'മോൻ്റെ നേതാക്കൾ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങൾ പോയി കണ്ടിട്ടുണ്ട് ട്ടോ'; ശിവപ്രസാദിനെതിരെ ശശികല
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ഹിന്ദു ഐക്യവേദി പ്രതിനിധി സംഘം മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിച്ചതിന് പിന്നാലെ ശിവപ്രസാദ് വിമർശിച്ചിരുന്നു. ഇതിനാണ് ശശികല മറുപടി നൽകിയത്. നിങ്ങളുടെ നേതാക്കൾ മുഖ്യമന്ത്രിയായിരുന്നപ്പോഴും തങ്ങൾ പലവട്ടം പോയി കണ്ടിട്ടുണ്ടെന്ന് ശശികല പറഞ്ഞു. ബംഗാളിലും ത്രിപുരയിലും ഒക്കെ കൊടുത്ത ആ മരുന്ന് ഇവിടേയും കൃത്യമായി കിട്ടുമെന്നും അതോടെ മോൻ്റെ അസുഖം പൂർണ്ണമായും മാറും', എന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശശികല പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം
'മോനേ ശിവകുമാരാ
മോൻ്റെ അസുഖം ഞങ്ങൾക്ക് പിടികിട്ടി! മദനിയെക്കാത്ത് മോൻ്റപ്പുപ്പന്മാർ വേദിയിൽ തൊഴുതിരുന്നപ്പോൾ മോന് ഈ ഏനക്കേട് ഉണ്ടായിരുന്നില്ല! മദനിയുടെ ഫ്ലക്സ് സഖാക്കളുടെ തലയിൽ കയറ്റി വെച്ചപ്പോഴും മോന് വിഷമം ഉണ്ടായിരുന്നില്ല.
കാന്തപുരത്തെയും പാണക്കാടിനേയും സർവ്വമാന സമസ്തകളെയും കേരള രാഷ്ട്രീയം കെട്ടിപ്പിടിച്ചപ്പോൾ മോൻ ഇങ്ക് കുറുക്ക് കഴിക്കുകയായിരുന്നു.

മോന്റെ നേതാവ് കൊടിയേരി കാന്തപുരത്തിന്റെ കക്കൂസ് വെള്ളം കയ്യിൽ വാങ്ങി മുഖം കഴുകിയപ്പോൾ മോൻ തൊട്ടിയിൽ ചാച്ചുകയായിരുന്നു. 140 എംഎൽഎമാരും കൂടി ഒരു കൊടും തീവ്രവാദിക്കായി പ്രമേയം പാസാക്കിയപ്പോൾ മോൻ വണ്ടി ഉരുട്ടി കളിക്കുകയായിരുന്നു. അതുകൊണ്ട് മോനുള്ള മരുന്ന് ഈ സമൂഹം തരും
ഇത്തിരി വൈകിയാലും തരും. ബംഗാളിലും ത്രിപുരയിലും ഒക്കെ കൊടുത്ത ആ മരുന്ന് ഇവിടെയും മോന് കൃത്യമായി കിട്ടും . അതോടെ മോൻ്റെ അസുഖം പൂർണ്ണമായും മാറും പിന്നെ ഒരു കാര്യം കൂടി മോൻ്റെ നേതാക്കൾ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങൾ പലവട്ടം പോയി കണ്ടിട്ടുണ്ട് ട്ടോ',ശശികല പോസ്റ്റിൽ പറഞ്ഞു.
വർഗീയത പറയുന്നവർക്ക് പരവതാനി വിരിക്കരുതെന്ന് പറഞ്ഞ അതേ വി. ഡി. സതീശൻ ഇന്ന് കേരളത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന വർഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേർത്ത് നിർത്തി പാലൂട്ടുകയാണ് എന്നായിരുന്നു ശിവപ്രസാദ് വിമർശിച്ചത്.
എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് സന്ദർശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദിക്ക് കയ്യടിച്ച ലീഗുകാരും കോൺഗ്രസുകാരും നാളെ മൗന ദിനമായി ആചരിക്കുമെന്നും ശിവപ്രസാദ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പരിഹസിച്ചിരുന്നു. ആർവി ബാബുവും ശശികലയും അടക്കമുള്ള നേതാക്കളായിരുന്നു ഇന്നലെ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഇതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആർവി ബാബു പങ്കുവെച്ചിരുന്നു.












Click it and Unblock the Notifications