2000 രൂപ നോട്ട് ഇനി എന്ത് ചെയ്യും? മാറ്റിയെടുക്കാന്‍ ഒരൊറ്റ മാര്‍ഗം... അറിയാം വിശദാംശങ്ങള്‍
കൊച്ചി: 2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള അവസരം ഇന്ന് അവസാനിക്കുകയാണ്. സെപ്തംബര്‍ 30നകം നോട്ട് ബാങ്കില്‍ നിന്ന് മാറ്റാം എന്നാണ് ആര്‍ബിഐ നാല് മാസം മുമ്പ് അറിയിച്ചിരുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ 2000 രൂപ നോട്ട് ഇടപാടുകള്‍ക്ക് സ്വീകരിക്കില്ല. കടലാസ് മാത്രമായി ഇത് മാറുമെന്ന് ചുരുക്കം. എങ്കിലും ഒരു മാര്‍ഗം ബാക്കിയാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ 2016ല്‍ 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ച ശേഷമാണ് 2000 രൂപ നോട്ട് ആര്‍ബിഐ പുറത്തിറക്കിയത്. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടി. എന്നാല്‍ വിപണിയില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ ഏറെകുറെ തിരിച്ചുവന്നതോടെ സര്‍ക്കാര്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തു. 2000 രൂപ നോട്ട് സാധാരണക്കാരന് വലിയ ഗണം ചെയ്യില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

നാല് മാസം മുമ്പാണ് ആര്‍ബിഐ 2000 രൂപ നോട്ട് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കൈവശമുള്ളവര്‍ തൊട്ടടുത്ത ബാങ്കുകളിലോ ആര്‍ബിഐ റീജ്യണല്‍ ഓഫീസുകളിലോ നല്‍കി മാറ്റിയെടുക്കാവുന്നതാണ് എന്നും അറിയിച്ചു. സെപ്തംബര്‍ 30നകം രൂപ മാറ്റിയെടുക്കണം എന്നായിരുന്നു നിര്‍ദേശം. ഇനി 2000 രൂപ മാറ്റിയെടുക്കാന്‍ അവസരമുണ്ടോ എന്നാണ് ഏവര്‍ക്കും അറിയേണ്ടത്.
2000 രൂപ നോട്ട് ഇനി ആര്‍ബിഐയുടെ ഓഫീസുകളില്‍ നിന്ന് മാത്രമേ മാറാന്‍ കഴിയൂ. നിലവില്‍ കൈവശമുള്ളവര്‍ക്ക് ബാങ്കുകളില്‍ നിന്ന് മാറ്റാന്‍ സാധിക്കില്ല. ബാങ്കുകളില്‍ നിക്ഷേപിക്കാനും കഴിയില്ല. അതിനുള്ള സമയ പരിധി 30ന് അവസാനിച്ചു. ഇടപാടുകള്‍ക്ക് ഉപയോഗിക്കാനും സാധിക്കില്ല. ആര്‍ബിഐ ഓഫീസില്‍ നല്‍കി മാറ്റിയെടുക്കുക മാത്രമാണ് പോംവഴി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു സമയം 20000 രൂപ വരെയുള്ള 2000 രൂപാ നോട്ടുകളാണ് മാറ്റി നല്‍കാന്‍ അനുവദിച്ചിരുന്നത്. 93 ശതമാനം 2000 നോട്ടുകള്‍ തിരിച്ച് ബാങ്കുകളിലെത്തി എന്ന് സെപ്തംബര്‍ ഒന്നിന് ആര്‍ബിഐ അറിയിച്ചിരുന്നു. ആഗസ്റ്റ് 31 വരെ ബാങ്കുകളില്‍ എത്തിയത് 3.32 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 നോട്ടുകളാണ്. എന്തിനാണ് 2000 രൂപ നോട്ട് ആര്‍ബിഐ പിന്‍വലിക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. അതിനുള്ള ഉത്തരം ഇങ്ങനെയാണ്...
1934ലെ ആര്‍ബിഐ നിയമത്തിലുള്ള സെക്ഷന്‍ 24(1) പ്രകാരം 2016ലാണ് 2000 രൂപ നോട്ട് പുറത്തിറക്കിയത്. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ വിപണിയില്‍ അടിയന്തരമായി പണം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ശേഷം 500, 200, 100, 50, 10 രൂപയുടെ പുതിയനോട്ടുകള്‍ വിവിധ ഘട്ടങ്ങളിലായി പുറത്തിറക്കി. വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
ഇനി 2000 നോട്ടിന്റെ ആവശ്യമില്ല എന്ന നിഗമനത്തില്‍ എത്തിയ സാഹചര്യത്തിലാണ് പിന്‍വലിക്കുന്നത് എന്ന് കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരി സൂചിപ്പിച്ചു. അതേസമയം, 1000 രൂപ വീണ്ടും തിരിച്ചെത്തുമെന്ന അഭ്യൂഹം പരക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരോ ആര്‍ബിഐയോ ഔദ്യോഗികമായി തീരുമാനം എടുത്തിട്ടില്ല.












Click it and Unblock the Notifications