കേരളത്തിൽ മഴ കുറഞ്ഞതിന് പിന്നിൽ ഈ പ്രതിഭാസം: എന്താണ് മൺസൂൺ ബ്രേക്ക് കണ്ടീഷൻ
തിരുവനന്തപുരം: ജൂൺ മാസം അവസാനിച്ചെങ്കിലും കേരളത്തിൽ മൺസൂൺ ശക്തി പ്രാപിച്ചിട്ടില്ല. മൺസൂൺ ആരംഭിച്ച ശേഷം പെട്ടെന്ന് മഴ ഇല്ലാതാകുന്ന പ്രതിഭാസമാണ് മൺസൂൺ ബ്രേക്ക് എന്ന പേരിൽ അറിയപ്പെടുന്നത്. ചൊവ്വാഴ്ച മുതലാണ് കേരളത്തിൽ മൺസൂൺ ബ്രേക്ക് കണ്ടീഷൻ ആരംഭിക്കുന്നത്. മൺസൂൺ ആരംഭിച്ച ശേഷം കേരളത്തിൽ മഴ കുറഞ്ഞുവെങ്കിലും ഇനി വരുന്ന ദിവസങ്ങളിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ബീഹാർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന വിവരം. അതേ സമയം ജൂലൈ പകുതിയോടെ കേരളത്തിൽ വീണ്ടും മഴ ലഭിച്ച് തുടങ്ങുമെന്നാണ് പ്രവചനം. എന്നാൽ ജൂലൈ പകുതിയോടെ മാത്രമേ കേരളത്തിൽ ശക്തമായ മഴ ലഭിക്കു. അടുത്ത ദിവസങ്ങളിൽ കേരളത്തിലെ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

കഴിഞ്ഞ 39 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമാണിത്. ജൂൺ ഒന്ന് മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 408. 4 മില്ലീമീറ്റർ മഴയാണ് ലഭിച്ചിട്ടുള്ളത്. ജൂൺ മാസത്തിൽ സംസ്ഥാനത്ത് 643 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടത്. സാധാരണ വർഷങ്ങളെ അപേക്ഷിച്ച് 36 ശതമാനം കുറവ് മഴയാണ് ലഭിച്ചിട്ടുള്ളത്. നേരത്തെ 1983ൽ 322 മില്ലിമീറ്റർ മഴയും 2019ൽ 358.5 മില്ലിമീറ്റർ മഴയും ലഭിച്ചിരുന്നു. എന്നാൽ 2013ൽ ആയിരുന്നു ഏറ്റവുമധികം മഴ ലഭിച്ചത്. 1042. 7 മില്ലിമീറ്റർ മഴയാണ് ലഭിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ 55 ശതമാനം കുറവും പാലക്കാട് 50 ശതമാനം കുറവുമാണ് മഴ ലഭിച്ചിട്ടുള്ളത്.












Click it and Unblock the Notifications