വേടന്റെ സ്ഥാനത്ത് ദിലീപ് ആയിരുന്നെങ്കിലോ; പ്രകാശ് രാജിനും വിമര്‍ശനം, 'അവാര്‍ഡ് അംഗീകരിക്കുന്നു'
സംസ്ഥാന ചലച്ചിത്ര പുരസ്‌കര പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി സംവിധായകനും നിര്‍മാതാവുമായ കെപി വ്യാസന്‍. റാപ്പര്‍ വേടന് പുരസ്‌കാരം നല്‍കിയതാണ് അദ്ദേഹം എടുത്തുപറയുന്നത്. വേടന്റെ സ്ഥാനത്ത് ദിലീപ് ആയിരുന്നെങ്കിലോ എന്നും വ്യാസന്‍ ചോദിക്കുന്നു. സാംസ്‌കാരിക നായകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും അദ്ദേഹം പരിഹസിച്ചു.
അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ആയ നടന്‍ പ്രകാശ് രാജിനെയും കെപി വ്യാസന്‍ വിമര്‍ശിച്ചു. നല്ല ഒന്നാന്തരം കമ്മിയാണ് പ്രകാശ് രാജ് എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും അവാര്‍ഡിനെ അംഗീകരിക്കുന്നു എന്നും വ്യാസന്‍ കുറിച്ചു.

മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഷംല ഹംസയെയയുമാണ് ജൂറി തിരഞ്ഞെടുത്തത്. മഞ്ഞുമ്മല്‍ ബോയ്‌സിന് 10 പുരസ്‌കാരങ്ങള്‍ ലഭിച്ചു. വേടന്‍, സൗബിന്‍ ഷാഹിര്‍, ആസിഫലി, ജ്യോതിര്‍മയി, ദര്‍ശന, ടൊവിനോ, സുശിന്‍ ശ്യാം, ഫാസില്‍മുഹമ്മദ്, ചിദംബരം തുടങ്ങി നിരവധി പേര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. പുരസ്‌കാരം പ്രഖ്യാപിച്ച പിന്നാലെയാണ് കെപി വ്യാസന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. വേടന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
കെപി വ്യാസന്റെ കുറിപ്പ് ഇങ്ങനെ: വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാർ എന്തുമാത്രം ബഹളം വച്ചേനെ? മാധ്യമ പൂങ്കവന്മാർ ചർച്ചിച്ചു ചർച്ചിച്ചു നേരം വെളുപ്പിക്കുമായിരുന്നില്ലേ?
ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ......
ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുന്നവർ മാത്രം അവാർഡിന് അയച്ചാൽ മതി എന്ന് നിബന്ധനയും ഉണ്ട്. ആയതിനാൽ ഞാൻ ഈ അവാർഡിനെ അംഗീകരിക്കുന്നു. അറിയപ്പെടുന്ന നല്ല ഒന്നാന്തരം കമ്മിയായ പ്രകാശ് രാജ് ആണ് ചെയർമാൻ എങ്കിലും 😂
നബി : ചില വർഷങ്ങൾക്കു മുൻപ് കമ്മാരസംഭവം എന്ന ചിത്രത്തിന് ദിലീപിന് അവാർഡ് കൊടുക്കുമോ എന്ന് ഭയപ്പെട്ട് അദ്ദേഹത്തെ പരിഗണിക്കരുത് എന്ന് പറഞ് ബഹളം വച്ച സാംസ്കാരിക നായകർക്കും സർക്കാരിന് തന്നെയും നല്ല നമസ്കാരം 🙏












Click it and Unblock the Notifications