പിസി ജോര്‍ജിനെതിരെ വീണ്ടും പരാതി; നടപടി വേണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും
കോഴിക്കോട്: ജനപക്ഷം നേതാവ് പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ വീണ്ടും പരാതി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് പിന്നാലെ വെല്‍ഫെയര്‍ പാര്‍ട്ടിയും ഡിജിപിക്ക് പരാതി നല്‍കി. വിദ്വേഷം പരത്തുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസും പിസി ജോര്‍ജിനെതിരെ രംഗത്തുവന്നു. വിടി ബല്‍റാം, ഷാഫി പറമ്പില്‍, എംഎം ഹസന്‍ തുടങ്ങിയവരും ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ വേദിയിലായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പ്രസംഗം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലാണ് പിസി ജോര്‍ജ് സംസാരിച്ചത്. മുസ്ലിം വ്യാപാരികളുടെ കടയില്‍ നിന്ന് സാധനം വാങ്ങരുതെന്നായിരുന്നു വിദ്വേഷ പ്രസംഗം. കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്. മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ പെരുപ്പിച്ച് ഇന്ത്യയെ മുസ്ലിം രാജ്യമാക്കാന്‍ മാറ്റാന്‍ ശ്രമിക്കുകയാണ്. മുസ്ലിം പണ്ഡിതന്‍മാര്‍ ഭക്ഷണത്തില്‍ മൂന്ന തവണ തുപ്പുന്നു തുടങ്ങി വളരെ മോശമായ ആരോപണങ്ങളാണ് പിസി ജോര്‍ജ് ഉന്നയിച്ചത്.

ഇത്തരം പ്രസ്താവനകള്‍ നാട്ടില്‍ കുഴപ്പുണ്ടാക്കുമെന്നും സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുമെന്നും പികെ ഫിറോസ് പരാതിയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അദ്ദേഹം പരാതി സമര്‍പ്പിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിയും ഡിജിപിക്ക് പരാതി നല്‍കി. സംഭവത്തില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് കൈകൂപ്പി ഫേസ്ബുക്ക് പോസ്റ്റിട്ടു. പിസി ജോര്‍ജിന്റെ സഹോദരന്റെ മകന്‍ ക്ഷമ ചോദിച്ച് രംഗത്തുവന്നു.
സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്പിഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ ആവശ്യപ്പെട്ടു. ഉത്തരേന്ത്യയില്‍ നടന്ന ധര്‍മസന്‍സദ് അനന്തപുരി ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുകയായിരുന്നു. പരമത വിദ്വേഷവും മതസ്പര്‍ദ്ദയുണ്ടാക്കുന്ന തരത്തിലുമുള്ള പരിപാടിയില്‍ സംസാരിച്ചവരുടെയെല്ലാം ആഹ്വാനങ്ങള്‍ സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കുന്നതാണ്. ഐക്യത്തിലും സാഹോദര്യത്തിലും കഴിയുന്ന സമൂഹങ്ങളെ പരസ്പരം സംശയാലുക്കളും ശത്രുക്കളുമാക്കുന്ന തരത്തിലായിരുന്നു പ്രഭാഷണങ്ങള്‍. ശാന്തിമന്ത്രം ഉരുവിടുന്ന യഥാര്‍ത്ഥ ഹിന്ദുവിനെ പോലും അവഹേളിക്കുന്നതായിരുന്നു പരിപാടി. പോലീസ് നിയമ നടപടി സ്വീകരിക്കണം. ഇത്തരം വിദ്വേഷ പ്രചാരകരെ കൈയാമം വെച്ചില്ലെങ്കില്‍ കേരളം മറ്റൊരു യുപിയായി മാറുമെന്നും അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു.












Click it and Unblock the Notifications