മോഹന്‍ലാലിനെതിരെ പരാതി നല്‍കും: അവിടെ പോകുക മാത്രമാണോ ചെയ്തത്, മോഹന്‍ലാല്‍ അതും ചെയ്തില്ലേയെന്ന് ചെകുത്താന്‍
പത്തനംതിട്ട: നടന്‍ മോഹന്‍ലാലിനെതിരെ നടത്തിയ പരാമർശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് യുട്യൂബര്‍ അജു അലക്സ് (ചെകുത്താൻ). പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു, മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാലിനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയായിരുന്നു അജു അലക്സിന്റെ പ്രതികരണം.
മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദർശിച്ചതിനൊയിരുന്നു അധിക്ഷേപരമായ വാക്കുകളിലൂടെ അജു അലക്സ് വിമർശിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തമേഖലയില്‍ പോയില്ലെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ്. മോഹന്‍ലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി നല്‍കും. ചെകുത്താന്‍ എന്ന തന്റെ പേജുകളില്‍ അടക്കം തുടർന്നും അഭിപ്രായങ്ങള്‍ പറയുമെന്നും വ്ളോഗർ വ്യക്തമാക്കുന്നു.

പരാതി കിട്ടിയതിനെ തുടർന്ന് തലേദിവസം എന്നെ വിളിച്ചിരുന്നു. നാളെ രാവിലെ ചെന്നാല്‍ മതിയെന്നായിരുന്നു അപ്പോള്‍ പറഞ്ഞത്. എന്നാല്‍ വൈകുന്നേരമായപ്പോള്‍ ഞാന്‍ ഒളിവില്‍ പോയി എന്ന തരത്തിലൊക്കെ വാർത്ത വരുന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. പിറ്റേദിവസം രാവിലെ തന്നെ നമ്മള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ട്.
സ്റ്റേഷനില്‍ എത്തിയ എന്നെ കസ്റ്റഡിയിലെടുത്ത്. അഴിയൊക്കെയുള്ള ഫോട്ടോ വന്നപ്പോള്‍ എന്നെ ജയിലില്‍ ഇട്ടപ്പോലത്തെ ഒരു പ്രതീതി വന്നു. മെഡിക്കലും മൊഴിയുമൊക്കെ എടുത്ത്. തെളിവെടുക്കാനായി റൂമില്‍ പോയി. ചില സാധനങ്ങളൊക്കെ അവർ എടുക്കുകയും ചെയ്തു. അവസാനം വൈകീട്ട് സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്ത് വിടുകയും ചെയ്തെന്നും അജു അലക്സ് പറയുന്നു.
ഞാന്‍ പറഞ്ഞ കാര്യം ഇവിടെ പലരും പറയുന്നുണ്ട്. ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ല. മോഹന്‍ലാല്‍ ഒരിക്കലും അവിടേക്ക് പോകാന്‍ പാടില്ലായിരുന്നു. പോയാലും അത്രയും സമയം അവിടെ ചിലവഴിക്കരുതായിരുന്നു. ജീവനുകള്‍ രക്ഷിക്കുന്ന വിലപ്പെട്ട സമയമാണല്ലോ. എത്ര ആളുകളാണ് ചുറ്റും കൂടി നിന്ന് സെല്‍ഫിയും ഫോട്ടോയും എടുക്കുന്നത്. മാത്രവുമല്ല, ഈ എടുത്ത ഫോട്ടോയില്‍ ഒന്നും മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്.
ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നു. സെലിബ്രിറ്റി ആയതുകൊണ്ടാണ് ആളുകള്‍ കൂടിയത്. പോലീസ് പറഞ്ഞത് പ്രകാരമാണ് ആ വീഡിയോ ഡിലീറ്റ് ചെയ്തതെന്നും അജു അലക്സ് കൂട്ടിച്ചേർക്കുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയില്‍ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തെയായിരുന്നു അജു അലക്സ് രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചത്. ഇതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖാണ് വ്ലോഗർക്കെതിരെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.












Click it and Unblock the Notifications