വയനാടിന് സമഗ്ര പുനഃരധിവാസ പാക്കേജ് വേണം;പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷ; മുഖ്യമന്ത്രി
വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണം എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നു.സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് നമ്മുടെ ആവശ്യം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ പൊതുവെ ഉണ്ടായിട്ടുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗണ്‍ഷിപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ ഇവിടെ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത തീവ്രത പരിശോധിച്ചു ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. അതിന്‍റെ ടീം ലീഡര്‍ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറി രാജീവ് കുമാര്‍ ഇന്ന് ഓഫീസില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 225 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മേപ്പാടിയില്‍ നിന്ന് 148ഉം നിലമ്പൂര്‍ നിന്ന് 77ഉം മൃതദേഹങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. ഇതിനു പുറമെ, വിവിധ ഇടങ്ങളില്‍ നിന്നായി മേപ്പാടിയില്‍ നിന്ന് 30, നിലമ്പൂര്‍ നിന്ന് 165 എന്നിങ്ങനെ 195 ശരീരഭാഗങ്ങളും കണ്ടെത്തി.കണ്ടെടുക്കുന്ന ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിനു മുകളിലോ ഉണ്ടെങ്കില്‍ അത് ഒരു മൃതദേഹമായി കണക്കാക്കുന്നതാണ് രീതി. 90 ശതമാനത്തില്‍ കുറഞ്ഞതാണെങ്കില്‍ അതിനെ ശരീരഭാഗമായാണ് കണക്കാക്കുക.

ഒരാളുടെ തന്നെ ശരീരഭാഗങ്ങള്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ ഭാഗങ്ങളും പ്രത്യേകമായി കിട്ടിയിട്ടുണ്ടാകാം. ഇതെല്ലാം ഇപ്പോള്‍ തിരിച്ചറിയുക പ്രയാസമാണ്. അതിനാല്‍ എല്ലാ ശരീര ഭാഗങ്ങളുടെയും തിരിച്ചറിഞ്ഞതുള്‍പ്പെടെയുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം മുഴുവനും വന്ന ശേഷം മാത്രമേ മൃതദേഹങ്ങളുടെ കൃത്യമായ എണ്ണം കണക്കാക്കാനാവൂ. പ്രദേശത്ത് നിന്ന് കാണാതായ 131 പേരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭിച്ച ശരീര ഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ല. തെരച്ചില്‍ പൂര്‍ണ്ണമായിട്ടില്ല.
അതില്‍ 225 മൃതദേഹങ്ങളും 195 ശരീര ഭാഗങ്ങളും ചേര്‍ത്ത് 420 പോസ്റ്റ് മാര്‍ട്ടങ്ങള്‍ നടത്തിക്കഴിഞ്ഞു. 7 ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 178 മൃതദേഹങ്ങളും 2 ശരീര ഭാഗങ്ങളും ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. 47 മൃതദേഹങ്ങളും 186 ശരീര ഭാഗങ്ങളും ചേര്‍ത്ത് ആകെ 233 സംസ്കാരങ്ങളാണ് നടന്നത്.ഉരുള്‍പൊട്ടല്‍ സംഭവിച്ച മേഖലയില്‍ മേപ്പാടി 14 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 641 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അതില്‍ 735 പുരുഷന്മാരും 743 സ്ത്രീകളും 464 കുട്ടികളും അടക്കം 1942 പേരാണ് ഉള്ളത്. ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാട്ടേഴ്സുകള്‍ ഉള്‍പ്പെടെ 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കും.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നാളെ ജനകീയ തെരച്ചില്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് തെരച്ചില്‍ നടത്തുക. ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ വാഹനങ്ങളില്‍ വീടുകള്‍ നിലനിന്നിരുന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് തിരച്ചില്‍ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയക്കുക. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തിരച്ചില്‍ നടത്തുക.
ഇതിനകം സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ ഇവിടങ്ങളില്‍ നടത്തിയതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications