എന്താണ് സ്വർണവിലയിലെ പുതിയ ട്രെൻഡ്? വരും ദിവസങ്ങളും നിർണായകം, വില കൂപ്പുകുത്തും?
എറെ നാൾ വില ഉയർന്ന് പോയിക്കൊണ്ടിരുന്ന സ്വർണം ഇപ്പോൾ തിരിച്ചിറക്കത്തിന്റെ പാതയിലാണ്. 2026 അവസാനത്തോടെ സ്വർണ വില 2 ലക്ഷം തൊടും എന്നുളള പഴയ പ്രവചനങ്ങളെയൊക്കെ കാറ്റിൽപ്പറത്തിക്കൊണ്ട് സ്വർണവില ഇപ്പോൾ 1 ലക്ഷത്തിനും താഴേക്ക് വീണിരിക്കുകയാണ്. വരും ദിവസങ്ങളിൽ എങ്ങോട്ടേക്കാണ് സ്വർണവിലയുടെ ട്രെൻഡ് എന്ന് സീ ന്യൂസ് മലയാളത്തോട് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് പ്രതികരിക്കുന്നു.
അരുൺ മാർക്കോസിന്റെ വാക്കുകൾ: ''സ്വര്‍ണവ്യാപാരം വളരെ മന്ദീഭവിച്ച കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ 1 വര്‍ഷക്കാലമായി 1 ലക്ഷത്തിന് മുകളില്‍ ആയിരുന്നും ഒരു പവന് സ്വര്‍ണത്തിന്റെ വില. അത് ഈ അടുത്ത കാലത്തായി പെട്ടെന്ന് താഴേക്ക് പതിക്കുകയും ഇപ്പോള്‍ 1 ലക്ഷത്തിന് താഴേക്ക് എത്തിയിരിക്കുകയുമാണ്. ഇത് സ്വര്‍ണവ്യാപാരത്തെ ബാധിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

വില സ്ഥിരതയുണ്ടെങ്കില്‍ സ്വര്‍ണ വ്യാപാരം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ വീണ്ടും കുറയുന്ന ഒരു ട്രെന്‍ഡ് ആണ് നിലവില്‍ കാണുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ സംഘര്‍ഷം നടക്കുകയാണെന്ന് എല്ലാവര്ക്കും അറിയാം. ഇറാന്-അമേരിക്ക സംഘര്‍ഷം അതിനെ തുടര്‍ന്ന് ഹൂതികള്‍ക്കും സൗദി പോലുളള അറബ് രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നു.
ഇതിനെ തുടര്‍ന്ന് ക്രൂഡ് ഓയിലിന്റെ വില ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇതോടെ സ്വര്‍ണത്തില്‍ നിന്ന് മാറി ആളുകളുടെ നിക്ഷേപങ്ങള്‍ ക്രൂഡ് ഓയിലിലേക്കും ഡോളറിലേക്കുമൊക്കെ മാറുകയാണ്. ഈ മാറ്റമാണ് സ്വര്‍ണവിലയെ വലിയ തോതില്‍ ബാധിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഒരു യുദ്ധം ഉണ്ടായാല്‍ ആ യുദ്ധം സ്വര്‍ണവിലയെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. പക്ഷേ ഇത്തവണ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഉണ്ടായിരിക്കുന്ന യുദ്ധം സ്വര്‍ണവിലയെ വലിയ തോതില്‍ കൂപ്പ് കുത്തിക്കുകയാണ് ചെയ്തത്. അത് തുടര്‍ന്നും വില കുറയാനുളള സാധ്യതയാണ് കാണുന്നത്.
നിലവിലെ ട്രെന്‍ഡ് അനുസരിച്ച് വരും ദിവസങ്ങളിലും സ്വര്‍ണവില കുറയാന്‍ സാധ്യതയാണ്. പക്ഷേ അത് എവിടം വരെ പോകും എന്നത് സംശയമാണ്. ഈയടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില ചെറിയ തോതില്‍ വര്‍ധിക്കുന്ന ഒരു സാഹചര്യം കണ്ടിരുന്നു. പക്ഷേ അത് ഇന്ത്യയില്‍ മാത്രമുണ്ടായ ഒരു ചെറിയ പ്രതിഭാസമാണ്. അത് ദീപാവലിയോടൊക്കെ അനുബന്ധിച്ച് വ്യാപാരം കൂടുതലായി നടക്കും എന്നുളള പ്രതീക്ഷയില്‍ ഉണ്ടായ ഒരു മാറ്റമായിരുന്നു. അത് വീണ്ടും തിരിച്ച് ഒരു നെഗറ്റീവ് ട്രെന്‍ഡിലേക്കാണ് പോകുന്നത്''.



Click it and Unblock the Notifications
