'മിനിമം 25,000 വോട്ടിന് ഞങ്ങൾ പുതുപ്പള്ളിയിൽ ജയിക്കും,എൽഡിഎഫ് ആരെ വേണമെങ്കിലും മത്സരിപ്പിക്കട്ടെ'
തിരുവനന്തപുരം: പുതുപ്പള്ളിയിൽ മിനിമം 25,000 വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര് വന്നാലും പ്രശ്നമില്ല. യുഡിഎഫ് മത്സരം നേരിടാൻ തയ്യാറാണ്. ഞങ്ങൾക്ക് യാതൊരു സൗജന്യവും ആവശ്യമില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫിനെ തന്നെ ജനങ്ങൾ തിരഞ്ഞെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഞങ്ങൾക്ക് ഒരു സൗജന്യവും വേണ്ട, പുതുപ്പള്ളിയിൽ ജയിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്‌നമില്ല, ആരെ വേണമെങ്കിലും നിര്‍ത്തട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു.

'പുതുപ്പള്ളിയിൽ മത്സരം ഒഴിവാക്കിക്കൊണ്ടുള്ള യാതൊരു സൗജന്യവും ഞങ്ങൾൾക്ക് വേണ്ട. ഏത് മത്സരവും നേരിടാൻ ഞങ്ങൾ തയ്യാറാണ്. തൃക്കാക്കരയിൽ എൽഡിഎഫിന്റെ പ്രചരണങ്ങളെയെല്ലാം ശക്തമായിട്ടാണ് ഞങ്ങൾ നേരിട്ടത്. ഇത് അതിനെക്കാൾ ഞങ്ങൾക്ക് സുഖമമാണ്. ഉമ്മൻചാണ്ടി ആ മണ്ഡലത്തിൽ സർവ്വസ്വമാണ്. അങ്ങനെയുള്ള അദ്ദേഹത്തിന്റെ പിൻഗാമിയായി യുഡിഎഫ് തന്നെ വിജയിക്കും.
മത്സരിക്കാനും സ്ഥാനാർത്ഥികളെ നിർണയിക്കാനുമൊക്കെയുള്ള അവകാശം മറ്റ് രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മൃഗീയ ഭൂരിപക്ഷത്തോടെ തന്നെ ഞങ്ങൾ ജയിക്കും.ഉമ്മൻചാണ്ടി ഈ നാടിനും ജനങ്ങൾക്കും വേണ്ടി ചെയ്ത കാര്യങ്ങൾ മുൻനിർത്തി തന്നെ ഞങ്ങൾ വോട്ട് തേടും. ജനങ്ങൾ ഞങ്ങളെ അനുഗ്രഹിക്കുമെന്ന കാര്യങ്ങൾ യാതൊരു സംശയവുമില്ല. ഏത് സ്ഥാനാർത്ഥിയെ അവർ നിർത്തിയാലും ഞങ്ങൾക്ക് പ്രശ്നമേ ഇല്ല', മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് ഒരിക്കലും അപമാനമല്ലെന്നും കെ മുരളീധരൻ പറഞ്ഞു. 'ഉമ്മൻചാണ്ടി ഞങ്ങളിലൂടെ നിങ്ങൾ ജീവിക്കുന്നുവെന്നാണ് വിളിച്ചത്. അതിലെന്താണ് തെറ്റ്, ആർക്കും ഗോ ബാക്ക് വിളിച്ചിട്ടില്ലല്ലോ. ഉമ്മൻചാണ്ടിയോടുള്ള അഭിവാദ്യം അവർ അർപ്പിച്ചതാണ്.അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി', മുരളീധരൻ വ്യക്തമാക്കി.
അതേസമയം പുതുപുള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്് ഒരുക്കങ്ങൾ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ തകൃതിയാണ്. മുതിര്‍ന്ന നേതാക്കളായ തിരുഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനുമാണ് തിരഞ്ഞെടുപ്പ് ചുമതല. ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ ഉടന്‍ വിളിച്ചു ചേര്‍ത്തേക്കും. നിലവിൽ ചാണ്ടി ഉമ്മന്റെ പേരാണ് മണ്ഡലത്തിൽ നിന്നും പരിഗണിക്കുന്നതെന്നാണ് വിവരം. മുതിർന്ന നേതാവ് വിഎം സുധീരൻ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സൂചന നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വരണമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാൽ ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി മകനെ പിന്‍ഗാമിയായി പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍ പിൻഗാമിയായി തന്റെ പേര് പറയുന്നത് ശരിയല്ലെന്നുമാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.












Click it and Unblock the Notifications