ആളൂർ എന്ത് ചെയ്യണമായിരുന്നു? രാമ രാമ ചൊല്ലി ജീവിക്കണമായിരുന്നോ? തുറന്നടിച്ച് അഭിഭാഷകൻ
ഗോവിന്ദച്ചാമി മുതലുളള കുപ്രസിദ്ധ കുറ്റവാളികളുടെ വക്കീലെന്ന് പേരുകേട്ട അഡ്വക്കേറ്റ് ബി എ ആളൂരിന്റെ മരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സൌമ്യ വധക്കേസിലും പെരുമ്പാവൂർ കേസിലും കൂടത്തായി കേസിലുമെല്ലാം പ്രതികൾക്ക് വേണ്ടി ഹാജരായാണ് ആളൂർ വാർത്തകളിൽ ഇടം പിടിച്ചത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് ആളൂരിന്റെ മരണം. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ അദ്ദേഹത്തിന്റെ മരണത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് രംഗത്ത് വരികയുണ്ടായി. ക്രിമിനലുകൾക്ക് വേണ്ടി വാദിക്കുന്ന വക്കീലായത് കൊണ്ട് ഈ മരണം ആളൂർ അർഹിക്കുന്നു എന്ന തരത്തിലാണ് പലരുടേയും പ്രതികരണം. ഇത്തരം വാദങ്ങളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ സജീവമായ അഭിഭാഷകനായ ശ്രീജിത്ത് പെരുമന.

ഫേസ്ബുക്കിൽ ശ്രീജിത്ത് പങ്കുവെച്ച കുറിപ്പ് വായിക്കാം: '' അപ്രതീക്ഷിതമായി കടന്നുപോയ ആളൂർ വക്കീലിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു. മരണസമയം എന്ന ഔചിത്യം പോലും കാണിക്കാതെ ആളൂരിന്റെ മരണം ആഘോഷിച്ച ഒരുപറ്റം അപരിഷ്കൃത സമൂഹത്തിനും അപ്പുറം വിവേകവും, സ്നേഹവുമുള്ള ഒരു സമൂഹം അദ്ദേഹത്തെ യാത്രയാക്കാൻ എത്തിയിരുന്നു. വക്കീൽ എന്ന തൊഴിലെടുക്കാൻ നിയമപരമായി ക്വാളിഫൈ ചെയ്ത ഒരു അഭിഭാഷകനായിരുന്നു അഡ്വ ആളൂർ.
തന്റെ കക്ഷിയുടെ ( വാദിയാണെങ്കിലും /പ്രതിയാണെങ്കിലും ) ഭാഗം വാദിക്കുക എന്നതാണ് വക്കീലിന്റെ ജോലി. ബിഎ ആളൂർ ചെയ്തത് വക്കീലിൻ്റെ ജോലി മാത്രമാണ്... അയാളുടെ കക്ഷികൾ കുപ്രസിദ്ധരായതുകൊണ്ട് അവർക്ക് വേണ്ടി വാദിച്ചു എന്ന പേരിൽ അതായത് സ്വന്തം പണി മര്യാദയ്ക്ക് ചെയ്ത അയാളെ കുരിശിൽ കേറ്റണം എന്ന നിലപാടെടുത്ത ആൾക്കൂട്ടത്തോട് പരമപുച്ഛം മാത്രം.
ആളൂർ അന്തരിച്ചു, "ഒരു മരണവാർത്ത കേട്ടിട്ട് ചിരിവരുന്നത് ആദ്യം" എന്ന നിലയിലുള്ള കമന്റുകൾ വരെ കണ്ടു, നിങ്ങളുടെ ജീവിതം തകർക്കുന്ന രീതിയിലുള്ള പാതകമൊന്നും നിങ്ങളോട് ചെയ്യാത്ത ഒരു മനുഷ്യന്റെ മരണവാർത്ത കേട്ട് ചിരി വരുന്നെങ്കിൽ നിങ്ങൾക്ക് കാര്യമായ എന്തോ പ്രശ്നം ഉണ്ടെന്ന് വേണം കരുതാൻ!
ആ ലോജിക്ക് വെച്ച് നാളെ വാദികൾക്ക് വേണ്ടി മാത്രം വക്കീലന്മാർ ഹാജരായാൽ മതിയെന്ന് വെക്കാമല്ലോ! ക്രിമിനൽ ലോയേഴ്സ് തൽക്കാലം പേര് മാത്രം വെച്ച് ഓഫീസിലിരിക്കട്ടെ.. എനിക്കിഷ്ടമല്ലാത്ത ഒരു കാര്യം നിങ്ങൾ ചെയ്തു. അത് കൊണ്ട് നിങ്ങളെ എനിക്കിഷ്ടമല്ല, നിങ്ങള് ചാവട്ടെ, സന്തോഷം! എനിക്ക് ഇഷ്ടമല്ലാത്ത ഒരാളെ നിങ്ങള് സഹായിച്ചു, അതുകൊണ്ട് നിങ്ങളെ എനിക്കിഷ്ടമല്ല, നിങ്ങള് ചാവട്ടെ, സന്തോഷം! എനിക്ക് ഇഷ്ടമല്ലാത്ത ഒരാൾക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തു, അതുകൊണ്ട് നിങ്ങളെ എനിക്കിഷ്ടമല്ല, നിങ്ങള് ചാവട്ടെ, സന്തോഷം! ഇത്തരം മനോനിലയാണോ നിങ്ങൾക്ക്? വളരൂ എന്ന് മാത്രമേ പറയാനാകൂ.
അഡ്വ.ആളൂർ ആരെയും പീഡിപ്പിട്ടിട്ടില്ല.. മോഷണം നടത്തിയിട്ടില്ല.. രാജ്യദ്രോഹം നടത്തിയിട്ടില്ല.. കൊന്നിട്ടില്ല, പറ്റിച്ചിട്ടില്ല, വക്കീൽ പണി എടുക്കാതെ അദ്ദേഹം എന്ത് ചെയ്യണമായിരുന്നു. രാമ രാമ ചൊല്ലി ജീവിക്കണമായിരുന്നോ..? മികച്ച ക്രമിനൽ വക്കീൽ ആകുക അങ്ങനെ അറിയിപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ കുപ്രസിദ്ധമായ കേസുകളിൽ അദ്ദേഹം ഹാജരായതും വാദിച്ചതും എന്നതിൽ ആർക്കും സംശയം വേണ്ട. സ്വന്തമായി പരസ്യം ചെയ്ത് കക്ഷികളെ പിടിക്കാൻ വിലക്കുള്ള ഏക പ്രോഫഷനാണ് അഭിഭാഷകവൃത്തി എന്നത്.
ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും വധക്കേസുകളിൽ എന്തിന് മഹാത്മാഗാന്ധിയുടെ കൊലപാതകികൾക്ക് പോലും വാദിക്കാൻ വക്കീൽ ഉണ്ടായിരുന്നു എന്നോർക്കണം. അവർ അവരുടെ തൊഴിലാണ് ചെയ്യുന്നതെന്നും ചെയ്യുന്ന തൊഴിലിൽ മികവുകാണിക്കാനാണ് എല്ലാവരും ശ്രമിക്കകയെന്നും ഓർക്കുക. ക്രമനിനലുകൾക്ക് വാദിക്കാനായിഎത്തുന്നവരെല്ലാം ക്രമിനലുകൾ ആണെന്നോ ക്രൂരൻമാർ ആണെന്നോ ധരിക്കുന്നത് മൗഢ്യമല്ലാതെ പിന്നെന്താണ്.
ക്രിമിനൽ വക്കീല് പിന്നെ ആർക്കു വേണ്ടിയാണ് വാദിക്കേണ്ടത്.. പോലീസും പബ്ലിക് പ്രോസിക്യൂട്ടർമാരും അവരുടെ പണി മര്യാദക്ക് ചെയ്താൽ ഒരു ക്രിമിനൽ വക്കീലിനും ക്രിമിനലുകളെ രക്ഷിക്കാൻ സാധിക്കില്ല.. അവരുടെ ജോലി അവർ ചെയ്യാതെ വരുമ്പോൾ മാത്രമാണ് പ്രതികൾ രക്ഷപ്പെടുന്നത്.. മരണം ആർക്കും സംഭവിക്കും നാളെ ഞാനും നിങ്ങളും ഒക്കെ മരിക്കും.. മരണങ്ങൾ എല്ലാം പാപത്തിൻ്റെ ശിക്ഷയാണെങ്കിൽ ഈ ലോകത്ത് എല്ലാവരും പാപികളാണ്. രണ്ട് മുൻപ് ഒരുപാട് സംസാരിച്ച ഒരാൾ കടന്നുപോകുമ്പോൾ അത് അത്രമേൽ സങ്കടകരമാണ്. ആദരം അഡ്വ ബി എ ആളൂർ''.


Click it and Unblock the Notifications