വയനാട് പുനരധിവാസം; കേരളത്തിന്റെ കൈയ്യിൽ പണമുണ്ടെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ
വയനാട് ദുരിതാശ്വാസത്തന് കേരളത്തിന് അധിക ധനസഹായം നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് വരികയാണെന്നും ഈ മാസം അവസാനം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കേരളത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ പണം ഉണ്ടെന്നും കേന്ദ്രം കോടതിയിൽ ആവർത്തിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി സംസ്ഥാന സർക്കാർ പ്രതിനിധി കെവി തോമസിന് അയച്ച കത്ത് കേരളം കോടതിയിൽ ഹാജരാക്കി. നിലവിൽ അനുവദിച്ചതിനേക്കാൾ പണം അനുവദിക്കില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നതെന്നും ദുരന്തം സംഭവിച്ച് നാല് മാസം കഴിഞ്ഞിട്ടും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു അനുകൂല നിലപാടും ഉണ്ടായിട്ടില്ലെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. തങ്ങളുടെ ആവശ്യങ്ങൾക്കെതിരെ മുഖം തിരിക്കുകയാണ് കേന്ദ്രമെന്നും സംസ്ഥാനം കോടതിയിൽ പറഞ്ഞു.

അതേസമയം കേന്ദ്രസർക്കാർ സഹായം നൽകില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്നും കത്തിൽ നിന്നും അത്തരത്തിൽ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നുമായിരുന്നു കോടതിയുടെ പ്രതികരണം. ഇതിന് മറുപടിയായാണ് കൂടുതൽ ഫണ്ട് അനുവദിക്കുന്നത് ഈ മാസം അവസാനത്തോടെ തന്നെ തീരുമാനിക്കുമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജയരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചld.
അതിനിടെ വയനാട് ദുരിതാശ്വാസത്തിന് ഫണ്ട് നൽകാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ സി പി എമ്മും കോൺഗ്രസും രംഗത്തെത്തി. നാനൂറിലധികം പേരുടെ ജീവൻ നഷ്ടപ്പെടുകയും ഒരു പ്രദേശം അപ്പാടെ തന്നെ തുടച്ചുമാറ്റപ്പെടുകയും ചെയ്തിട്ടും വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന കേന്ദ്ര സർക്കാർ നിലപാട് കേരളത്തോടുള്ള അവഗണനയാണെന്ന് സിപിഎം പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് സ്ഥലം സന്ദർശിച്ച് സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് 3 മാസം പൂർത്തിയായിട്ടും യാതൊരു നടപടിയും കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും സിപിഎം വിമർശിച്ചു.
വയനാടിനുള്ള ധനസഹായം ആരുടെയും പോക്കറ്റില്‍ നിന്നും എടുത്ത് തരുന്ന പണമല്ല, സംസ്ഥാനങ്ങള്‍ അവകാശപ്പെട്ട പണമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. എസ് ഡി ആർ എഫ് നല്‍കിയെന്നത് തെറ്റാണ്. എസ് ഡി ആർ എഫിന് സംസ്ഥാനത്തിന് അല്ലാതെ തന്നെ അര്‍ഹതയുണ്ട്. വയനാടിന്റെ പുനരധിവാസത്തിനു വേണ്ടത് എസ് ഡി ആർ എഫ് അല്ല, സ്‌പെഷല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സാണ്. ഉത്തരാഖണ്ഡും അസാംമും ഉത്തര്‍ പ്രദേശും ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് സ്‌പെഷല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 2018-ലെ പ്രളയകാലത്ത് കേരളത്തിന് ഇത്തരത്തില്‍ കുറച്ച് പണം നല്‍കിയിട്ടുള്ളതുമാണ്. വയനാട് ദുരന്തത്തില്‍ കേരളത്തിന് അര്‍ഹതയുള്ള പണം നല്‍കാതിരിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ തിനിറമാണ് തുറന്നുകാണിക്കപ്പെട്ടിരിക്കുന്നതെന്നെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
എന്നാൽ സംസ്ഥാനം പദ്ധതി സമർപ്പിക്കാത്തതിനാലാണ് ഫണ്ട് കിട്ടാത്തത് എന്നാണ് ബിജെപി വാദം. ഊഹക്കണക്കുകൾ വച്ച് കേന്ദ്രത്തിനു പണം നൽകാനാവില്ലെന്നും ബിഹാറും ആന്ധ്രയും ചെയ്തത് പോലെ പ്രത്യേക പദ്ധതികൾ തയാറാക്കി നൽകുകയാണ് കേരള സർക്കാർ ചെയ്യേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications