'2 മാസത്തെ പെൻഷൻ മാത്രം, അതിനെയാണ് തമ്പ്രന്റെ ഔദാര്യമായി കൊട്ടിഘോഷിക്കുന്നത്'; വിമർശിച്ച് ബൽറാം
വിഷു പ്രമാണിച് രണ്ടു മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്കുള്ള വിഷുക്കൈനീട്ടമാണിതെന്നും ഇതിനായി 1871 കോടി രൂപയാണ് സർക്കാർ അനുവദിച്ചതെന്നുമായിരുന്നു മന്ത്രി വ്യക്തമാക്കിയത്.
എന്നാൽ "വിഷു പ്രമാണിച്ചി"ല്ലെങ്കിൽ ഇപ്പോഴും ക്ഷേമ പെൻഷൻ നൽകില്ല എന്നാണോ മന്ത്രി പറഞ്ഞുവയ്ക്കുന്നതെന്ന് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വിടി ബൽറാം ചോദിച്ചു. പൗരർക്ക് മാസം തോറും മുടങ്ങാതെ നൽകുമെന്ന് ഉറപ്പുനൽകപ്പെട്ട ഒരു അവകാശം നാല് മാസമായി നൽകാതെ വീഴ്ചവരുത്തിയിട്ട് പിന്നീടതിൽ നിന്ന് രണ്ട് മാസത്തെ തുക മാത്രം നൽകുന്നതിനെയാണ് ജനാധിപത്യത്തിലെ ഒരു മന്ത്രിയും സൈബർ സേനയും ഇങ്ങനെ തമ്പ്രാന്റെ ഔദാര്യമായി കൊട്ടിഗ്ഘോഷിക്കുന്നതെന്നും ബൽറാം വിമർശിച്ചു.

സംസ്ഥാന ബജറ്റിലൂടെ ഇന്നാട്ടിലെ ഏറ്റവും സാധാരണക്കാരായ പൗരർക്ക് മാസം തോറും മുടങ്ങാതെ നൽകുമെന്ന് ഉറപ്പുനൽകപ്പെട്ട ഒരു അവകാശം നാല് മാസമായി നൽകാതെ വീഴ്ചവരുത്തിയിട്ട് പിന്നീടതിൽ നിന്ന് രണ്ട് മാസത്തെ തുക മാത്രം നൽകുന്നതിനെയാണ് ജനാധിപത്യത്തിലെ ഒരു മന്ത്രിയും സൈബർ സേനയും ഇങ്ങനെ തമ്പ്രാന്റെ ഔദാര്യമായി കൊട്ടിഗ്ഘോഷിക്കുന്നത്.
"വിഷു പ്രമാണിച്ചി"ല്ലെങ്കിൽ ഇപ്പോഴും ക്ഷേമ പെൻഷൻ നൽകില്ല എന്നാണോ മന്ത്രി പറഞ്ഞുവയ്ക്കുന്നത്? ജനുവരി മുതൽ കേരളത്തിൽ ക്ഷേമ പെൻഷനുകൾ പെൻഡിംഗാണ്. മസ്റ്ററിംഗിന്റെ പേര് പറഞ്ഞ് ലക്ഷക്കണക്കിനാളുകളെ പെൻഷൻ പട്ടികയിൽ നിന്നൊഴിവാക്കി. എന്നിട്ടും ബാക്കിയുള്ളവർക്ക് പെൻഷൻ കൊടുക്കാൻ ഖജനാവിൽ പണമില്ല. അതിനായി കിഫ്ബി മോഡലിൽ കടമെടുക്കുകയാണ് സർക്കാർ.
കഴിഞ്ഞ വർഷത്തെ കടമെടുപ്പ് പരിധിയെല്ലാം നേരത്തേ കഴിഞ്ഞതുകൊണ്ട് പുതിയ സാമ്പത്തിക വർഷം പിറക്കുന്ന ഏപ്രിൽ 1 വരെ കാത്തിരിക്കേണ്ടി വരുന്നു സർക്കാരിന് പെൻഷനടക്കമുള്ള അടിസ്ഥാനപരമായ ചുമതലകൾ നിറവേറ്റാൻ. അതുകൊണ്ടാണ്, അല്ലാതെ "വിഷു പ്രമാണിച്ച"ല്ല പെൻഷൻ ഇപ്പോൾ മാത്രം നൽകുന്നത്. ഈ നൽകുന്ന ഓരോ രൂപയും കേരളത്തിന്റെ മേലുള്ള അധിക കടബാധ്യതയായി മാറുകയാണ്.
കടം വാങ്ങാതെ തന്നെ ഖജനാവിലെ നികുതി വരുമാനമുപയോഗിച്ചു കൊണ്ടാണ് മുൻകാലങ്ങളിൽ പെൻഷൻ നൽകിപ്പോന്നിരുന്നത്. മസാലദോശയിൽ പോലും ഭരണഘടനാവിരുദ്ധതയും ബ്രാഹ്മണിക് ഹെജമണിയും ഗവേഷണം ചെയ്തെടുക്കുന്ന കേരളത്തിലെ "ഇടതുപക്ഷ" ബുദ്ധിജീവികളൊന്നും സിപിഎം മന്ത്രിപുംഗവന്മാരുടെ ഈ വക മാടമ്പിത്തരമൊന്നും കാണാതെപോകുന്നതെന്തുകൊണ്ടാണ്?', പോസ്റ്റിൽ ബൽറാം പറഞ്ഞു.












Click it and Unblock the Notifications