കര്‍ണാടകയില്‍ കൂട്ടക്കൊല; ഭാര്യയും മകളും ഉള്‍പ്പെടെ നാലു പേരെ കൊലപ്പെടുത്തിയ മലയാളി വയനാട്ടില്‍ അറസ്റ്റില്‍
മാനന്തവാടി: കര്‍ണാടകയില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാലു പേരെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ മലയാളി അറസ്റ്റില്‍. കുടകിലാണ് യുവാവ് ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കുത്തിക്കൊന്നത്. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് പൊലീസ് പിടിയിലായത്. ഇയാളെ കര്‍ണാടക പൊലീസിനു കൈമാറി.
ഗിരീഷിന്റെ ഭാര്യ നാഗി (34), മകള്‍ കാവേരി (5), ഭാര്യയുടെ മാതാപിതാക്കളായ കരിയന്‍ (70), ഗൗരി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടക് പൊന്നംപേട്ടിലാണ് സംഭവം ഉണ്ടായത്. വ്യാഴാഴ്ച കൊല നടത്തിയ ശേഷം കുടകില്‍ നിന്ന് രക്ഷപ്പെട്ട പ്രതി വയനാട് തലപ്പുഴയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പിടിയിലായത്.

കുടുംബത്തെ കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്നാണ് സൂചന. കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നു കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ രാമരാജന്‍ പറഞ്ഞു. ഏഴ് വര്‍ഷം മുന്‍പായിരുന്നു ഗിരീഷിന്റെ വിവാഹം. കൂലിപ്പണിക്കാരനായ ഗിരീഷും ഭാര്യയും ഏതാനും ദിവസം മുമ്പാണ് കരിയന്റെ വീട്ടിലേക്ക് താമസം മാറിയത്.












Click it and Unblock the Notifications