ദിയയുടെ സ്ഥാപനത്തില്‍ കണ്ടെത്തിയത് 69 ലക്ഷം രൂപയുടെ തട്ടിപ്പല്ല; ക്യുആര്‍ കോഡ് വഴി വകമാറ്റിയത് ഇത്ര രൂപ
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ ഫാന്‍സി ആഭരണ ഷോപ്പില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ മുന്‍ ജീവനക്കാരികള്‍ക്ക് കുരുക്കു മുഴുകുന്നു. ക്യുആര്‍ കോഡില്‍ തിരിമറി നടത്തി സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തി എന്നായിരുന്നു കേസ്.
ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ടു ജീവനക്കാരികള്‍ കീഴടങ്ങിയിരുന്നു. വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി കീഴടങ്ങിയത്. കേസിലെ ഒരു പ്രതിയായ ദിവ്യ ഇപ്പോഴും ഒളിവിലാണ്.

കീഴടങ്ങിയ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നത്. 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. പതിനായിരത്തില്‍ താഴെയാണ് ഇവര്‍ക്ക് ദിയയുടെ സ്ഥാപനത്തില്‍ ശമ്പളം ഉള്ളത്. എന്നാല്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം കവടിയാറാണ് ദിയയുടെ സ്വന്തം സ്ഥാപനമായ ഓ ബൈ ഓസി എന്ന സ്ഥാപനമുള്ളത്. ഇവിടെ ആഭരണം വാങ്ങാന്‍ എത്തുന്ന ഉപഭോക്താക്കളോട് സ്ഥാപനത്തിന്റെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ല എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങനെ നിരവധി പേരില്‍ നിന്ന് പണം വാങ്ങുകയും ചെയ്തു. ദിയ ഗര്‍ഭിണിയായിരുന്ന സമയം മുതലെടുത്താണ് മൂന്നു പേരും തട്ടിപ്പ് നടത്തിയത്.
ജീവനക്കാരികള്‍ സ്വന്തം ക്യുആര്‍ കോഡ് കാണിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇവിടെ വന്ന ഉപഭോക്താക്കളില്‍ ഒരാള്‍ ദിയയുടെ കുടുംബത്തെ വിളിച്ച് സംശയം പ്രകടിപ്പിച്ചതോടെയാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഇതിനു പിന്നാലെ ദിയയുടെ കുടുംബം സ്വന്തം നിലയില്‍ ജീവനക്കാരോടു തട്ടിപ്പ് സംബന്ധിച്ച് ചോദിക്കുമ്പോള്‍ കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
തട്ടിപ്പിനെ പ്രതിരോധിക്കാനായി കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തട്ടിക്കൊണ്ടു പോകല്‍, പീഡനം ഉള്‍പ്പെടെയുള്ള പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഈ കേസുകളില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും ജാമ്യം ലഭിച്ചിരുന്നു. കേസിലെ മൂന്നാം പ്രതി ദിവ്യ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. മ്യൂസിയം പൊലീസ് പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. ദിവ്യയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.
40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പു സംബന്ധിച്ച വ്യക്തത വന്നതോടെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. തട്ടിയെടുത്ത പണം ജീവനക്കാരുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. വിനീതയയും രാധാകുമാരിയും കീഴടങ്ങിയെങ്കിലും അന്വേഷണവുമായി പ്രതികള്‍ പൂര്‍ണമായും സഹകരിച്ചില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുകൊണ്ടുതന്നെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനായി കോടതിയില്‍ അപേക്ഷ നല്‍കും.












Click it and Unblock the Notifications