കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റും വീശിയേക്കും
തിരുവനന്തപുരം: ഡിസംബർ 8, 9 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഈ ദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത ഉണ്ടെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്.
9ാം തീയതി രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, എറണാകുളം, ഇടുക്കി ജില്ലകളിൽ ആണ് യെല്ലോ അലേർട്ട്. 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ 24 മണിക്കൂറിനിടെ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതേ സമയം കഴിഞ്ഞ ദിവസം മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടിരുന്നു.

മിഷോങ് പൂർണമായും കരയിലേക്ക് പ്രവേശിച്ച് കഴിഞ്ഞതായി കാലാവസ്ഥ വകുപ്പ് ഇന്നലെ പറഞ്ഞിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറുകൾക്ക് പിന്നാലെയാണ് ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിച്ചത്. ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കയിരുന്നു. ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയും ഭക്ഷണവും വെള്ളവും സജ്ജമാക്കുകയും ചെയ്തിരുന്നു.
അതേസമയം, ചെന്നൈയിൽ മഴയുടെ ശക്തി കുറഞ്ഞു. മഴയിലും വെള്ളപ്പൊക്കത്തിലും ആകെ 17 പേർക്കാണ് ജീവൻ നഷ്ടമായത്. മത്സ്യബന്ധന ബോട്ടുകളിലും ഫാം ട്രാക്ടറുകളിലും എത്തി സുരക്ഷ ഉദ്യോഗസ്ഥർ ആളുകളെ രക്ഷപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച തമിഴ്നാടിന്റെ വടക്കൻ പ്രദേശങ്ങളിൽ മിഷോങ് ചുഴലിക്കാറ്റ് വീശിയടിച്ചത് നഗരത്തിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്കും മഴക്കെടുതിക്കും കാരണമായി. വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
ചെന്നൈ ഉടനീളമുള്ള എല്ലാ മഴ ബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി ജില്ലാ ഡിസാസ്റ്റർ റെസ്പോൺസ് ടീമുകൾ ( ഡി ഡി ആർ ടി ) രൂപീകരിച്ചിട്ടുണ്ട്., ചെന്നൈയിൽ ദുരിതാശ്വാസ ക്യാമ്പകൾ തുറന്നിട്ടുണ്ട്. ഒമ്പത് ജില്ലകളിലായി 61000 ദുരിതാശ്വാസ ക്യാമ്പകൾ തുറന്നിട്ടുണ്ട്.
നഗരത്തിലെ വെള്ളക്കെട്ട് നീക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വെള്ളപ്പൊക്ക ലഘൂകരണ പ്രവർത്തനങ്ങൾക്കായി ചെന്നൈ കോർപ്പറേഷൻ മറ്റ് ജില്ലകളിൽ നിന്നും തൊഴിലാളികളെ എത്തിക്കുന്നുണ്ട്. 5000 താെഴിലാളികളെ എത്തിച്ചു. ചെന്നൈിലും പരിസര പ്രദേശങ്ങളിലും ബുധനാഴ്ചയും സ്കൂളുകൾക്കും കോളേജുകൾക്കും അവധി ആയിരിക്കും എന്നാണ് അധികൃതർ പറഞ്ഞത്.












Click it and Unblock the Notifications