ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല';മുഖ്യമന്ത്രി
ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിനു മുൻപിൽ ഒരു കാരണവശാലും ഐഎഫ്എഫ്കെ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎഫ്എഫ്കെ സമാന സമ്മേളത്തിൽ സംസ്കാരിക്കുകയായിരുന്നു അദ്ദേഹം. 19 സിനിമകള്‍ക്ക് മേളയിൽ പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നടപടി അങ്ങേയറ്റം അപഹാസ്യമായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'അടിമുടി പുരോഗമന രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുന്ന മേളയാണിത്. എന്നാൽ ഇത്തവണ 19 സിനിമകൾക്ക് പ്രദർശന അനുമതി നിഷേധിച്ചുകൊണ്ട് ഈ മേളയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു കടന്നുകയറ്റം. അങ്ങേയറ്റം അപഹാസ്യമായ തീരുമാനങ്ങളായിരുന്നു കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെത്.

ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയുടെ പ്രദർശന അനുമതി അവർ നിഷേധിച്ചു. എന്താണ് കാരണം ബീഫ് എന്നാൽ അവർക്ക് ഒരർത്ഥമേയുള്ളൂ. ബീഫ് എന്ന് കേട്ടയുടൻ ഇവിടുത്തെ ബീഫാണ് എന്ന് കണക്കാക്കി അതിനെതിരെ വാളെടുക്കുന്ന നിലയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിനു മുൻപിൽ ഒരു കാരണവശാലും ഐഎഫ്എഫ്കെ മുട്ടുമടക്കില്ല ഇല്ല', അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-''കേരളത്തിൻ്റെ മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു തിരശ്ശീല വീണു. മികച്ച ചലച്ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചലച്ചിത്രകാരന്മാർക്ക് അഭിനനന്ദങ്ങൾ നേരുന്നു. സിനിമാ പ്രവർത്തകരും ചലച്ചിത്രാസ്വാദകരും ഉൾപ്പെടെ ഐ.എഫ്.എഫ്.കെ വിജയമാക്കിയ ഏവർക്കും ആശംസകൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ചലച്ചിത്രാവിഷ്കാരങ്ങൾ, അവയിലെ സർഗ്ഗ സ്വരങ്ങൾ, സാമൂഹിക-രാഷ്ട്രീയ ആഖ്യാനങ്ങൾ തുടങ്ങിയവയെ അടുത്തറിയാനുള്ള അവസരമാണ് ഈ മേള ഒരുക്കിയത്. നമ്മുടെ നാടിന്റെ ചലച്ചിത്ര സംസ്കാരത്തെ സമ്പുഷ്‌ടീകരിക്കുന്നതിലും അതുവഴി സാമൂഹിക മനസാക്ഷിയെ കൂടുതൽ പ്രബുദ്ധമാക്കുന്നതിലും ഒരു വലിയ പങ്ക് ചലച്ചിത്രോൽസവത്തിനുണ്ട്. അതോടൊപ്പം ജനാധിപത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമായി നിലകൊള്ളുന്ന ഐ എഫ് എഫ് കെ വർഗീയതയ്ക്കും ഏകാധിപത്യത്തിനും എതിരെയുള്ള ഈ നാടിൻ്റെ പ്രതിരോധരൂപം കൂടിയായി മാറുന്നു.
സർഗ്ഗാവിഷ്കാരങ്ങൾ, അതിൽ തന്നെ സിനിമ, തീവ്ര വലതുപക്ഷ ശക്തികളുടെ വേട്ടയ്ക്ക് വലിയ രീതിയിൽ വിധേയമാവുന്ന, സെൻസർ സർട്ടിഫിക്കറ്റ് പോലുള്ള സാങ്കേതികതകളിലൂടെ സിനിമകൾക്ക് കൂച്ചുവിലങ്ങിടുന്ന സംഘപരിവാറിൻ്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ കൂടുതൽ ഉറച്ച സ്വരങ്ങൾ ഉയരാനും കൂട്ടായ്മകൾ രൂപപ്പെടുത്താനും ഈ മേളയിലൂടെ നമുക്ക് സാധ്യമാകണം.അടുത്ത ചലച്ചിത്രോൽസവം കൂടുതൽ മികവോടെ സംഘടിപ്പിക്കാനുള്ള ഊർജ്ജമാകട്ടെ ഇത്തവണത്തെ മേളയുടെ വിജയം'.












Click it and Unblock the Notifications