ഇന്ദിര ഗാന്ധി തോറ്റിട്ടില്ലേ.. പ്രിയങ്കയും തോല്‍ക്കും: ലക്ഷ്യം വിജയം തന്നെ; സത്യന്‍ മൊകേരി
കല്‍പ്പറ്റ: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സി പി ഐ നേതാവ് സത്യന്‍ മൊകേരി എല്‍ ഡി എഫ് സ്ഥാനാർത്ഥിയാകും. സി പി ഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മണ്ഡലത്തിലേക്ക് ഇ എസ് ബിജിമോള്‍, സത്യന്‍ മൊകേരി എന്നിവരേയായിരുന്നു സി പി ഐ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്.
തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നതെന്നായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുള്ള സത്യന്‍ മൊകേരിയുടെ പ്രതികരണം. വയനാട്ടിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തോട് ചേർന്ന് നില്‍ക്കുമെന്നാണ് ഉറച്ച് വിശ്വസിക്കുന്നു. നേരത്തെ മത്സരിച്ചപ്പോഴുണ്ടായ അനുഭവം വളരെ ശക്തമാണ്. നേരിയ വോട്ടുകള്‍ക്കാണ് അന്ന് പരാജയപ്പെട്ടത്. ആ അന്തരീക്ഷത്തില്‍ തന്നെയുള്ള തിരഞ്ഞെടുപ്പായിട്ടാണ് ഈ തിരഞ്ഞെടുപ്പിനേയും കാണുന്നത്.

ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വയനാട്ടില്‍ സ്ഥാനാർത്ഥിയാകുന്നത്. സ്ഥാനാർത്ഥി ആരുമായിക്കൊള്ളട്ടെ. പ്രിയങ്ക ഗാന്ധിയല്ല, ഇന്ദിരാഗാന്ധിയും രാഹുല്‍ ഗാന്ധിയും പരാജയപ്പെട്ടിട്ടില്ലേ. തിരഞ്ഞെടുപ്പല്ലേ ആർക്കും പരാജയപ്പെടാം. അതുപോലെ ഈ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി പരാജയപ്പെടും. അങ്ങനേയും ചിന്തിക്കാമല്ലോയെന്നും സത്യന്‍ മൊകേരി പറഞ്ഞു.
സിപിഐ ദേശീയ കൗൺസിൽ അംഗമാണ് കോഴിക്കോട് മൊകേരി സ്വദേശിയായ സത്യന്‍ മൊകേരി. 1987 മുതല്‍ 1996 വരെ മൂന്ന് തവണ നാദാപുരം മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായിരുന്നു. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി എം ഐ ഷാനവാസിനോട് പരാജയപ്പെട്ടെങ്കിലും മണ്ഡല ചരിത്രത്തില്‍ ഒരു എല്‍ ഡി എഫ് സ്ഥാനാർത്ഥിക്ക് നടത്താന്‍ കഴിഞ്ഞ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അത്തവണ അദ്ദേഹത്തിന് സാധിച്ചിരുന്നു.
20870 വോട്ടുകള്‍ക്കായിരുന്നു അന്ന് സത്യന്‍ മൊകേരി പരാജയപ്പെട്ടത്. എംഐ ഷാനവാസ് 377035 വോട്ടുകള്‍ നേടിയപ്പോള്‍ സത്യന്‍ മൊകേരിക്ക് 356165 വോട്ടും ബി ജെ പി സ്ഥാനാർത്ഥി 80752 വോട്ടും നേടി. ഇന്നത്തെ നിലമ്പൂർ എം എല്‍ എ അന്‍വർ അന്ന് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുകയും 37123 വോട്ട് സ്വന്തമാക്കുകയും ചെയ്തിരുന്നു.
2014 ല്‍ കാഴ്ച വെച്ച പ്രകടനം സത്യന്‍ മൊകേരിക്ക് കാഴ്ചവെക്കാന്‍ സാധിച്ചാല്‍ വയനാട്ടില്‍ ഇത്തവണ ഏകപക്ഷീയ വിജയം കോണ്‍ഗ്രസിന് നേടാന്‍ സാധിക്കില്ലെന്നാണ് ഇടത് പ്രവർത്തകർ കണക്ക് കൂട്ടുന്നത്. അതേസമയം എതിരാളി ആരായാലും പ്രിയങ്ക ഗാന്ധി അഞ്ച് ലക്ഷത്തിലേറെ വോട്ടിന് വിജയിക്കുമെന്നാണ് കോണ്‍ഗ്രസുകാരുടെ അവകാശവാദം.












Click it and Unblock the Notifications