മമ്മൂട്ടിക്ക് എന്താണ് അസുഖം? ചികിത്സയ്ക്ക് അമേരിക്കയിൽ ആണോ? ക്ഷീണിച്ച് കിടപ്പിലാണോ? വെളിപ്പെടുത്തി സഹോദരൻ
മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയെ പൊതുമധ്യത്തിൽ കണ്ടിട്ട് നാളുകൾ ഏറെയായി. അസുഖബാധിതനായിരുന്ന അദ്ദേഹം ചികിത്സയും വിശ്രമവുമായി സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഈയടുത്താണ് അദ്ദേഹം രോഗമുക്തനായത്. എങ്കിലും ഇതുവരെ പൊതുമധ്യത്തിലേക്ക് വന്നിട്ടില്ല. മമ്മൂട്ടിയുടെ രോഗം എന്തായിരുന്നുവെന്നും ചികിത്സയ്ക്ക് അമേരിക്കയിൽ പോയെന്നും പല തരത്തിലുളള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.. ഇതേക്കുറിച്ച് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി.
ഇബ്രാഹിംകുട്ടിയുടെ വാക്കുകൾ: '' ഒരാള്‍ക്ക് ഒരു അസുഖം വരിക എന്നുളളത് വലിയ അത്ഭുതമുളള കാര്യമൊന്നും അല്ല. ആര്‍ക്കും വരാം. അസുഖത്തിന് മാറാന്‍ ഒരു സമയപരിധി ഉണ്ട്. മൂപ്പര്‍ക്ക് ചികിത്സയൊക്കെ കഴിഞ്ഞു. എന്താണ് അസുഖം എന്നതല്ല. ഒരു അസ്വസ്ഥത വന്നു, അത് മാറി. ടെസ്റ്റുകളെല്ലാം നെഗറ്റീവ് ആണ് എന്ന് അറിഞ്ഞപ്പോള്‍ മീഡിയ ഒക്കെ വിളിക്കാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞാല്‍ ആധികാരികത ഉണ്ടല്ലോ. അങ്ങനെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അത് മൂപ്പരോടും പറഞ്ഞിരുന്നു.
മമ്മൂട്ടിക്ക് വയ്യായ്ക ഉണ്ട് എന്ന് പ്രചരിച്ചപ്പോള്‍ ആളുകള്‍ ചോദിക്കുമെങ്കിലും ഒന്നും പറഞ്ഞിട്ടില്ല. പിന്നെ സോഷ്യല്‍ മീഡിയ തീരുമാനിക്കുകയാണ്, എന്താണ് അസുഖം, ചികിത്സ അമേരിക്കയിലാണോ ആഫ്രിക്കയിലാണോ എന്നൊക്കെ. ഉളളിലൊരു വിഷമം കിടക്കുമ്പോഴും ഇങ്ങനെ മണ്ടത്തരങ്ങള്‍ വിളിച്ച് പറയുന്നത് കാണുമ്പോള്‍ ചിരി വരും.

വീട്ടിലെ കാരണവരാണ് അദ്ദേഹം. അച്ഛനില്ല. അപ്പോള്‍ വീട്ടിലെ മൂത്ത ആളെന്ന നിലയില്‍ നമ്മുടെ എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് ചോദിച്ചിട്ടേ ചെയ്യൂ. യൂട്യൂബില്‍ ഒരു വീഡിയോ ഇട്ടാല്‍ അത് പുള്ളി കണ്ടെങ്കിലേ ഒരു സമാധാനം ഉളളൂ. അത് വരെ ടെന്‍ഷനാണ്.
നമ്മള്‍ എത്ര ഒളിക്കാന്‍ ശ്രമിച്ചാലും ആളുകള്‍ക്ക് മനസ്സിലാകുന്ന ഒരു കാര്യം ഉണ്ട്. ഞങ്ങളുടെ പ്രായം. എത്ര ഡൈ ചെയ്താലും എത്ര യംഗ് ആണെന്ന് പറഞ്ഞാലും ആളുകള്‍ക്ക് അറിയാം പുളളിക്ക് ഇത്ര പ്രായം ഉണ്ടെന്ന്. മമ്മൂട്ടിയുടെ ഇളയ ആളാണ് ഇയാള്‍ക്ക് ഇത്ര പ്രായമുണ്ടാകും എന്ന് ആളുകള്‍ക്ക് അറിയാം. എത്രയൊക്കെ മെയിന്റൈന്‍ ചെയ്താലും ആളുകള്‍ ചോദിക്കും, മമ്മൂട്ടിയുടെ ചേട്ടനല്ലേ എന്ന്.
മമ്മൂട്ടിയെ കുറിച്ച് നെഗറ്റീവ് പറയുന്നവര്‍ വളരെ കുറവാണ്. ഉള്ളില്‍ തട്ടി പറയുന്നതായി തോന്നിയിട്ടില്ല. അധികവും പോസിറ്റീവ് തന്നെയാണ്. നമ്മളൊരു പൊതുഇടത്ത് നില്‍ക്കുമ്പോള്‍ നമ്മുടേതായ രീതി പിന്തുടര്‍ന്നില്ലെങ്കില്‍ ആളുകള്‍ വില കുറച്ച് കാണും. നമ്മളൊരു സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ ആളുകള്‍ പറയും, മമ്മൂട്ടി ഇഷ്ടം പോലെ ഉണ്ടാക്കുന്നുണ്ടല്ലോ, ചിലവാക്കാലോ എന്ന്. സാധാരണ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ ആളുകള്‍ പറയും, മമ്മൂട്ടി ഒരു പൈസ പോലും കൊടുക്കില്ല, പാവം കഷ്ടപ്പാടാണ് എന്ന്. ഇത് രണ്ടും ഫേസ് ചെയ്യണം.
മമ്മൂട്ടിയെ ഇപ്പോഴും ഒരു താരപരിവേഷത്തില്‍ കാണുന്നില്ല. വീട്ടിലെ ഏറ്റവും മുതിര്‍ന്ന ആള്‍, നമ്മള്‍ അനുസരിക്കേണ്ട ആള്‍, നമ്മളെ നിയന്ത്രിക്കേണ്ട ഒരാള്‍, നമ്മുടെ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്ന ഒരാള്‍, നമ്മളെ സേഫ് ആയി സംരക്ഷിക്കുന്ന ഒരാള്‍ ആണ്. വീട്ടില്‍ സംസാരിക്കുന്നത് സാധാരണ പോലെയാണ്. പക്ഷേ ഭയഭക്തി ബഹുമാനത്തോടെയാണ് സംസാരിക്കുക, അല്ലാതെ താരത്തോട് അല്ല.
സഹപ്രവര്‍ത്തകര്‍ എന്നതിനപ്പുറമുളള ഒരു ബന്ധം മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുണ്ട്. അവര്‍ ഏകദേശം ഒരേ സമയത്ത് വന്ന്, 50ലേറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച്, ഒരേ റൂമില്‍ താമസിച്ചിരുന്ന ആളുകളാണ്. കുടുംബമായിട്ടും നല്ല ബന്ധമാണ്. നമ്മളെ സംബന്ധിച്ച് മമ്മൂട്ടിയുടെ സിനിമ ഓടണം, മോഹന്‍ലാലിന്റെ സിനിമ ഓടണം എന്നതല്ല, സിനിമാ വ്യവസായം നിലനില്‍ക്കണം എന്നതാണ്. നല്ല സിനിമ ഓടുമ്പോള്‍ സന്തോഷമാണ്. ലാലിന്റെ പടങ്ങള്‍ തുടര്‍ച്ചയായി ഫ്‌ളോപ്പ് വന്നപ്പോള്‍ എമ്പുരാന്‍ വന്നു, ഇതെങ്കിലും കയറി ഒന്ന് കൊരുക്കണേ എന്നായിരുന്നു കാരണം ലാലും മമ്മൂട്ടിയും നില്‍ക്കണം.
മമ്മൂട്ടിക്ക് വേണ്ടി ശബരിമലയില്‍ പോയതിനെ കുറിച്ച് ലാലിനോട് സംസാരിച്ചിട്ടില്ല. കാരണം നമുക്ക് അറിയാം അദ്ദേഹത്തിന്റെ മനസ്സിലൊരു പ്രാര്‍ത്ഥന ഉണ്ടാകും എന്ന്. ലാലിന് ഒരു ബുദ്ധിമുട്ട് വന്നാല്‍ നമ്മള്‍ പ്രാര്‍ത്ഥിക്കില്ലേ, ഒന്നും വരുത്തല്ലേ എന്ന്. മമ്മൂട്ടി ഇപ്പോള്‍ ഓകെയാണ്, സേഫ് ആണ്. അസുഖമാണെന്ന് പറഞ്ഞ് പുളളി അമേരിക്കയിലും ലണ്ടനിലുമൊന്നും പോയിട്ടില്ല, വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ചെന്നൈയിലെ വീട്ടില്‍ ആയിരുന്നു. അസുഖം വന്ന് ക്ഷീണിച്ച് കിടപ്പിലാണ് എന്നൊന്നും അല്ല. പുള്ളി ഓടിച്ചാടി നടക്കുന്നുണ്ട്''.












Click it and Unblock the Notifications