വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ്
ശബരിമല സ്വർണ്ണക്കൊള്ളയും ഡീലും വയനാട് ഫണ്ട് തട്ടിപ്പുമൊക്കെ കടന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചർച്ചയായത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ വിഷയം ആണ്. 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഇതിന് തുടക്കമിട്ടത്. വാഹനങ്ങള്‍ അപകടകരമല്ലാതെ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇതിന് അനുമതി നല്‍കുമെന്നുമുള്ള സതീശന്റെ വാക്കുകൾ ന്യൂജെൻ പിള്ളേർക്കിടയിൽ ഹിറ്റായി.
തമ്പ്നൈലിലും ക്യാപ്ഷനിലും 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്ന് പ്രഖ്യാപിച്ച് സതീശൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയാണ് വൈറലായത്.'അപകടകരമല്ലാത്ത രീതിയില്‍ വണ്ടിയില്‍ നടത്തുന്ന മോഡിഫിക്കേഷനുകള്‍ തെറ്റല്ല. അപകടകമായത് സമ്മതിക്കില്ല. അല്ലാതെയുള്ള മോഡിഫിക്കേഷന്‍സ് നടത്തട്ടെ. ചെറുപ്പക്കാര്‍ക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ. അവരത് ഭംഗിയായി കൊണ്ടുനടക്കുന്നതല്ലേ, അതിലെന്താ തെറ്റ്? പ്രകടനപത്രികയില്‍ ഞങ്ങള്‍ അത് പറഞ്ഞിട്ടുണ്ട്' -ഇതായിരുന്നു വി.ഡി. സതീശന്റെ വാക്കുകൾ.

ഈ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ കത്തിക്കയറി. 60 ലക്ഷത്തിലധികം ആളുകളാണ് ഈ റീൽ കണ്ടത്. പ്രതിപക്ഷനേതാവിന്റെ നിലപാടുകളെ സ്വാഗതം ചെയ്ത് 24000ത്തിലേറെ കമന്റുകളും വന്നു. നാലര ലക്ഷത്തിലേറെ ഷെയറുകളും ഉണ്ടായി. സംഗതി യൂത്ത് ഏറ്റെടുത്തതോടെ വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ യുവാക്കളെ കൈയിലെടുക്കാൻ ശ്രമിക്കുന്ന സതീശന് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മോട്ടോർ വാഹന നിയമം എങ്ങനെയാണ് സതീശൻ മാറ്റുന്നതെന്ന് ചോദിച്ച ഗണേഷ് മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധമെന്ന് പരിഹസിക്കുകയുംചെയ്തു.
'വാഹനങ്ങളിൽ അധിക ലൈറ്റുകൾ വെക്കുന്നതിനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ശക്തമായ വിധിയുണ്ട്. വണ്ടിയിൽ ഒരു അധിക ലൈറ്റ് വെച്ചാൽ 5000 രൂപ പിഴ അടിക്കണമെന്നത് ഹൈകോടതി നിർദ്ദേശമാണ്. രണ്ടാഴ്ച കൂടുമ്പോൾ കോടതി ഈ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. കോടതി വിധിയെ മറികടന്നുകൊണ്ട് എങ്ങനെയാണ് പ്രകടനപത്രികയിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്താൻ കഴിയുക?’- ഗണേഷ് കുമാർ ചോദിച്ചു.
അമിത പ്രകാശമുള്ള ലൈറ്റുകൾ എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ആലപ്പുഴയിൽ ആറ് മെഡിക്കൽ വിദ്യാർത്ഥികൾ മരിക്കാനിടയായ അപകടം ഇതിന് ഉദാഹരണമാണ്. അമിത പ്രകാശമുള്ള ലൈറ്റ് കണ്ണിലടിച്ചപ്പോൾ ഉണ്ടായ ആശയക്കുഴപ്പത്തിലാണ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വണ്ടി ബസിലിടിച്ചത്. ഇത്തരം ദുരന്തങ്ങൾ മറന്നുപോകരുത്’- ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു.
വാഹനങ്ങളുടെ ഡിസൈൻ എന്നത് ശാസ്ത്രീയമായി നിർമ്മിച്ച് അനുമതി വാങ്ങിയ ഒന്നാണ്. അതിൽ മാറ്റം വരുത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. വലിയ ടയറുകൾ ഘടിപ്പിക്കാൻ വേണ്ടി വണ്ടിയുടെ ബോഡിയിൽ മാറ്റം വരുത്തുന്നത് ടയർ ഊരിപ്പോകാനും നിയന്ത്രണം നഷ്ടപ്പെടാനും ഇടയാക്കും. ഇത്തരം മാറ്റങ്ങൾ ശാസ്ത്രീയമല്ലെന്നും സുരക്ഷയെ ബാധിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
വാഹനത്തിന്റെ ഘടനയെ ബാധിക്കാത്ത മാറ്റങ്ങൾ വരുത്തുന്നതിനോട് സർക്കാർ എതിരല്ല. അപകടകരമല്ലാത്ത മാറ്റങ്ങൾ അനുവദിക്കണമെന്ന് താൻ നേരത്തെ തന്നെ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ വലിയ ശബ്ദമുണ്ടാക്കുന്ന സൈലൻസറുകളും കോടതി വിലക്കിയ ലൈറ്റുകളും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സതീശന്റെ പ്രതികരണം ഇലക്ഷന് ആളെ പറ്റിക്കാന്‍ പറയുന്നതാണെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 'മോഡിഫിക്കേഷന്‍ പാടില്ലെന്നത് കേന്ദ്ര നിയമമാണ്. സംസ്ഥാനത്തെ മന്ത്രി എന്ന നിലയില്‍ ആളെ പറ്റിക്കാന്‍ ഇത്തരം അവകാശവാദങ്ങള്‍ പറയാന്‍ എനിക്കാവില്ല. അത് ഭരണഘടനാ ലംഘനമാകും. ഞാനൊക്കെ ചെറുപ്പത്തില്‍ വാഹനങ്ങള്‍ നല്ല പോലെ ആള്‍ട്ടറേഷന്‍ ചെയ്യുമായിരുന്നു. അതൊക്കെ അന്തകാലം. അന്ന് നിയമങ്ങളില്ലായിരുന്നു'- ഗണേഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications