'ഉണ്ടായിരുന്നത് 540 വീടുകൾ, അവശേഷിക്കുന്നത് വെറും 30 എണ്ണം, ഇനിയും എത്ര പേർ മണ്ണിനടിയിൽ ഉണ്ടെന്ന് അറിയില്ല'
വയനാട്: മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ അവശേഷിച്ചത് വെറും 30 വീടുകൾ മാത്രമെന്ന് ഗ്രാമപഞ്ചായത്ത് 11ാം വാർഡ് മെമ്പർ കെ ബാബു. 540 ഓളം വീടുകളാണ് ആ പ്രദേശത്ത് ഉണ്ടായിരുന്നത്. എത്രപേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറയാനാകില്ല. ഇനി എങ്ങോട്ട് പോകുമെന്ന ആശങ്കയാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളവർ പങ്കുവെയ്ക്കുന്നതെന്നും കെ ബാബു വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'ജീവനോടെ ഉണ്ടായിരുന്നവരെയെല്ലാം ഇന്നലെ രക്ഷിച്ച് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.ഇനി കുടുങ്ങുക്കിടക്കുന്ന മൃതദേഹങ്ങളാണ് കണ്ടെത്തേണ്ടത്. എത്രപേർ അവിടെ കുടുങ്ങിക്കിടക്കുന്നുവെന്ന കൃത്യമായ കണക്ക് പറയാൻ ഇല്ല. പ്രദേശത്ത് ഹോം സ്റ്റേയും ലയങ്ങളും ഒക്കെ പ്രവർത്തിച്ചതാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള തൊഴിലാളികൾ അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരൊക്കെ എവിടെ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

മഴ ഇപ്പോൾ കുറവാണ്. പക്ഷെ കാലാവസ്ഥ ഭീഷണി തന്നെയാണ്. പ്രദേശത്ത് ആകെ ഉണ്ടായിരുന്നത് 540 വീടുകളായിരുന്നു. ഇപ്പോൾ ശേഷിക്കുന്നത് വെറും 30 വീടുകളാണ്. 1-2ാം വാർഡിൽ ഉണ്ടായിരുന്ന 35 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. പോസ്റ്റ് ഓഫീസ്, അമ്പലം ,പള്ളി എന്നിവയെല്ലാം ഉരുൾപ്പൊട്ടലിൽ നശിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ താത്കാലിക പാലം നിർമ്മിച്ചാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തിയത്.
ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് ഭക്ഷണവും വെള്ളവും വൈദ്യസഹായവുമെല്ലാം എത്തിക്കുന്നുണ്ട്. എന്നാൽ ഇനി എങ്ങോട്ട് ഞങ്ങൾ പോകും എന്ന വേദനയാണ് അവിടെയുള്ളവർ പങ്കുവെയ്ക്കുന്നത്', കെ ബാബു പറഞ്ഞു.
123 മരണങ്ങൾ സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.
നിലവിൽ 99 പേരാണ് അഞ്ചു ക്യാമ്പുകളിലായി ഉള്ളത് (വയനാട്-98, മലപ്പുറം-1).
ആകെ 195 പേരാണ് ആശുപത്രികളിൽ എത്തിയത്. ഇതിൽ 190 പേർ വയനാട്ടിലും 5 പേർ മലപ്പുറത്തുമായിരുന്നു. വയനാട്ടിൽ എത്തിയ 190 പേരിൽ 133 പേർ വിംസിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കൽപ്പറ്റ ജനറൽ ആശുപത്രിയിലും 5 പേർ വൈത്തിരി താലൂക് ആശുപത്രിയിലും എത്തി. നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.












Click it and Unblock the Notifications