അന്ന് എന്നോട് ചെയ്തത് ഇന്ന് തമിഴ്നാട് മന്ത്രിയോടും ചെയ്യുന്നു: കേന്ദ്രത്തിനെതിരെ പി രാജീവ്
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ യാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് കഴിഞ്ഞ മാസം വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ സെക്രട്ടറിക്ക് അനുമതി നല്‍കുകയും കേരളത്തില്‍ നിന്നുള്ള മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും അനുമതി നിഷേധിക്കുകയും ചെയ്‌തൊരു അസാധാരണ നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അന്നുണ്ടായത്.
കേരളത്തിലെ മന്ത്രിക്ക് മാത്രമല്ല സമാനമായ രീതിയിലുള്ള അനുഭവം തമിഴ്നാട്ടിലെ ഐടി മന്ത്രി പളനിവേൽ ത്യാഗരാജനും ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍. ബി ജെ പി ഇതര പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഏത് വിധേനയും താഴ്ത്തിക്കെട്ടാനും അവർ സ്വന്തം നിലയ്ക്ക് പോലും മറ്റിടങ്ങളിൽ ശ്രദ്ധിക്കപ്പെടാതിരിക്കാനുമാണോ ഇത്തരം നടപടികളെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പി രാജീവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാലകളിൽ അവരുടെ ക്ഷണം സ്വീകരിച്ച് ക്ലാസെടുക്കുന്നതിനായി പോകാൻ തമിഴ്നാട് ഐടി മന്ത്രി ശ്രീ. പളനിവേൽ ത്യാഗരാജന് യൂണിയൻ ഗവണ്മെൻ്റ് സന്ദർശനാനുമതി നിഷേധിച്ച സംഭവം അദ്ദേഹം ന്യൂസ് മിനുട്ട് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ആദ്യം അനുമതി നിഷേധിച്ചത് ക്ഷണിച്ച ആളുടെ പദവിയുടെ മാനദണ്ഡം പറഞ്ഞായിരുന്നു. എന്നാൽ ഈ അനുമതി നിഷേധം വന്ന് മണിക്കൂറുകൾക്കുള്ളിൽ ഏറ്റവും ഉയർന്ന പദവിയിലുള്ള ആൾ ഔദ്യോഗിക ക്ഷണപ്പത്രം നൽകുകയും ശ്രീ. പളനിവേൽ ത്യാഗരാജൻ വീണ്ടും യൂണിയൻ ഗവണ്മെൻ്റിനോട് സന്ദർശനാനുമതി തേടുകയും ചെയ്തിരുന്നു.
എന്നിട്ടും അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. എം ഐ ടി, ഹാർവാർഡ്, കെന്നഡി സ്കൂൾ ഓഫ് ഗവണ്മെൻ്റ്, ബ്രൗൺ തുടങ്ങിയ ഏറ്റവും വലിയ എട്ടോളം സർവകലാശാലകളിൽ പ്രഭാഷണം നടത്താൻ ഇന്ത്യയിലെ ഒരു മന്ത്രിയെ തെരഞ്ഞെടുക്കുക എന്നത് നമുക്കെല്ലാവർക്കും അഭിമാനകരമായ ഒരു കാര്യമല്ലേ. എന്നാൽ ഒരു കാരണവുമില്ലാതെ അനുമതി നിഷേധിക്കാനാണ് യൂണിയൻ ഗവണ്മെൻ്റ് ഈ അവസരം ഉപയോഗപ്പെടുത്തിയത്.
ഇന്ന് ഇക്കാര്യം വായിച്ചപ്പോഴാണ് കഴിഞ്ഞ മാസം കേരളത്തിൻ്റെ ഒരവസരവും യൂണിയൻ ഗവണ്മെൻ്റ് ഇത്തരത്തിൽ അകാരണമായി ഇല്ലാതാക്കിയത് ഓർമ്മയിൽ വന്നത്. 87 വർഷത്തിനിടെ ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് അഡ്മിനിസ്ട്രേഷൻ സംഘടനയായ അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ ഇന്ത്യയിലെ ഒരു പദ്ധതിക്ക് അവാർഡ് നൽകുന്നത് 2025ലാണ്.
കേരളത്തിൻ്റെ സംരംഭക വർഷം പദ്ധതി നോവൽ ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്ന നിലയിൽ ആ സംഘടനയുടെ അംഗീകാരം നേടുകയും ഈ പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ വ്യവസായമന്ത്രി എന്ന നിലയിൽ എന്നെയും വ്യവസായവകുപ്പ് ഉദ്യോഗസ്ഥരെയും ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രത്യേകമായ ഒരു കാരണവും ചൂണ്ടിക്കാട്ടാതെ അനുമതി നിഷേധിക്കുകയാണ് യൂണിയൻ ഗവണ്മെൻ്റ് ചെയ്തത്. കേരളവും ഇന്ത്യയും ലോകത്തിന് മുന്നിൽ ശ്രദ്ധിക്കപ്പെടുമായിരുന്ന ഒരവസരം ഇല്ലാതാക്കുകയാണ് ഇതിലൂടെ യൂണിയൻ ഗവണ്മെൻ്റ് ചെയ്തത്.
ഞങ്ങൾക്കുണ്ടയത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് തമിഴ്നാട് മന്ത്രിയുടെ അഭിമുഖം സൂചിപ്പിക്കുന്നത്. ബി ജെ പി ഇതര പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഏത് വിധേനയും താഴ്ത്തിക്കെട്ടാനും അവർ സ്വന്തം നിലയ്ക്ക് പോലും മറ്റിടങ്ങളിൽ ശ്രദ്ധിക്കപ്പെടാതിരിക്കാനുമാണോ ഇത്തരം നടപടികളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇതിന് മുൻപ് കേരളത്തിൽ പ്രളയമുണ്ടായപ്പോഴും ലോകരാഷ്ട്രങ്ങളുടെ സഹായം കേരളത്തിന് ലഭിക്കാതിരിക്കാനുള്ള ഇടപെടൽ യൂണിയൻ ഗവണ്മെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളോടും അവിടങ്ങളിൽ അധികാരത്തിലുള്ള മന്ത്രിമാരോടും യൂണിയൻ ഗവണ്മെൻ്റ് സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ ജനാധിപത്യത്തിന് ഭൂഷണമല്ല.












Click it and Unblock the Notifications