍ക്കുകയാണ്. ജീവനില്ലെങ്കിലും മൃതദേഹമെങ്കിലു കണ്ടാല്‍ മതി എന്നുള്ള വേദനയുണ്ടല്ലോ, അതിനൊപ്പമാണ് ഇപ്പോള്‍ നില്‍ക്കേണ്ടത്,' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാണോ എന്നത് പരിശോധിക്കണമെന്നാണ് സുരേഷ് ഗോപി പറയുന്നത്. വിഷയത്തിന്റെ സാധ്യതയും സാധുതയും പരിശോധിക്കണം. അതിന് ചില നടപടിക്രമങ്ങള്‍ ഉണ്ട്. ഇപ്പോള്‍ കരുതലും കരുണയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം വയനാടിനെ സഹായിക്കാന്‍ ഉണ്ടാകും എന്നും പരമാവധി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചണ് ദുരന്ത മേഖലയില്‍ പരിശോധന നടത്തുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു.
പരിശോധനക്ക് കൂടുതല്‍ സേനയെ വേണമെങ്കില്‍ കേരളം ആവശ്യപ്പെടട്ടെ. ദുരന്തത്തില്‍പെട്ടരെ മാനസികമായി ശക്തിപ്പെടുത്തേണ്ടതാണ് പ്രാധാന്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷയുടെ പ്രസ്താവനയെകുറിച്ചുള്ള ചോദ്യത്തിന് അത് സബ്മിഷന് മറുപടി പറഞ്ഞതാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
'ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ എഴുന്നള്ളിച്ചു അസ്വസ്ഥത ഉണ്ടാക്കരുത്. അമിത ഷായുടെ മറുപടി ഉപയോഗിച്ച് ദുരന്തത്തില്‍പ്പെട്ടവരുടെ മനസിനെ മഥിക്കരുത്. കാണാതായവരുടെ കണക്ക് കൃത്യമായി കിട്ടേണ്ടതുണ്ട്. കളക്ടറുമായി സംസാരിച്ചു വേണ്ടത് ചെയ്യും,' സുരേഷ് ഗോപി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.












Click it and Unblock the Notifications