ഒരാനക്കെന്ത് വില വരും?
തൃശൂര്‍: 'ആശിച്ചവനാകാശത്തീന്നൊരാനേ കിട്ടീ...' എന്നൊക്കെ ജയസൂര്യക്ക് സിനിമയില്‍ പാടാം. പക്ഷേ കേരളത്തില്‍ ഇന്നൊരു ആനയെ കിട്ടുക എന്ന് വച്ചാല്‍ വലിയ വിഷമമാണത്രെ.
വെറുതേ ഉത്സവത്തിന് എഴുന്നള്ളിക്കാനോ, കൂപ്പില്‍ മരം പിടിപ്പിക്കാനൊ ചിലപ്പോള്‍ ആനയെ കിട്ടിയെന്നിരിക്കും. പക്ഷേ സ്വന്തമായി ഒന്നിനെ വാങ്ങണമെങ്കില്‍ കുടുങ്ങിയത് തന്നെ.

കേരളത്തിലെ ആനവില ഒന്നര കോടി രൂപയോളം വരും എന്നാണ് മാതൃഭൂമിയിലെ വാര്‍ത്ത. കഴിഞ്ഞ വര്‍ഷം വരെ 30 ലക്ഷം വരെ വിലയുണ്ടായിരുന്ന ആനകള്‍ക്കാണത്രെ ഇപ്പോള്‍ അഞ്ചിരട്ടിയോളം വില കൂടിയത്.
ആന വില്‍പന പക്ഷേ ഇപ്പോള്‍ കേരളത്തില്‍ നിയമ വിരുദ്ധമാണ്. രേഖകളൊന്നും ഇല്ലാതെ, പരസ്പര ധാരണയുടെ അടിസ്ഥാനത്തിലുള്ള കൈമാറ്റങ്ങളാണത്രെ ഇപ്പോള്‍ നടക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലേക്ക് പുതിയ ആനകള്‍ വന്നിട്ടില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാട്ടില്‍ നിന്ന് ആനയെ പിടിക്കുന്ന പരിപാടി നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി. ബീഹാറില്‍ നിന്നായിരുന്നു പിന്നീട് ആനകളെ വാങ്ങിയിരുന്നത്. ഇപ്പോള്‍ അതും നടക്കുന്നില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാത്രം 15 നാട്ടാനകളാണ് ചരിഞ്ഞത്. ആനകളുടെ എണ്ണം കുറയുമ്പോള്‍ ശേഷിക്കുന്നവയുടെ ജോലിഭാരമാണ് കൂടുന്നത്. ജോലിഭാരം കൂടുന്നതുകൊണ്ടാണ് ആനകള്‍ അക്രമാസക്തരാകുന്നതെന്നും പറയപ്പെടുന്നുണ്ട്.
സാധാരണ ആനയുടെ വിലയാണ് ഇപ്പോള്‍ ഒന്നര കോടി രൂപയിലെത്തി എന്ന് പറയുന്നത്. ആനകളിലെ സൂപ്പര്‍ സ്റ്റാറുമാരുടെ വില ഇതിനേക്കാള്‍ കൂടും. ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കാന്‍ വാങ്ങിക്കുന്ന ഏക്കത്തുകയിലും ഒരു വര്‍ഷം കൊണ്ട് വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications