'ഇന്നലെ രാത്രി പുറപ്പെട്ടതാണ്, ഇന്ന് വയനാടെത്തി'; കടയിലെ മുഴുവൻ വസ്ത്രങ്ങളുമായി നൗഷാദ് എത്തി, വീണ്ടും മാതൃക
കേരളത്തെ മുഴുവൻ പിടിച്ചുകുലുക്കിയ ദുരന്തമാണ് വയനാട് ഉണ്ടായത്. ഒരു രാത്രി പുലരുമ്പോഴേക്കും ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ട മനുഷ്യർ. ഉറ്റവരും ഉടയവരും നഷ്ടമായവർ. മണ്ണിനടിയിൽ പ്രിയപ്പെട്ടവരെ തിരയുന്നവർ. ഉരുൾപൊട്ടിയൊലിച്ചപ്പോൾ ജീവിതം തന്നെ തകർന്നുപോയ മനുഷ്യർക്കൊപ്പമാണ് മലയാളികളുടെ മനസ്സ്.
തങ്ങളാൽ കഴിയുന്ന എല്ലാ സഹായവും ചെയ്യാൻ ഓരോരുത്തരും മുന്നോട്ട് ഇറങ്ങുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ രാവെന്നോ പകലെന്നോ നോക്കാതെ നിരവധിപേരാണ് സഹായിക്കാൻ എത്തുന്നത്. ഒരു ദുരന്തം വന്നാൽ സകലതും മറന്ന് കൈകോർത്ത് നിൽക്കുന്നവരാണ് മലയാളികൾ എന്ന് മഹാപ്രളയ കാലത്ത് തന്നെ മലയാളികൾ തെളിയിച്ചതാണ്.

ഇന്നും നന്ദിയോടെ സ്‌നേഹത്തോടെ ഓർക്കുന്ന ഒരുപാട് മുഖങ്ങളുണ്ട്. അത്തരത്തിൽ മലയാളികൾ എന്നും ഓർക്കുന്ന മുഖമാണ് നൗഷാദ് എന്ന വഴിയോര വസ്ത്ര കച്ചവടക്കാരനായ നൗഷാദിന്റേത്. പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവർത്തകർ എത്തിയപ്പോൾ തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും വില പോലും നോക്കാതെ എടുത്തുനൽകിയ മനുഷ്യനാണ് നൗഷാദിക്ക.
വയനാട്ടിലെ ജനങ്ങൾ ദുരിതാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ വെറുതെ നോക്കിയിരിക്കാൻ നൗഷാദിന് സാധിച്ചില്ല. തന്റെ കടയിലെ വസ്ത്രങ്ങളെല്ലാം ദുരിതം അനുഭവിക്കുന്ന മനുഷ്യർക്ക് നൽകുകയാണ് നൗഷാദ്. വസ്ത്രം നൽകുക മാത്രമല്ല വസ്ത്രങ്ങളും ഭക്ഷണവുമായി നൗഷാദ് കൊച്ചിയിൽ നിന്ന് വയനാട് എത്തിക്കഴിഞ്ഞു. താൻ ഇപ്പോൾ വയനാട് ദുരിതാശ്വസ ക്യാമ്പിലാണ് ഉള്ളതെന്ന് വൺഇന്ത്യ മലയാളത്തോട് അദ്ദേഹം പറഞ്ഞു.

' ഞാൻ ഇപ്പോൾ സാധനങ്ങളുമായി വയനാട്ടിലാണ്. ഇന്നലെ അവിടെ നിന്ന് പുറപ്പെട്ടതാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് എത്തി. ഇപ്പോൾ ക്യാമ്പിൽ സാധനങ്ങൾ കൊടുത്തിട്ട് അടുത്തത് മേപ്പാടി പോകാൻ നിൽക്കുകയാണ്. മേപ്പാടിയിലെ സെന്റ് ജോർജ് സ്‌കൂളിലെ ക്യാമ്പിലേക്ക് പോവുകയാണ്. അവിടെ മൂന്നാലഞ്ച് ക്യാമ്പുകൾ വേറെയുണ്ട്, അവിടേക്ക് പോണം. കടയിൽ നിന്ന് ഡ്രസുകൾ എടുത്തിട്ടുണ്ട്, കുറച്ച് ഫുഡും കൊണ്ടുവന്നിട്ടുണ്ട്, നൗഷാദ് വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
അതേ സമയം വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മഴ കാരണം വളരെ ദുഷ്കരമാണ്. സൈനികർ അടക്കം 150 അംഗ സംഘമാണ് ഇന്ന് രക്ഷാപ്രവർത്തനത്തിന് ഉള്ളത്. മന്ത്രിമാരും ദുരിതബാധിത സ്ഥലത്ത് ക്യാംപ് ചെയ്തുകൊണ്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.
വയനാട്ടിലെ വിവിധ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
നിലവിൽ 1726 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേത്ത് മാറ്റിയിട്ടുള്ളത്. ഓരോ ക്യാമ്പുകൾക്കും ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയാണ് പ്രവർത്തനം. നിലവിൽ 74 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിവിധ ഭാഗങ്ങളിൽ നിന്ന് ക്യാമ്പുകളിലേക്ക് ഭക്ഷണവും മറ്റ് ആവശ്യമായ സാധനങ്ങളും എത്തിക്കുന്നുണ്ട്.












Click it and Unblock the Notifications