ഞായറാഴ്ച വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും; 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തമിഴ്നാടിന് മുകളിൽ കേരളത്തിന് സമീപമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമർദ്ദം പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 27 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ബുധനാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ഉള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്, 10 ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്.












Click it and Unblock the Notifications