'മമ്മൂട്ടി ക്ഷണിച്ചിട്ടാണ് പോയത്, തെറ്റായി തോന്നുന്നില്ല, തുടരുകയും ചെയ്യും', മറുപടിയുമായി SFI-DYFI നേതൃത്വം
മമ്മൂട്ടിയെ സന്ദർശിച്ചതിൽ ഇടത് അണികളിൽ നിന്നും ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതൃത്വം. വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അന്നേ അവസാനിച്ചതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം വിജിൻ വ്യക്തമാക്കുന്നു. മാത്രമല്ല മമ്മൂട്ടി ക്ഷണിച്ചത് പ്രകാരമാണ് അദ്ദേഹത്തെ ചെന്ന് കണ്ടതെന്നും നേതാക്കൾ പറയുന്നു.
എം വിജിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' മലയാളത്തിൻ്റെ മഹാനടൻ മമ്മുക്കയുടെ ക്ഷണം സ്വീകരിച്ചാണ് സംസ്ഥാനത്തെ DYFI SFI നേതൃത്വം അദ്ദേഹത്തെ കാണാൻ ചെന്നത് . സ്നേഹപൂർവ്വം സ്വീകരിച്ച് ദീർഘനേരം രാഷ്ട്രീയ സാംസ്കാരിക കാര്യങ്ങളിൽ അഭിപ്രായം പറയുകയും അന്വേഷണങ്ങൾ നടത്തുകയുമുണ്ടായി. അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ മനുഷ്യത്വത്തിൻ്റെ മഹത്തരമായ നിരീക്ഷണങ്ങൾ ജീവിത വീക്ഷണങ്ങൾ എല്ലാം പങ്കു വച്ചു കൊണ്ടായിരുന്നു മമ്മുക്കയുടെ സംസാരം . എഴുപത്തഞ്ച് പിന്നിടുന്ന മലയാളത്തിൻ്റ മഹാപ്രതിഭയോട് തികച്ചും ജനാധിപത്യപരമായ സംവാദമാണ് ഞങ്ങൾ നടത്തിയത് .
വയനാട് ടൗൺഷിപ്പിലെ സന്ദർശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ അവസാനിക്കേണ്ടതായിരുന്നു . സഖാവ് റഫീക്കും മമ്മൂട്ടിയും പരസ്പരം സംസാരിച്ചവസാനിപ്പിച്ച ഒരു കാര്യത്തിൻ്റെ പേരിൽ വീണ്ടും വിമർശനമുന്നയിക്കുന്നത് ശരിയല്ല . സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള വ്യക്തികളോട് യോജിച്ചും വിയോജിച്ചും സംവദിച്ചും കൊണ്ടല്ലാതെ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല . വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾക്കൊപ്പം മാനുഷിക മൂല്യങ്ങളുമുയർത്തിപ്പിടിച്ചു വേണം നമുക്ക് മുന്നേറാൻ''.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പിഎസിന്റെ പ്രതികരണം: ' കഴിഞ്ഞ ദിവസം മലയാളത്തിന്റെ അഭിമാനമായ പ്രിയ നടൻ മമ്മൂട്ടിയോടൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് ഫോട്ടോ നവമാധ്യമങ്ങളിൽ ഞങ്ങൾ പങ്കുവെച്ചിരുന്നു. അതിനെതിരെ സൈബർ അക്രമം അഴിച്ചിവിട്ടതായും കണ്ടു.സിപിഐഎം വയനാട് ജില്ല സെക്രട്ടറിയുമായി ബന്ധപ്പെട്ട വിഷയത്തിന്മേലാണ് ഈ അഭിപ്രായങ്ങൾ എന്നാണെങ്കിൽ പ്രസ്തുത വിഷയം നേരത്തെ തന്നെ പരിഹരിച്ചതുമാണ്.
മമ്മൂട്ടിയെ പോലൊരു കലാകാരൻ എസ്എഫ്ഐ ഭാരവാഹികളെ കാണണം എന്ന് അറിയിച്ച്, ഞങ്ങളെ ക്ഷണിച്ചത് വ്യക്തിപരമായ എന്തെങ്കിലും മേന്മയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് രാജ്യത്തും, കേരളത്തിലും എസ്എഫ്ഐ നടത്തുന്ന ഇടപെടലുകൾക്ക് കിട്ടിയ അംഗീകാരത്തിന്റെ ഭാഗമായാണ്. എസ്എഫ്ഐ യെ നിരോധിക്കണം എന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട ഒരു എം.പിയുള്ള കേരളത്തിൽ മലയാളത്തിന്റെ അടയാളം തന്നെ എസ്എഫ്ഐക്ക് അംഗീകാരം നൽകുമ്പോൾ അത് സംഘടനയുടെ പ്രസക്തി ഇരട്ടിപ്പിക്കുകയാണ്.
ഫോട്ടോ മാത്രമല്ല 2 മണിക്കൂറിൽ അധികം ഞങ്ങളോട് രാഷ്ട്രീയം, മതം, സാംസ്കാരികം, സിനിമ, ചരിത്രം എന്നിങ്ങനെ സർവതലസ്പർശിയായ ചായ ചർച്ചയും നടത്തി നാടിന്റെ ഭാവിയെക്കുറിച്ച് ആശയങ്ങളും പങ്കുവെച്ചു. കലാകാരന്മാരെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകുക എന്നുള്ളതാണ് ഇടത് രാഷ്ട്രീയ നിലപാട്. മമ്മൂട്ടിയെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമായി പരിമിതപ്പെടുത്തുന്നത് തന്നെ ശരിയുമല്ല. അതുകൊണ്ട് മമ്മൂട്ടി മാത്രമല്ല എസ്എഫ്ഐ രാഷ്ട്രീയത്തെ ഉൾക്കൊണ്ട് നമ്മളുമായി ബന്ധപ്പെടുന്ന ഏതൊരു സാംസ്‌കാരിക മുഖത്തെയും കാണുന്നതോ, സംസാരിക്കുന്നതോ തെറ്റായി തോന്നുന്നില്ല, അത് തുടരുകയും ചെയ്യും'.


Click it and Unblock the Notifications
