Get Updates
Get notified of breaking news, exclusive insights, and must-see stories!

' വോട്ടെണ്ണലിന് ശേഷം ഞങ്ങൾ ജയിച്ചാലും തോറ്റാലും എന്ത് സംഭവിക്കുമെന്ന് അറിയാം';വി കുഞ്ഞികൃഷ്ണൻ

ജനങ്ങൾ തോൽക്കാതിരിക്കാൻ നടത്തിയ പോരാട്ടമാണിതെന്നും ഇതിന് തുടർചയും പിന്തുടർച്ചയും ഉണ്ടാകുമെന്നും വി കുഞ്ഞികൃഷ്ണൻ.പയ്യന്നൂരിൽ നിന്ന് കൊണ്ട് ഇതിനോടകം തന്നെ ഞങ്ങൾ ഞങ്ങളുടെ ചരിത്രപരമായ രാഷ്ട്രീയ ദൗത്യവും ഉത്തരവാദിത്വവും നിർവ്വഹിച്ചു കഴിഞ്ഞു എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.വോട്ടെണ്ണലിന് ശേഷം ഞങ്ങൾ ജയിച്ചാലും തോറ്റാലും എന്തൊക്കെ ഇന്നാട്ടിൽ സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ നേരത്തെ പറഞ്ഞ പോലെ ഭയമില്ല. എന്ത് തന്നെ സംഭവിച്ചാലും, എത്ര തന്നെ നഷ്ടങ്ങൾ ഉണ്ടായാലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഇന്നോളം നടന്നിട്ടില്ലാത്ത വിധം തരംഗമുണ്ടാക്കാൻ ഞങ്ങൾ വളരെ ചെറിയ കൂട്ടം മനുഷ്യർക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

പയ്യന്നൂരിൽ നിന്ന് കൊണ്ട് ഇതിനോടകം തന്നെ ഞങ്ങൾ ഞങ്ങളുടെ ചരിത്രപരമായ രാഷ്ട്രീയ ദൗത്യവും ഉത്തരവാദിത്വവും നിർവ്വഹിച്ചു കഴിഞ്ഞു എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ഒരു കാലത്തേയും എൻ്റെ ആഗ്രഹമോ തീരുമാനമോ ആയിരുന്നില്ല. പയ്യന്നൂരിലെ പാർട്ടിയിൽ നടന്ന അഴിമതികളെ സംബന്ധിച്ച് ഞാൻ തുടങ്ങി വച്ച പോരാട്ടങ്ങൾക്ക് തുടർച്ച ഉണ്ടാവണമെന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യരുടെ സ്നേഹത്തോടെയുള്ള അഭ്യർത്ഥനയും, ഇന്നാട്ടിലെ ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ട് പാർട്ടി ആരോപണ വിധേയനെ തന്നെ സ്ഥാനാർത്ഥി ആക്കിയതിലുള്ള പ്രതിഷേധവുമായിരുന്നു എൻ്റെ ഈ സ്ഥാനാർത്ഥിത്വവും തെരഞ്ഞെടുപ്പ് മത്സരവുമെല്ലാം.
ഇതൊരു പോരാട്ടമായിരുന്നു. അഴിമതിക്കെതിരായ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം. ഇവിടെ അതിൻ്റെ ആദ്യത്തേയും അവസാനത്തേയും ലക്ഷ്യം അഴിമതിക്കാരായ മനുഷ്യരെ ഇന്നാട്ടിലെ മറ്റ് മനുഷ്യർക്ക് മുന്നിൽ തെളിവ് സഹിതം പ്രദർശിപ്പിക്കുക എന്നതായിരുന്നു. അത് ഞങ്ങൾ ചെയ്തു കഴിഞ്ഞു. കളവ് നടത്തിയ ആളുകളെ ഇന്നാട്ടിലെ ഓരോ മനുഷ്യരും തിരിച്ചറിഞ്ഞു എന്നത് കേവലം ഞങ്ങളുടെ വിശ്വാസമല്ല, ഒരു യാഥാർത്ഥ്യമാണ്.

vkunji-

തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ പലരും എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട് "നിങ്ങള് പറയുന്നത് സത്യമാണെന്നറിയാം, പക്ഷെ പാർട്ടിയെ എങ്ങനെ തോല്പിക്കും, ചിഹ്നം എങ്ങനെ മാറ്റി കുത്തുമെന്ന്?" അതിന് ഞാൻ അവരോട് പറഞ്ഞ മറുപടിയേ എനിക്ക് എല്ലാവരോടും എല്ലാ കാലത്തും പറയാനുള്ളൂ, "ഞാൻ അന്നും ഇന്നും പാർട്ടിക്കെതിരല്ല, എന്നാൽ കൃത്യമായും പാർട്ടിയെ മറയാക്കി അഴിമതിയും, സാമ്പത്തിക വെട്ടിപ്പും നടത്തുന്ന കൊള്ളക്കാർക്കും, കൊട്ടേഷൻ മാഫിയ സംഘങ്ങൾക്കും അവർക്ക് കൂട്ട് നിൽക്കുന്നവർക്കും സംരക്ഷണമൊരുക്കുന്നവർക്കും എതിര് തന്നെയാണ്." അവർക്കെതിരായ പോരാട്ടമാണ് ഞങ്ങളിവിടെ പയ്യന്നൂര് പോലൊരു ചരിത്ര ഭൂമികയിൽ നിന്ന് കൊണ്ട് നടത്തിയത്. അതിൽ ഞങ്ങൾ പൂർണ്ണ തോതിൽ വിജയിച്ചു കഴിഞ്ഞു എന്ന് ആദ്യ ദിവസങ്ങളിൽ തന്നെ ഞങ്ങൾ തിരിച്ചറിഞ്ഞതാണ്. തെരഞ്ഞെടുപ്പിന് ശേഷമിപ്പോൾ അതിനെ അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ തന്നെ ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഉൾക്കൊള്ളുന്നുണ്ട്.

ഈ യാത്ര തീരെ എളുപ്പമാകില്ലെന്നും, കൂടെ നിൽക്കുന്ന മനുഷ്യരിൽ ആരും എപ്പോൾ വേണമെങ്കിലും അക്രമിക്കപ്പെടാമെന്നും, ഭീഷണിയും വെല്ലുവിളിയും ആവോളം നേരിടേണ്ടി വരുമെന്നും അറിഞ്ഞു കൊണ്ട് തന്നെയാണ് ഞങ്ങളിതിലേക്ക് കടന്ന് വന്നത്. ആദ്യ ദിവസം മുതൽ നിരന്തരം ഞങ്ങളിതൊക്കെയും നേരിടേണ്ടി വന്നപ്പോഴും കൂടെ നിൽക്കുന്ന വിരലിൽ എണ്ണാവുന്ന മനുഷ്യരൊക്കെയും കൂടെ തന്നെ നിന്നു എന്നാതാണ് അഭിമാനകരമായ നേട്ടം. ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയെന്ന ഫാസിസ്റ്റ് തന്ത്രത്തിൽ വീണ് പോകുന്ന ഒരാൾ പോലും ഞങ്ങൾക്കൊപ്പമില്ലായിരുന്നു എന്ന് മാത്രമല്ല, ഓരോ ഭീഷണിയിൽ നിന്നും അക്രമണത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് കൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോയതത്രയും. ഒരു ഘട്ടത്തിൽ പോലും പിഴവ് പറ്റാതെ, ഏറ്റവും സമാധാനപരമായി, സത്യസന്ധമായി, മാന്യമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞതും അത് കൊണ്ടാണ്.

4 ആം തീയതി വോട്ട് എണ്ണുമ്പോൾ പയ്യന്നൂരിൽ എന്ത് സംഭവിക്കുമെന്നാണ് രാഷ്ട്രീയ കേരളമിപ്പോൾ ഉറ്റു നോക്കുന്നത്. പയ്യന്നൂരിന്റെ ഇക്കാലമത്രയുമുള്ള രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് കൃത്യമായ അറിവും ബോധ്യങ്ങളുമുള്ള ഞങ്ങൾക്കറിയാം വോട്ടെണ്ണലിന് ശേഷം ഞങ്ങൾ ജയിച്ചാലും തോറ്റാലും എന്തൊക്കെ ഇന്നാട്ടിൽ സംഭവിക്കുമെന്ന്. പക്ഷെ നേരത്തെ പറഞ്ഞ പോലെ ഭയമില്ല. എന്ത് തന്നെ സംഭവിച്ചാലും, എത്ര തന്നെ നഷ്ടങ്ങൾ ഉണ്ടായാലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഇന്നോളം നടന്നിട്ടില്ലാത്ത വിധം പയ്യന്നൂരിൽ, പ്രത്യേകിച്ചും പയ്യന്നൂർ നിയോജക മണ്ഡലം രൂപീകരിച്ചതിന് ശേഷം ഒരിക്കൽ പോലും സംഭവിക്കാത്ത വണ്ണം തരംഗമുണ്ടാക്കാൻ ഞങ്ങൾ വളരെ ചെറിയ കൂട്ടം മനുഷ്യർക്ക് സാധിച്ചിട്ടുണ്ട്. അതായിരുന്നു ഞങ്ങളുടെ ആദ്യത്തേയും പ്രധാനപ്പെട്ടതുമായ ലക്ഷ്യം. അതിൽ ഞങ്ങൾ വിജയിച്ചത് കൊണ്ട് തന്നെ മറ്റ് ജയ പരാജയങ്ങൾ ഞങ്ങളെ അലട്ടുന്ന വിഷയമേ അല്ല, അന്നും ഇന്നും ഒരിക്കലും.
ഇത് ഞങ്ങൾ "ഞങ്ങൾക്ക് ജയിക്കാൻ" വേണ്ടി തുടങ്ങിയ പോരാട്ടമല്ല, മറിച്ച് "ഇന്നാട്ടിലെ ജനങ്ങൾ തോൽക്കാതിരിക്കാനും, പറ്റിക്കപ്പെടാതിരിക്കാനും, സത്യം തിരിച്ചറിയാനും വേണ്ടി" തുടങ്ങിയ ഒന്നാണ്. അതിൽ ഞങ്ങൾ എന്നോ വിജയം നേടിയവരുമാണ്. അത് കൊണ്ട് തന്നെ ഈ പോരാട്ടമങ്ങനെ പെട്ടന്നവസാനിക്കുന്ന, അവസാനിപ്പിക്കാൻ കഴിയുന്ന ഒന്നല്ല. ഇതിന് തീർച്ചയായും തുടർച്ച ഉണ്ടാകും, പിന്തുടർച്ചയുണ്ടാകും. ഞങ്ങളെല്ലാം ഇവിടെ തന്നെ ഉണ്ടാകും!'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+