തലച്ചോർ തിന്നുന്ന അമീബ, എന്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ്? ലക്ഷണങ്ങള്‍; അറിയേണ്ടതെല്ലാം
ആലപ്പുഴയില്‍ 15 കാരന്‍ അപൂര്‍വ രോഗം ബാധിച്ച് മരിച്ചതിന്റെ ഞെട്ടലിലാണ് കേരളം. ഇതിന് മുന്‍പ് അത്ര കേട്ട് പരിചയമില്ലാത്ത പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് നെയ്ഗ്ലേരിയ ഫൗളറി എന്ന രോഗം ബാധിച്ചാണ് പനാവള്ളി സ്വദേശിയായ കുട്ടി മരിച്ചിരിക്കുന്നത്. പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന് പറയുന്നത് അപൂര്‍വ മസ്തിഷ്‌ക അണുബാധയാണ്. എങ്ങനെയാണ് പടരുന്നത് എന്നും എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നും പരിശോധിക്കാം.
നെയ്‌ഗ്ലേരിയ ഫൗളറി ഒരു അമീബയാണ് ഈ രോഗത്തിന് ഇടയാക്കുന്നത്. മൈക്രോസ്‌കോപ്പ് ഇല്ലാതെ കാണാന്‍ കഴിയാത്തത്രയും സൂക്ഷ്മമായ ഏകകോശ ജീവിയാണിത്. ചെളി വെള്ളമുള്ള ജലാശയങ്ങളിലാണ് പൊതുവെ ഇവയെ കണ്ടുവരുന്നത്. മലിനജലമുള്ള കുളം, തോട്, പുഴ, അരുവി തുടങ്ങിയ ജലാശയങ്ങളില്‍ മുങ്ങി കളിക്കുന്നത് വഴിയാണ് ഇവ മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത്.

മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരാന്‍ കാരണമാകും. മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് രോഗാണുക്കള്‍ തലച്ചോറിലേക്ക് പ്രവേശിക്കുന്നത്. ഈ രോഗാണുക്കള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയും മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുകയും ചെയ്യും. മലിനമായ ജലവുമായി സമ്പര്‍ക്കം പുലര്‍ത്തി ഒന്ന്, രണ്ടാഴ്ചകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങും.
മണത്തിലോ രുചിയിലോ ഉള്ള മാറ്റം അനുഭവപ്പെടുന്നതാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് കലശലായ തലവേദന, ഓക്കാനം, പനി, ഛര്‍ദ്ദി, അപസ്മാരം എന്നിവയും രോഗിക്കും അനുഭവപ്പെടും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കഴുത്ത് വേദന, അപസ്മാരം, മാനസിക പ്രശ്‌നം വിഭ്രാന്തി എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
രോഗിയെ കോമാ സ്റ്റേജിലേക്ക് തള്ളി വിടാന്‍ പോലും സാധിക്കുന്ന അണുബാധയാണ്. ആംഫോട്ടെറിസിന്‍ ബി, അസിത്രോമൈസിന്‍, ഫ്‌ലൂക്കോണസോള്‍, റിഫാംപിന്‍, മില്‍റ്റെഫോസിന്‍, ഡെക്‌സമെതസോണ്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളിലൂടെയാണ് രോഗത്തെ ചികിത്സിക്കുന്നത്. 2017 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കാതിരിക്കുക എന്നതാണ് രോഗം വരാതിതിരിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം. മലിന ജലം ഉപയോഗിച്ച് കൈകാലുകളും മുഖവും കഴുകാതിരിക്കുക. വീടിന്റെ പരിസരങ്ങളിലും മറ്റും മലിന ജലം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. മഴക്കാലയമായതിനാല്‍ തന്നെ ഇത്തരം വെള്ളക്കെട്ടുകള്‍ രൂപപ്പെടാന്‍ സാധ്യത കൂടുതലാണ്.












Click it and Unblock the Notifications