നരഭോജി കടുവയ്ക്കായി തിരച്ചിൽ ഊർജിതം; ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി,കർഫ്യൂ നീട്ടി
പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ പിടികൂടാനാകാതെ വനംവകുപ്പ്. ഇന്ന് ഉള്‍വനത്തില്‍ കടുവയെ തിരഞ്ഞെത്തിയ ആര്‍ആര്‍ടി സംഘത്തേയും കടുവ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ജയസര്യ എന്നയാളെയാണ് ആക്രമിച്ചത്. പുറകിൽ നിന്നും കടുവ ചാടി വീഴുകയായിരുന്നു. അതേസമയം ആശങ്ക തുടരുന്നതിനിടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കർഫ്യയൂം നീട്ടി.
മാനന്തവാടി നഗരസഭയിലെ ഒന്നാം ഡിവിഷനായ പഞ്ചാരക്കൊല്ലി, രണ്ടാം ഡിവിഷനായ പിലാക്കാവിൽ ഉൾപ്പെട്ടുവരുന്ന സെന്റ് ജോസഫ് എൽ.പി. സ്ക്കൂളിന് മേൽഭാഗം ഉൾപ്പെട്ടുവരുന്ന ഭാഗവും, വട്ടർകുന്ന് പ്രദേശം, കയ്യേറ്റഭൂമി പ്രദേശം, മുപ്പത്തിയാറാം ഡിവിഷനിൽ ഉൾപ്പെട്ടു വരുന്ന ചിറക്കര ഭാഗം (പഞ്ചാരക്കൊല്ലി) എന്നീ പ്രദേശങ്ങളിൽ (2025 ജനുവരി 27, തിങ്കളാഴ്ച) രാവിലെ ആറ് മുതൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു.
ഡിവിഷനുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെൻ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന് കളക്ടർ അറിയിച്ചു.

കർഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ജനുവരി 27, 28 തിയതികളിൽ സ്കൂളുകളിൽ ഹാജരാകേണ്ടതില്ല.
പി. എസ് ഇ പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകൾക്ക് അത്യാവശ്യമായി പോകണ്ടവർ ഡിവിഷനിലെ കൗൺസിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും കളക്ടർ വ്യക്തമാക്കി. അതേസമയം നരഭോജി കടുവയെ പിടികൂടാനാകാതെ നട്ടം തിരയുകാണ് വനംവകുപ്പ്. നിലവിൽ 10 ഓളം സംഘങ്ങളാണ് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
അതിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതിഷേധച്ചൂട് അറിഞ്ഞു. വൈകീട്ട് സ്ഥവത്തെത്തിയ മന്ത്രിയെ പ്രതിഷേധക്കാർ തടഞ്ഞു. റോഡിൽ കിടന്നും കുത്തിയിരുന്നുമെല്ലാം ആളുകൾ പ്രതിഷേധിച്ചു. പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും രാധ വനത്തിനുള്ളിൽ പ്രവേശിച്ചതാണ് കടുവ ആക്രമിക്കാൻ കാരണമായതുമെന്ന മന്ത്രിയുടെ പ്രസ്താവന തിരുത്തി കുടുംബത്തോട് മാപ്പ് പറയാതെ ഒരടി മുന്നോട്ട് നീങ്ങാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. തുടർന്ന് ഏറെ കഷ്ടപ്പെട്ടാണ് പോലീസ് സന്നാഹം മന്ത്രിയെ രാധയുടെ വീട്ടലെത്തിച്ചത്.
അതേസമയം പ്രദേശത്തെ ജനങ്ങളുടെത് സ്വാഭാവിക പ്രതിഷേധമാണെന്നും ആ രോഷം തനിക്ക് മനസ്സിലാകുമെന്നും മന്ത്രി പ്രതികരിച്ചു. മരണപ്പെട്ടയാളുടെ കുടുംബത്തിന്റെയും ഈ പ്രദേശത്തുകാരുടെയും ഏതവസ്ഥയിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'അക്രമകാരിയായ കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിനുള്ള തുടര്‍ നടപടികളും കടുവയെ കണ്ടെത്താനുള്ള ദൗത്യവും തുടരുകയാണ്. ഈ പ്രദേശത്ത് ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്യും. ഉറപ്പുനല്‍കിയ കാര്യങ്ങള്‍ കൃത്യമായി നടത്തുന്നുണ്ടോ എന്ന് വിലയിരുത്തും.
വരും ദിവസങ്ങളിലും അവലോകനയോഗങ്ങള്‍ ചേര്‍ന്ന് ഇവയെല്ലാം വിലയിരുത്തും', അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications