കോട മൂടി വയനാട്: കുറഞ്ഞ ചെലവിൽ പോകാൻ കെഎസ്ആർടിസി പാക്കേജ്..ജംഗിൾ സഫാരിയും ആസ്വദിക്കാം
ഒരു യാത്ര പോയില്ലെങ്കിൽ എന്ത് ക്രിസ്തുമസ് അവധി. എവിടേക്കെന്ന് ചോദിച്ചാൽ കോടയും മഞ്ഞുമൊക്കെ വേണ്ടുവോളം ആസ്വദിക്കാൻ കഴിയുന്ന നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. പലപ്പോഴും ഈ യാത്രകൾക്ക് തടസം പണം തന്നെ അല്ലേ. ഒരു കുടുംബത്തിന് യാത്ര പോകാൻ ചില്ലറ പൈസയൊന്നും പോര.
എന്നാൽ കീശകാലിയാകാതെ ഒരു യാത്രയായാലോ? കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ആണ് അത്തരത്തിലൊരു യാത്ര സംഘടിപ്പിക്കുന്നത്. കാസർഗോഡ് ബജറ്റ് സെല്ലിൻ്റെ ക്രിസ്തമസ്-പുതുവത്സര യാത്ര പാക്കേജുകളെ കുറിച്ച് കൂടുതൽ അറിയാം.

വയനാട് യാത്ര
ഡിസംബര്‍ 23, 27, 31 തീയതികളിൽ വയനാട്ടിലേക്ക് പാക്കേജ് ഉണ്ട്. പ്രധാനമായും നാല് സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്നെ ഏറ്റവും ആകർഷകമായത് വയനാട്ടിലേക്കുള്ള ജംഗിൾ സഫാരിയാണ്. വയനാടിൻ്റെ വനസൌന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ പറ്റിയൊരു യാത്രയാണിത്. വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766 വഴി കേരള-കർണാടക അതിർത്തിയിലെ പൊൻകുഴിയിലേക്കാണ് യാത്ര. പാക്കേജിലെ മറ്റൊരു ഇടം ബാണാസുര സാഗർ ആണ്. വയനാടിൻ്റെ അതിമനോഹരമായ ഭാഗങ്ങളിൽ ഒന്നാണ് മണ്ണ് കൊണ്ട് നിർമ്മിച്ച ഈ ഡാം. ടിക്കറ്റെടുത്ത് അകത്ത് കയറിയാൽ ഡാമിൽ ബോട്ടിങ്ങും കൂടി കഴിഞ്ഞിറങ്ങാം.
ഗോത്ര ചരിത്രമുറങ്ങുന്ന വയനാട്ടിലെ പൈതൃക ഗ്രാമമാണ് എൻ ഊര്. ഗോത്രജനതയ്ക്ക് സ്ഥിര വരുമാനവും ജീവിത അഭിവൃദ്ധിയും ലക്ഷ്യം വെച്ച് തുടങ്ങിയതാണ് ഈ പദ്ധതി. അവരുടെ വൈവിധ്യങ്ങളെ ഇവിടെ അറിയാം. വയനാടൻ തേനിൻ്റെ പരിശുദ്ധിയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനെ കുറിച്ച് അറിയാൻ ഹണി മ്യൂസിയവും സന്ദരർശിച്ച് മടങ്ങാം.
പാലക്കയം തട്ട്, പൈതല്‍മല, ഏഴരക്കുണ്ട് യാത്ര
ട്രെക്കിങ് പ്രേമികളാണോ? എന്നാൽ കണ്ണൂരിലെ ഏറ്റവും മനോഹരമായ ട്രെക്കിങ് പോയൻ്റുകളിലൊന്നായ പൈതൽമല കയറി വരാം. അത്ര കഠിനാധ്വാനമൊന്നുമില്ലാതെ കയറി ഇറങ്ങാൻ പറ്റുന്ന ഇടമാണിത്. ഡിസംബർ ആയത് കൊണ്ട് തന്നെ ഇടയ്ക്കിടെ കോട വന്ന് കാട് കയറി പോകും. ആ കാഴ്ചകൾ അനുഭവിച്ച് തന്നെ അറിയണം. പൈതൽമല പോലെ അല്ല പാലക്കയം തട്ട്. ഉദയാസ്തമയങ്ങൾ കാണാനാണ് ഇവിടേക്ക് ആളുകളെത്തുന്നത്. ഇവിടെ നിന്നുള്ള വിദൂര കാഴ്തകളും മനോഹരമാണ്., ഡിസംബര്‍ 26, ജനുവരി രണ്ട് എന്നീ തീയതികളിലാണ് ഈ പാക്കേജ്.
ഡിസംബര്‍ 27ന് കോഴിക്കോട്, കരിയത്തുംപാറ യാത്രയും ഡിസംബര്‍ 30ന് കണ്ണൂര്‍ , ജനുവരി ഒന്ന് കടലുണ്ടി, ചാലിയം യാത്രയും സംഘടിപ്പിക്കുന്നു. കൂടാതെ ഡിസംബര്‍ 28ന് ആരംഭിച്ച് 31ന് അവസാനിക്കുന്ന യാത്രയില്‍ ഗവി, അടവി, കമ്പം, രാമക്കല്‍ മേട്, പരുന്തുംപാറ, തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ 26 ന് വാഗമണ്‍, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 29ന് രാവിലെ മടങ്ങിയെത്തും. 29 മുതല്‍ 31 വരെ നിലമ്പൂര്‍, കക്കാടം പൊയില്‍ യാത്രയും സംഘടിപ്പിക്കുന്നു. ഫോണ്‍ - 9446088378, 8606237632.












Click it and Unblock the Notifications