കേരളത്തിന് സമീപം രണ്ട് ചക്രവാതച്ചുഴികൾ; ഇന്ന് മുതൽ മഴ ശക്തമാകും; 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ മഴ തുടരും. ഇന്ന് മുതൽ അഞ്ച് ദിവസം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്, വ്യാഴാഴ്ച ഒരു ജില്ലയിലാണ് ഓറഞ്ച് അലേർട്ട്. വ്യാഴാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.

നിലവിൽ കന്യാകുമാരിക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്, ഇതിന്റെ ഫലമായാണ് വിവിധ ജില്ലകളിൽ മഴ പ്രതീക്ഷിക്കുന്നത്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യത ഉണ്ടെന്നാണ് പറയുന്നത്. നവംബർ 21 മുതൽ 25 വരെ ഉള്ള തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും നവംബർ 22, 23 തീയതികളിൽ അതി ശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് അറിയിപ്പ് നൽകിയിരിക്കുന്നത്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കിയിൽ മാത്രം ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യപിച്ചിട്ടുണ്ട്.












Click it and Unblock the Notifications