'പുതുപ്പള്ളിയില്‍ ജെയ്ക്ക് വിജയിച്ചേക്കാം'; ഇടതുപക്ഷത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകങ്ങള്‍
കോട്ടയം: പുതുപ്പള്ളിയില്‍ വിജയ പ്രതീക്ഷ കൈവിടാതെ എല്‍ ഡി എഫ്. ജെയ്ക് സി തോമസ് സ്ഥാനാർത്ഥിയായി എത്തിയതോടെ യു ഡി എഫിന് ഈസി വാക്ക് ഓവർ എന്ന നിലയില്‍ നിന്നും കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്നാണ് എല്‍ ഡി എഫ് നേതാക്കള്‍ വിലയിരുത്തുന്നത്. ഉമ്മന്‍ ചാണ്ടിയില്ലാത്ത മണ്ഡലത്തില്‍ അരനൂറ്റാണ്ടിന് ശേഷം വിജയം തിരികെ പിടിക്കാമെന്നും സി പി എം പ്രതീക്ഷിക്കുന്നു. ഇതിനായി ശക്തമായ പ്രചരണങ്ങളായിരിക്കും വരും ദിവസങ്ങളില്‍ പുതുപ്പള്ളിയില്‍ നടത്തുക.
സഹതാപം വലിയരീതിയിൽ മണ്ഡലത്തിൽ സ്വാധീനിക്കില്ലെന്നാണ് എല്‍ ഡി എഫ് കാണുന്ന ഏറ്റവും വലിയ അനുകൂല ഘടകങ്ങളിലൊന്ന്. രാഷ്ട്രീയ-വികസന വിഷയങ്ങൾ ചർച്ചയാക്കി സഹതാപ തരംഗത്തെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും അത് വിജയം കാണുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ വികസനകാര്യങ്ങൾ ഉന്നയിക്കാൻ പാകത്തിൽ ഇടതുപക്ഷ അനുഭാവികളുടെ വീടുകൾ സന്ദർശിച്ച് പ്രചാരണംനടത്തിയതും ഗുണകരമാവുമെന്ന് ഇടത് കേന്ദ്രങ്ങള്‍ കണക്ക് കൂട്ടുന്നു.

2021 ല്‍ കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫിന്റെ ഭാഗമായിരുന്നെങ്കിലും യു ഡി എഫിന് വേണ്ടി ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതിനാല്‍ പ്രവർത്തകരുടെ വോട്ട് പൂർണ്ണമായും ജെയ്ക്ക് സി തോമസിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കേരള കോണ്‍ഗ്രസ് എം പ്രവർത്തകർ ഇടതുപക്ഷവുമായി വലിയ രീതിയില്‍ ഇഴകിചേർന്നിട്ടുണ്ട്. ഇത് വോട്ടിങ്ങില്‍ പ്രതിഫലിച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നു.
മണ്ഡലത്തില്‍ 42 ശതമാനത്തോളം വോട്ടാണ് സിപിഎമ്മിനുള്ളത്. ഉമ്മൻചാണ്ടിക്കൊപ്പമുണ്ടായിരുന്ന പലരും ഈ തിരഞ്ഞെടുപ്പിൽ നിർജീവമായി നിൽക്കുന്നുണ്ട്. ഓർത്തഡോക്‌സ് വിഭാഗത്തിൽ സ്വാധീനമുള്ളവരാണിവർ. ഈ വോട്ടുകളിൽ ഒരുഭാഗം മറിഞ്ഞാൽ എൽ ഡി എഫിന് ഗുണംചെയ്യും. യാക്കോബ വിഭാഗത്തിന്റെ നിലപാടും ഇടത് പ്രതീക്ഷ വർധിപ്പിക്കുന്നു.
25,000 വോട്ടുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി പാർട്ടി ജില്ലാ സെക്രട്ടറിയെ തന്നെ പുതുപ്പള്ളിയില്‍ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത് അവർ അധികമായി വോട്ടുപിടിച്ചാൽ അത് എൽ ഡി എഫിനെ തുണയ്ക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 11694 വോട്ടായിരുന്നു മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാർത്ഥി പുതുപ്പള്ളയില്‍ പിടിച്ചത്. 2021 ല്‍ ജോർജ് കൂര്യന്‍ നേടിയ 15,993 ആണ് പുതുപ്പള്ളിയില്‍ ബി ജെ പിക്ക് ലഭിച്ച ഏറ്റവും ഉയർന്ന വോട്ട്.












Click it and Unblock the Notifications