കേരളത്തിലെ രണ്ടാമത്തെ വലിയ ഭാഷ ഇംഗ്ലീഷാണോ ഹിന്ദിയാണോ കന്നഡയാണോ അതോ...
മലയാളികളുടെ മാതൃഭാഷ ഏതാണ് എന്ന് ചോദിച്ചാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. മലയാളി എന്ന പേരില്‍ തന്നെ നമ്മുടെ മാതൃഭാഷയായ മലയാളം ഉണ്ട്. കേരളത്തില്‍ ജീവിക്കുന്ന 96 ശതമാനത്തില്‍ കൂടുതല്‍ പേരുടെ മാതൃഭാഷയാണ് മലയാളം എന്നാണ് കണക്ക്. കഴിഞ്ഞില്ല, കേരളത്തിന്റെ ഭരണഭാഷയും മലയാളം തന്നെ. കേരളത്തിലെ സ്‌കൂളുകളില്‍ മലയാളം പഠനവും നിര്‍ബന്ധം.
ഇങ്ങനെയൊക്കെയാണ് മലയാളത്തിന്റെ കാര്യങ്ങള്‍ എന്നിരിക്കേ, ഏതായിരിക്കും കേരളത്തില്‍ കൂടുതലായി സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ. ഇംഗ്ലീഷാണോ. സാമാന്യം ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരാണ് മലയാളികള്‍. എങ്കിലും കേരളത്തിലെ രണ്ടാമത്തെ ഭാഷ ഇംഗ്ലീഷല്ല. രാഷ്ട്രഭാഷ എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഹിന്ദിയാണോ. ബംഗാളികളും വടക്കേയിന്ത്യക്കാരും ഇഷ്ടം പോലെയുണ്ടെങ്കിലും കേരളത്തിലെ രണ്ടാമത്തെ ഭാഷ ഹിന്ദിയുമല്ല.

അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയോടും തമിഴ്‌നാടിനോടും ചേര്‍ന്ന് ജീവിക്കുന്ന ഒരുപാട് പേര്‍ നമ്മുടെ നാട്ടിലുണ്ട്. എങ്കില്‍ സ്വഭാവികമായും ഇതിലൊന്നായിരിക്കും രണ്ടാമത്തെ ഭാഷ എന്ന് കരുതാം. സംഭവം ശരിയാണ്. കാസര്‍കോട്, വയനാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലക്കാരിലെ കുറച്ച് പേര്‍ സംസാരിക്കുന്ന കന്നഡയെ പിന്തള്ളി തമിഴാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയായി പരിഗണിക്കപ്പെടുന്നത്.
കേരളത്തിലെ രണ്ടാമത്തെ ഭാഷ തമിഴാണെങ്കില്‍ തമിഴ്‌നാട്ടിലെ സ്ഥിതി എന്താണ്. തമിഴ്‌നാട്ടിലെ രണ്ടാമത്തെ ഭാഷ മലയാളമാണോ. അല്ല. തെലുങ്കാണ് തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ ഭാഷ. കര്‍ണാടകയിലും ആന്ധ്രപ്രദേശിലും ഉര്‍ദുവും. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമല്ല, ഇന്ത്യയില്‍ എവിടെയും മലയാളം രണ്ടാം ഭാഷയായി ഇല്ല. ഉര്‍ദു, ഹിന്ദി, ഭിലി, പഞ്ചാബി എന്നിങ്ങനെ പോകുന്നു രണ്ടാം ഭാഷകളിലെ മുമ്പന്‍മാര്‍.












Click it and Unblock the Notifications